ജനിച്ച നാടുവിട്ടു മറ്റൊരു രാജ്യത്തു താമസിക്കുന്നവരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റവും കൂടുതലായ ഒരു സമയ മാണിത്. ഇക്കൂട്ടത്തില്‍ സ്വന്തം ഇഷ്ടപ്രകാരം വേറൊരു രാജ്യം തിരഞ്ഞെടുക്കുന്നവരും, പല കാരണങ്ങള്‍ കൊണ്ട് മാതൃരാജ്യം വിട്ടുപോകുന്നവരും ഉണ്ട്. ജോലി, പഠനം എന്നിവയാണ് ആദ്യത്തേതിന്റെ പ്രധാന കാരണങ്ങള്‍ എങ്കില്‍, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ഥികളാക്കിക്കൊണ്ടിരിക്കുന്നു. കണക്കുകള്‍ പ്രകാരം ഏകദേശം 281 ദശലക്ഷം ആളുകള്‍ ഇന്ന് സ്വന്തം നാടുവിട്ടു വേറെ രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി ജീവിക്കുന്നു. ഇതില്‍ ഏകദേശം 35 ദശലക്ഷം മനുഷ്യര്‍ അഭയാര്‍ഥികളായി ഓരോ രാജ്യങ്ങളില്‍ എത്തപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഒന്നായി കുടിയേറ്റം മാറിക്കഴിഞ്ഞിരിക്കുന്നു. ഈയിടെ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം തന്നെ അമേരിക്കയിലേക്ക് നടക്കുന്ന അനധികൃത കുടിയേറ്റം ആയിരുന്നു.
ഏറ്റവും കൂടുതല്‍ കുടിയേറ്റം മറ്റു രാജ്യങ്ങളിലേക്ക് നടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതില്‍ തന്നെ കേരളം ഏറെ മുന്നിലാണ്. കേരളത്തില്‍ നിന്നും ജോലിക്കായി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും, വിദേശരാജ്യങ്ങളിലേക്കും ഉള്ള കുടിയേറ്റം പുതിയ കാര്യമല്ല. 1970 കള്‍ മുതല്‍, 1980 കളുടെ അവസാനം വരെ ഉണ്ടായ 'ഗള്‍ഫ് ബൂം' നമുക്ക് അറിവുള്ളതാണ്. അതുപോലെ തന്നെ, നേഴ്‌സുമാരുടെയും, മറ്റു പ്രൊഫഷണലുകളുടെയും, പശ്ചിമ യൂറോപ്പിലേക്കും, അമേരിക്കയിലേക്കും ഉള്ള കുടിയേറ്റവും നാം കണ്ടിട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ കാണുന്ന വന്‍തോതിലുള്ള കുടിയേറ്റം അതില്‍നിന്നൊക്കെ കുറച്ചു ഭിന്നമാണ് എന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.
വ്യാപകമായ കുടിയേറ്റത്തിന്റെ മുന്നില്‍ സര്‍ക്കാരുകള്‍ കേവലം കാഴ്ചക്കാര്‍ മാത്രമാകുന്ന അവസ്ഥയും ഉണ്ട്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയോടുള്ള ഒരു പ്രതികരണം കൂടിയാണ് ഇത്. ഇത്രമാത്രം ചെറുപ്പക്കാര്‍, നാട് വിട്ടുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട.
2018-ല്‍ ഏകദേശം 21 ലക്ഷം ആളുകള്‍ കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയെങ്കില്‍ 2023 ആയപ്പോള്‍ എണ്ണം 22 ലക്ഷം ആയി. അതുപോലെ തന്നെ എന്‍ ആര്‍ ഐ നിക്ഷേപത്തിന്റെ കാര്യത്തിലും കാര്യമായ വര്‍ധനവ് വന്നിട്ടുണ്ട്. 2018 ഇല്‍ 85,092 കോടി ആയിരുന്നത്, 2023 ആയപ്പോ 2,16,893 കോടി രൂപയായി മാറി. ഇന്ത്യയിലെ മൊത്തം എന്‍ ആര്‍ ഐ നിക്ഷേപ ത്തിന്റെ 21 ശതമാനം കേരളത്തിലാണ്. എണ്ണത്തില്‍ വന്ന വര്‍ധനവിന് ഒപ്പം കുടിയേറ്റത്തിന്റെ സ്വഭാവത്തിലും കാതലായ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കുടിയേറ്റം, പലപ്പോഴും തൊഴില്‍ തേടി മാത്രമായിരുന്നു. പലരും കുറെ വര്‍ഷങ്ങള്‍ പുറം നാടുകളില്‍ തൊഴില്‍ ചെയ്തതിനു ശേഷം, തിരിച്ചുവരാനും ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രവണതയാണ് കാണുന്നത്. കേരളത്തിലോ, കേരളത്തിന് പുറത്തോ മാന്യമായ ഒരു തൊഴില്‍ ഉള്ളവര്‍ പോലും, ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുടിയേറി പാര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പ്രവണതയാണ് കാണുന്നത്. കേരളത്തില്‍ നിന്നിട്ട് ഇനി ഒരു ഭാവിയില്ല എന്ന ഒരു ചിന്ത എങ്ങനെയോ കൂടുതല്‍ പ്രബലമായി വരുന്നു. എന്നന്നേക്കുമായി നാട് ഉപേക്ഷിക്കുന്നത് ഒരുപാടു പേര്‍ക്ക് വളരെ എളുപ്പമായി വരുന്നു. തൊഴില്‍ അന്വേഷണത്തിനു അപ്പുറം, ആദ്യമേ തന്നെ കുടിയേറാന്‍ തീരുമാനിക്കുകയും, അതിനുശേഷം മാത്രം അവിടെ പോയി എന്ത് ചെയ്യും എന്ന് ആലോചിക്കുകയും ചെയ്യുന്നു. ഇതൊരു പ്രധാന ഷിഫ്റ്റ് ആണ്. തങ്ങള്‍ പഠിച്ച തൊഴിലിനു പകരം വേറെ എന്ത് കിട്ടിയാലും മതി എന്നിങ്ങനെ ഏതു അഡ്ജസ്റ്റ്‌മെന്റിനും ആളുകള്‍ തയ്യാറാകുന്ന അവസ്ഥ.
ഇതോടു ചേര്‍ന്ന് വരുന്ന ഒന്നാണ് പഠനത്തിനായി കുട്ടികള്‍ പുറത്തു പോകുന്നത്. പ്ലസ് 2, ബിരുദം ഒക്കെ കഴിഞ്ഞു വിദേശത്തു ഉപരിപഠനം നടത്താന്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കാണുന്നത്. 2018-ല്‍ ഏകദേശം 1.3 ലക്ഷം കുട്ടികള്‍ പഠനത്തിനായി കേരളം വിട്ടു എങ്കില്‍ 2023 ആയപ്പോള്‍ ഈ നമ്പര്‍ 2.5 ലക്ഷം ആയിട്ടുണ്ട്. പലപ്പോഴും നാട്ടില്‍ ലഭ്യമായിട്ടുള്ള വിദ്യാഭ്യാസ സൗകര്യത്തെ ഒട്ടും പരിഗണിക്കാതെ തന്നെ, വിദേശത്തേക്ക് വലിയ ലോണുകള്‍ ഒക്കെ എടുത്തു പോകുന്നത് പതിവാകുകയാണ്. പല കുട്ടികളും ഇക്കാര്യത്തില്‍ കടുത്ത peer pressure നും വിധേയരാകുന്നു. പലപ്പോഴും തങ്ങളുടെ അഭിരുചികളെക്കാളും, എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഒരുപാടു കുട്ടികളെ നയിക്കുന്നത്. മാതാപിതാക്കള്‍ക്ക് വന്‍ ബാധ്യത വരുത്തി വയ്ക്കുന്ന ലോണുകള്‍ എടുക്കാനും പലരും മടി കാണിക്കുന്നില്ല. ഇവിടെ ശ്രദ്ധേയമായ മറ്റൊരു സംഗതി, പലപ്പോഴും വലിയ ക്വാളിറ്റി ഇല്ലാത്ത യൂണിവേഴ്‌സിറ്റികളിലാണ് ഇവരില്‍ പലരും അഡ്മിഷന്‍ നേടുന്നത് എന്നതാണ്. പല വിദേശ യൂണിവേഴ്‌സിറ്റികള്‍ക്കും ഇന്ന് ഈ വിദ്യാര്‍ഥികള്‍ വലിയ സാമ്പത്തിക സ്രോതസ്സ് ആവുന്നുണ്ട്. എല്ലാറ്റിന്റെയും അന്തിമ ലക്ഷ്യം കുടിയേറ്റം എന്നത് മാത്രമാകുന്നു.
വ്യാപകമായ കുടിയേറ്റത്തിന്റെ മുന്നില്‍ സര്‍ക്കാരുകള്‍ കേവലം കാഴ്ചക്കാര്‍ മാത്രമാകുന്ന അവസ്ഥയും ഉണ്ട്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയോടുള്ള ഒരു പ്രതികരണം കൂടിയാണ് ഇത്. ഇത്രമാത്രം ചെറുപ്പക്കാര്‍, നാട് വിട്ടുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. സമസ്ത മേഖലകളില്‍ നിന്നും തദ്ദേശീയരായ ചെറുപ്പക്കാര്‍ പിന്മാറുന്നതിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ട്. തൊഴില്‍ ചെയ്യാന്‍ സാധിക്കുന്ന ചെറുപ്പക്കാര്‍ കുറയുകയും, വൃദ്ധരായവര്‍ കൂടുകയും ചെയ്യുന്ന ഒരു സാഹചര്യം അതിവേഗം സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനുള്ള സമ്മര്‍ദം ഏറിവരേണ്ടതുണ്ട് .
അതോടൊപ്പം തന്നെ മറ്റൊരു പ്രധാന കാര്യം, വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട, വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. എങ്ങനെയും കടക്കുക എന്ന ആഗ്രഹം പലരെയും, പലതരത്തില്‍ പെട്ട തട്ടിപ്പുകളില്‍ അകപ്പെടുത്തുന്നു. കുടിയേറ്റത്തെ സുഗമമാക്കാന്‍ അനേകം ഏജന്‍സികള്‍ നാട് മുഴുവന്‍ മുളച്ചു വന്നിട്ടുണ്ട്. ഒരു പക്ഷെ ഇവയെ നിയന്ത്രിക്കാനും, പഠിക്കാന്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചു കുറച്ചു കൂടി കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരുകള്‍ക്ക് സാധിച്ചാല്‍ അത് വലിയ ഒരു നേട്ടമായിരിക്കും. കുട്ടികളുടെ എണ്ണം കുറയുന്നത് അനുസരിച്ചു കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജ് സീറ്റുകള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാണ്. ചുരുക്കത്തില്‍, കുടിയേറ്റം എന്ന യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട്, സംസ്ഥാനത്തിന്റെ നയങ്ങള്‍ക്കു രൂപംകൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമായി തീര്‍ന്നിരിക്കുന്നു.
ലേഖകന്റെ ബ്ലോഗ്: www.bobygeorge.com