ആന്റണി ചടയംമുറി
ശമ്പളം കുടിശ്ശികയായതുമൂലം ആത്മഹത്യ ചെയ്യുന്നവര്‍ വര്‍ധിക്കുക യാണ്. എങ്കിലും അതിദരിദ്രരില്ലാത്ത കേരളത്തെക്കുറിച്ച് ഭരണപക്ഷം വാചാലമാണ്. 2025 നവംബര്‍ 1-ന് മുഖ്യമന്ത്രി കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ, സര്‍ക്കാര്‍ ആനുകൂല്യങ്ങളും വേതനവും സഹായവുമെല്ലാം ലഭിക്കാതെ ദിവസേന ആത്മഹത്യകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇടതുപക്ഷത്തെ സ്‌നേഹിക്കു ന്നവര്‍ പോലും ആ പക്ഷത്ത് ഇന്ന് ഉറച്ചു നില്‍ക്കുന്നില്ല. കാരണം നയവ്യതിയാനങ്ങളുടെ വിളര്‍ച്ച തന്നെ. പത്തൊമ്പതു വര്‍ഷം മുമ്പ് മരിച്ചുപോയ ഒരു ഇടതുപക്ഷ സൈദ്ധാന്തികനുണ്ട്. കക്ഷി അമേരിക്കക്കാരനാണ്. പേര്: മുറെ ബുക്ക്ചിന്‍ (Murray Bookchin). കടുത്ത കമ്മ്യൂണിസ്റ്റും പരിസ്ഥിതി വാദിയുമായിരുന്നു മുറെ. ആഗോള വല്‍ക്കരണത്തിനെതിരെയായിരുന്നു മുറെയുടെ മിക്ക ഗ്രന്ഥങ്ങളും. മുറെയെക്കുറിച്ച് ചില കാര്യങ്ങള്‍ മാത്രം പറയാം: ലാഭമാത്രാധിഷ്ഠിതമായ വ്യാവസായിക സമ്പദ്ഘടന സൃഷ്ടിക്കുന്ന കൃത്രിമ പരിസ്ഥിതി മനുഷ്യകുലത്തിനു ദോഷം ചെയ്യുമെന്ന് 60 വര്‍ഷം മുമ്പേ അദ്ദേഹം പറഞ്ഞു.
1945-46 ല്‍ നടന്ന പ്രഖ്യാതമായ ജനറല്‍ മോട്ടോഴ്‌സ് സമരത്തിന്റെ സംഘാടക നിരയിലുണ്ടായിരുന്ന അദ്ദേഹം 1952-ല്‍ അമിതമായ ലാഭം പ്രതീക്ഷിച്ച് ഭക്ഷണത്തില്‍ കലര്‍ത്തുന്ന രാസക്കൂട്ടുകളെപ്പറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തില്‍ ജനാധിപത്യത്തിന്റെ മുഖാമുഖദര്‍ശനം സാധിതമാകേണ്ടത് ശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാകണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ ഇന്ന് അതേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പോലും തരികിട നടത്തുന്നതായാണ് പരാതി ഉള്ളത്. മുറെയുടെ സൈദ്ധാന്തികപാത പൂര്‍ണ്ണമായും ഉപേക്ഷിക്കാനും ആഗോളവല്‍ക്കരണത്തെ എല്ലാ തത്വങ്ങളും കാറ്റില്‍പറത്തി പൂണ്ടടക്കം പുണരാനും കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷം സന്നദ്ധത കാണിക്കുന്നു. ഇതുമൂലം ചുവപ്പിന്റെ പളപളപ്പ് കൊടിയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞുവെന്ന് ചിന്തിക്കുന്നവരുണ്ട്.
സാമൂഹ്യനീതി അപ്രത്യക്ഷമാകുകയോ?
തൊഴിലെടുത്താല്‍ കൂലി കിട്ടാതെ വരികയും അധ്വാനിച്ച് ജീവിതം പുലര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്ന ഈ ദിനങ്ങളില്‍ നാം സാക്ഷ്യം വഹിക്കുന്നത് സാമൂഹിക നീതിയുടെ തിരസ്‌കരണമാണ്. ഉദാഹരണം കേരള പൊലീസില്‍ നിന്ന് തന്നെയാകട്ടെ. 2019 ജനുവരി മാസം മുതലുള്ള കണക്കനുസരിച്ച് 81 പൊലീസുകാര്‍ ജോലി സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തു കഴിഞ്ഞു. കത്തോലിക്കാസഭയുടെ എല്ലാ സാമൂഹിക പ്രബോധനങ്ങളുടെയും സത്തയെന്നു പറയുന്നത് മനുഷ്യനും അവന്‍ ജീവിക്കേണ്ട നീതിപൂര്‍വകമായ സമൂഹവുമാണ്. പാവങ്ങളോടുള്ള പക്ഷംചേരലില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യ ജല്പനങ്ങള്‍ക്കപ്പുറം നീതിയുടെ നാല് തൂണുകളും അരക്കിട്ടുറപ്പിക്കാന്‍ കേരളത്തില്‍ ക്രൈസ്തവ സമൂഹം എക്കാലത്തും പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ തിരമാലയില്‍ തൂങ്ങി കുത്തക വല്‍ക്കരണം കുതിച്ചെത്തിയപ്പോള്‍ അതിനെതിരെയുള്ള സൈദ്ധാന്തിക തലങ്ങളിലേക്ക് മനുഷ്യനെ നയിക്കാന്‍ സഭ ഏത് കാലഘട്ടത്തിലും ശ്രമിച്ചിട്ടുമുണ്ട്.
കോവിഡനന്തര സമൂഹവും ഭരണകൂടങ്ങളും
എല്ലാ മനുഷ്യബന്ധങ്ങളും നിയന്ത്രിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍, ഒരു ഗോത്രത്തലവന് സദൃശനായ ഒരാളുടെ ആക്രോശത്തില്‍ ആടിയുലയുമ്പോള്‍, അവിടെയുള്ള നീതിയുടെ വഴിത്താരകള്‍ക്ക് വെളിച്ചം പകരാന്‍ ബാധ്യസ്ഥരാണ് നാം. ക്രമീകൃതമായ വ്യക്തിബന്ധങ്ങളാണ് സാമൂഹിക ക്ഷേമത്തിലേക്കുള്ള സഞ്ചാരപഥം. സമൂഹജീവിയായ മനുഷ്യന്റെ അസ്തിത്വം പോലും ഒപ്പമുള്ളവരുടെ സഹാസ്തിത്വത്തില്‍ ഊന്നിയാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍നിന്ന് പിന്‍തിരിഞ്ഞു. 'പത്ത് കാശ് കിട്ടിയാല്‍' എന്ത് നീതി, എന്ത് പാര്‍ട്ടിയെന്ന് ചിന്തിക്കുന്നവരുടെ മുമ്പില്‍ പൊതുനന്മ കാംക്ഷിക്കുന്നവര്‍ക്ക് നിസ്സംഗരായി നില്‍ക്കാനാവില്ല. ലോകം ലാഭക്കൊതിയുടെ കെണിയില്‍വീണ പഴയൊരു ചരിത്രമുണ്ട്. അത് പരിശോധിക്കാം. 1347 മുതല്‍ 1350 വരെ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച മഹാമാരി ഒരര്‍ഥത്തില്‍ തട്ടിയെടുത്തത് ഓരോ മനുഷ്യന്റെയും ക്ഷേമം ലാക്കാക്കി പ്രവര്‍ത്തിച്ചിരുന്ന ന്യൂനപക്ഷം വരുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയുമായിരുന്നു. അതോടെ, ആ രാജ്യങ്ങളില്‍ ചിലരെല്ലാം നെഞ്ചോടു ചേര്‍ത്ത ജനക്ഷേമത്തിന്റെ പെടുമരണം അരങ്ങേറി. കോവിഡ് മഹാമാരിക്കുശേഷം, യുദ്ധങ്ങളുടെയും പട്ടിണി മരണങ്ങളുടെയും പോക്കറ്റ് എഡിഷനുകള്‍ മാത്രമേ ഇന്ന് നമുക്ക് മുന്നിലുള്ളൂ. എന്നാല്‍ മഹാമാരി തല്ലിക്കെടുത്തിയ അപരനിലേക്കുള്ള നീള്‍ക്കാഴ്ച വീണ്ടെടുക്കാന്‍ ഇന്ന് പല പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും മടിക്കുന്നു.
ആശ്വാസകിരണത്തിനും കട്ടച്ചൂട്
കേരളത്തിലെ സ്ഥിതി ആലോചിക്കൂ: പാവപ്പെട്ടവരുടെ സൗജന്യങ്ങള്‍ വെട്ടിക്കുറച്ചു കൊണ്ടിരിക്കുന്നു. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാണ്. നിരാലംബരോഗികളെ ചികിത്സിക്കുന്നവരുടെ പ്രതിമാസ സഹായധനമായ 600 രൂപപോലും കഴിഞ്ഞ 8 മാസമായി നല്‍കിയിട്ടില്ല. 28,411 പേര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ വഴി ഈ സഹായധന കുടിശ്ശിക തീര്‍ക്കാന്‍ 6.55 കോടി രൂപ മതി. ഈ പദ്ധതിയുടെ പേര് ആശ്വാസകിരണമെന്നതാണ് ഏറെ വിചിത്രം. പ്രതിമാസ വേതനം 1600 രൂപയാക്കണമെന്ന ആവശ്യമുയര്‍ന്നതോടെ, നിലവിലുള്ള 600 രൂപ നല്‍കാതെ പകപോക്കുകയാണ് സര്‍ക്കാരെന്നാണ് പരാതി. ആശാവര്‍ക്കര്‍മാരെപോലെ മറ്റൊരു വിഭാഗത്തിന്റെ സമരം കൂടി ചിലപ്പോള്‍ ഓണക്കാലത്തുതന്നെ സെക്രട്ടറിയേറ്റ് പടിക്കല്‍ അരങ്ങേറിയെന്നുവരാം.
ജനങ്ങള്‍ പൂര്‍ണ്ണമായി കൈവിട്ടാലും ഭരണം പിടിച്ചെടുക്കാനുള്ള ചാണക്യതന്ത്രങ്ങള്‍ മൂലം ജനാധിപത്യത്തിന്റെ ജാലകക്കാഴ്ചകള്‍ ഇല്ലാതാകുമോ?
വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വിലക്കേര്‍പ്പെടുത്തുമ്പോള്‍, ഞങ്ങളുടെ കൊടിയും ഞങ്ങളുടെ ദൈവവും മാത്രം മതിയെന്ന ചിന്താഗതിയുടെ ഓലപ്പടക്കങ്ങള്‍ സമൂഹമധ്യത്തില്‍ പൊട്ടിച്ചു കൊണ്ട്, നീതിനിഷേധത്തിന്റെ പുതിയ ചാവ് നിലങ്ങള്‍ ഇന്ന് ചിലര്‍ സൃഷ്ടിക്കുന്നുണ്ട്. ദൈവമില്ലാത്ത ലോകത്തിന് ഇപ്പോള്‍ വിപണിമൂല്യം കൂടിയിട്ടുണ്ട്. ലോക ജനസംഖ്യയില്‍ 24.2 ശതമാനം നിരീശ്വരരാണ്. മറ്റൊരു അപകടസൂചനകൂടിയുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ദൈവത്തെ ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ 18% വര്‍ധനവാണുള്ളത്. ക്രൈസ്തവരുടെ എണ്ണത്തിലും ചില അപായ മുന്നറിയിപ്പുകളുണ്ട്. ലോകമൊട്ടാകെയുള്ള ക്രൈസ്തവരുടെ എണ്ണത്തില്‍ 1.8 ശതമാനം കുറവാണുള്ളത്. പ്രായപൂര്‍ത്തിയായ ഒരാള്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് വരുമ്പോള്‍, മറ്റ് മൂന്നുപേര്‍ ക്രിസ്തുമതം ഉപേക്ഷിച്ചു പോകുകയാണത്രെ.
കണ്ണീരും ചോരയും ഹൃദയം തൊടുന്നുണ്ടോ?
നമ്മുടെ വിശ്വാസപ്രഘോഷണ മേഖലയില്‍ ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പുനര്‍വിശകലനം അനിവാര്യമാണോ? നീതി നിഷേധിക്കപ്പെടുന്നവരോടൊപ്പമുള്ള നമ്മുടെ ചേര്‍ന്നുനില്‍പ് കുറേക്കൂടി ഹൃദയംതൊടുന്നതാക്കി മാറ്റണോ? മനുഷ്യാവകാശങ്ങളും ഒരു ജനാധിപത്യ ഭരണസംവിധാനം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തേണ്ട നീതിയും നിഷേധിക്കപ്പെടുന്നവരുടെ കണ്ണീരും ചോരയും നമ്മെ ആകുലപ്പെടുത്തുന്നുണ്ടോ? കോവിഡനന്തര സമൂഹത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ ചില നയങ്ങളിലൂടെ കേരളീയരൊന്നാകെ വറചട്ടിയില്‍ വീണ് പൊള്ളിത്തെറിക്കുമ്പോള്‍, ജനങ്ങളുടെ ക്ഷേമ സംസ്ഥാപനം കുറേക്കൂടി ചടുലമാക്കാന്‍ നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നാം തന്നെയാണ് കണ്ടെത്തേണ്ടത്.
ചതിക്കരാറുകളുടെ ചക്രവാതച്ചുഴികള്‍
സ്വതന്ത്രരും അടിമകളുമെന്ന രീതിയിലുള്ള പുതിയ കാട്ടാളവേഷങ്ങള്‍ സമൂഹത്തില്‍ ഇന്ന് ദൃശ്യമാണ്. ജീവസന്ധാരണ മാര്‍ഗങ്ങളുടെ ശോഷണം, ക്രമാനുഗത വേതനത്തിന്റെ അപര്യാപ്തത, പുതിയ തൊഴില്‍ മേഖലകളിലെ ചൂഷണം, എ ഐ പോലുള്ള പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ മൂലം നഷ്ടപ്പെടുന്ന ജോലികള്‍, ലാഭം മാത്രം നോക്കിയുള്ള സാമ്പത്തിക നയരൂപീകരണങ്ങള്‍, കാടും കടലുമെല്ലാം ആഗോള കുത്തകകള്‍ക്ക് പണയംവയ്ക്കുന്ന പുതിയ അന്തര്‍ ദേശീയ കരാറുകളിലെ ചതിക്കുഴികള്‍ തുടങ്ങിയവ എല്ലാം മനുഷ്യരെ ബാധിച്ചുകഴിഞ്ഞു. കുടുംബത്തില്‍ കുട്ടികള്‍ ഒന്നോ രണ്ടോ മതിയെന്ന ചിന്ത മാറിക്കഴിഞ്ഞു. പകരം പുതുതലമുറ കുട്ടികള്‍ വേണ്ടാത്ത ഡിങ്ക് (Dink) ജീവിതശൈലിയെ പുണരാന്‍ തുടങ്ങിയിരിക്കുന്നു.
മലയോര മേഖലയില്‍നിന്ന് ഉള്ളതെല്ലാം വിട്ടെറിഞ്ഞോടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിലകൊടുത്ത് വാങ്ങിയ ഭൂമി, കെട്ടിപ്പൊക്കിയ കിടപ്പാടം, വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നട്ടുപിടിപ്പിച്ച കാര്‍ഷിക വിളകള്‍ എന്നിവയെല്ലാം ഉപേക്ഷിച്ച് മലയോരം വിടുന്നവര്‍ക്കു മുന്നില്‍ നാം എന്ത് നീതി നടപ്പാക്കുന്നുവെന്നാണ് പറയുന്നത്? അറബിക്കടലില്‍ മറിഞ്ഞ കപ്പലുകള്‍, തീരദേശ ഗ്രാമങ്ങളില്‍നിന്ന് കടലിന്റെ മക്കളെ തൂത്തെറിയാനും ബ്ലൂ ഇക്കണോമിക്കുവേണ്ടിയുള്ള കറുത്ത വലകള്‍ വിരിക്കാനുമായിരുന്നുവോ? ആദിവാസി അവന്റെ കുടിലില്‍ കിടന്നുറങ്ങിയിരുന്ന സ്വന്തം കുഞ്ഞിനെ കടുവയുടെ വായില്‍ നിന്നു രക്ഷിക്കാന്‍ കൈയില്‍കിട്ടിയ കല്ലുമെടുത്ത് കാടുകയറേണ്ടിവരുന്ന നാളുകളാണിത്.
ശവമായി മാറുമോ പാവങ്ങള്‍?
സെപ്തംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലെ തപാല്‍ സേവനങ്ങളില്‍ കേന്ദ്ര ഭരണകൂടം കടുംവെട്ട് നടത്തുകയാണ്. സ്പീഡ് പോസ്റ്റല്ലാതെ, രജിസ്‌ട്രേഡ് പോസ്റ്റ് ഇനിയില്ലത്രേ. തപാല്‍ പെട്ടികളും പതിയെ ഇല്ലാതാകാമെന്നാണ് സൂചന. കേരളത്തില്‍ മാത്രം 30 ആര്‍ എം എസ് കേന്ദ്രങ്ങള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു. ഒരു സ്വകാര്യ ബാങ്ക് മിനിമം ബാലന്‍സ് അര ലക്ഷം രൂപയാക്കുകയാണ്. അവരുടെ സേവനം ലക്ഷാധിപതികള്‍ക്കായി ചുരുക്കുകയാണെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. തിരക്കുള്ള സമയത്ത് 50% കൂടുതല്‍ ടാക്‌സി ചാര്‍ജ് നല്‍കണമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്.
ജനങ്ങള്‍ പൂര്‍ണ്ണമായി കൈവിട്ടാലും ഭരണം പിടിച്ചെടുക്കാനുള്ള ചാണക്യ തന്ത്രങ്ങള്‍ മൂലം ജനാധിപത്യത്തിന്റെ ജാലകക്കാഴ്ചകള്‍ ഇല്ലാതാകുമോ? പണമില്ലാത്തവന്‍ പിണം (ശവം) എന്ന പഴഞ്ചൊല്ലില്‍ പതിരുണ്ടാകട്ടെ. അത്രയല്ലേ, ഇപ്പോള്‍ പറയാനാവൂ?