ബോബി ജോര്‍ജ്ജ്
തനിക്കു കൊടുക്കാനുള്ളത് മുഴുവന്‍ സമൂഹത്തിനും രാജ്യത്തിനും കൊടുത്തു കഴിഞ്ഞു രംഗം ഒഴിയുന്ന ചില മനുഷ്യരുണ്ട്. അതോടൊപ്പം കോടിക്കണക്കിനു മനുഷ്യരുടെ ജീവിതങ്ങള്‍ മാറ്റി മറിക്കാനും ഭാഗ്യം കിട്ടിയവര്‍. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഭാരതത്തിന്റെ ഒരു പ്രിയ പുത്രന്‍ കഴിഞ്ഞ വര്‍ഷം അവസാനം നമ്മെ വിട്ടുപോയി. അതാണ് ഡോക്ടര്‍ മന്‍മോഹന്‍ സിങ് എന്ന ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി. ഒരു പക്ഷെ നെഹ്‌റുവിനുശേഷം, നരസിംഹറാവുവിനെ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയ വേറെ ഒരു പ്രധാനമന്ത്രി ഉണ്ടെന്നു തോന്നുന്നില്ല. പകരംവയ്ക്കാനില്ലാത്ത ഒരു നേതൃത്വമായിരുന്നു സിങ് ഇന്ത്യയ്ക്കു നല്‍കിയത്. അതോടൊപ്പം തന്നെ രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്ന പല നയപരിപാടികളും, വികസന സങ്കല്‍പ്പങ്ങളും.
ഒരു ഇക്കണോമിസ്റ്റ് എന്ന നിലയില്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിച്ച മന്‍മോഹന്‍ സിങ്, ഒരുപക്ഷെ ഇന്ത്യയില്‍ കിട്ടാവുന്ന എല്ലാ ഉന്നതസ്ഥാനങ്ങളും അലങ്കരിച്ച ശേഷമാണു, നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി രാഷ്ട്രീയത്തില്‍ വരുന്നത്. മന്‍മോഹന്‍ സിങ്, നരസിംഹറാവു എന്ന രണ്ടു വ്യക്തികള്‍ ചേര്‍ന്നാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തുറന്നു വിടുന്നതും, പില്‍ക്കാലത്തു പ്രശസ്തിയാര്‍ജിച്ച, ഉദാരവല്‍ക്കരണ നയങ്ങള്‍ ആരംഭിക്കുന്നതും. കൂടുതലായി സോഷ്യലിസ്റ്റ് തത്വങ്ങളില്‍ ഊന്നിയ, അടഞ്ഞ ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ അതുവരെ പിന്തുടര്‍ന്നു വന്നിരുന്നത്. അതില്‍ നിന്ന് വിഭിന്നമായിരുന്നു, സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍. കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്ന വലിയ ഒരു ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. അതിനുള്ള ഏറ്റവും എളുപ്പവഴി, രാജ്യത്തിന്റെ സംരംഭക / വ്യവസായ മേഖലകളെ തുറന്നു വിടുക എന്നതു തന്നെയാണെന്ന് മന്‍മോഹന്‍സിങിന് ബോധ്യമുണ്ടായിരുന്നു. സമ്പത്തു വര്‍ധിക്കാതെ, ദാരിദ്ര്യം നീക്കുക എന്നത് സാധ്യമായ ഒന്നല്ല.
കമ്പോള സാമ്പത്തിക വ്യവസ്ഥിതിക്കു തന്നെ, ഒരു മാനുഷിക മുഖം നല്കാന്‍ പ്രതിജ്ഞാ ബദ്ധനായിരുന്ന ഒരു പ്രധാനമന്ത്രി യെയാണ് നമ്മള്‍ മന്‍മോഹന്‍ സിങില്‍ കണ്ടത്.
ഇന്ത്യയുടെ അപാരമായ വിഭവശേഷി പലപ്പോഴും, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഒന്നാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. രാജ്യത്തിന്റെ സമ്പത്തു വര്‍ധിക്കുമ്പോള്‍, അതിനെ ശാസ്ത്രീയമായി എങ്ങനെ എല്ലാവരുടെയും ക്ഷേമത്തിനായി പങ്കു വയ്ക്കണമെന്നും മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന് നല്ല ബോധ്യമുണ്ടായിരുന്നു. ഇവയുടെയെല്ലാം പൂര്‍ണ്ണഫലങ്ങള്‍ നമ്മള്‍ കാണുന്നത്, പിന്നീട് മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്നു കഴിഞ്ഞാണ്. കമ്പോള സാമ്പത്തിക വ്യവസ്ഥിതിക്കു തന്നെ, ഒരു മാനുഷിക മുഖം നല്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ഒരു പ്രധാനമന്ത്രിയെയാണ് നമ്മള്‍ മന്‍മോഹന്‍ സിങില്‍ കണ്ടത്.
സൗമ്യവും, ശാന്തവും, ഗംഭീരവും, പണ്ഡിതോചിതവുമായ ഒരു നേതൃത്വമായിരുന്നു മന്‍മോഹന്‍ സിങിന്റേത്. പ്രധാനമന്ത്രിയാണ് എല്ലാം എന്നല്ല, മറിച്ച്, അയാള്‍ തുല്യരില്‍ ഒന്നാമനാണ് (First among equals) എന്ന ബോധ്യമാണ് മന്‍മോഹന്‍ സിങിനെ എക്കാലവും നയിച്ചത്. അതോടൊപ്പം തന്നെ, പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് അദ്ദേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഗണ്യമായ ഒരു മാറ്റം രേഖപ്പെടുത്തപ്പെട്ട ഒരു കാലം കൂടിയായിരുന്നു മന്‍മോഹന്‍ സിങ് പ്രധാമന്ത്രിയായിരുന്ന പത്തു വര്‍ഷങ്ങള്‍. 2007-08 വര്‍ഷങ്ങളില്‍ സാമ്പത്തികമായ അസ്ഥിരതയും, മാന്ദ്യവും ഒട്ടുമിക്ക ലോകരാജ്യങ്ങളെയും ഉലച്ചപ്പോഴും മന്‍മോഹന്‍ സിങ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ കാവലാളായി നിലകൊണ്ടു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവായിരുന്നു അദ്ദേഹത്തിന് ഇവിടെ തുണയായത്. മന്‍മോഹന്‍ സിങ് ഭരണകാലത്തെ എടുത്തു പറയത്തക്ക രണ്ടു നേട്ടങ്ങള്‍ നാം പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. അതില്‍ ഒന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയും (MGNREGS), മറ്റൊന്ന് വിവരാവകാശ നിയമവും (RTI Act) ആണ്. രാജ്യത്തെ സാധാരണക്കാര്‍ക്ക്, നിശ്ചിത ദിവസങ്ങള്‍ തൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തില്‍ വഹിച്ച പങ്കു ചെറുതല്ല. അതുപോലെ തന്നെ, ഭരണം സുതാര്യമാക്കുന്നതില്‍ വിവരാവകാശ നിയമവും വിപ്ലവകരമായിരുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളം, വിവരാവകാശനിയമം വഴിയായി, രാജ്യത്തിന്റെ ഭരണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ എടുക്കുന്ന സുപ്രധാനമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായി. ആര്‍ക്കും കടന്നു കയറാന്‍ പറ്റാത്ത സര്‍ക്കാര്‍ സംവിധാനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടത് ഈ നിയമം ആയിരുന്നു. തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കല്‍ ആരെങ്കിലും ചോദിക്കും, എന്ന ഒരു ചിന്ത തന്നെ വലിയ വ്യത്യാസങ്ങള്‍ കൊണ്ടു വന്നു.
മന്‍മോഹന്‍ സിങ് ഇല്ലാത്ത ഒരു ഇന്ത്യയിലാണ് ഇന്ന് നമ്മള്‍. മന്‍മോഹന്‍ സര്‍ക്കാരിന്റെ മുകളില്‍ പറഞ്ഞ രണ്ടു നേട്ടങ്ങളെ തന്നെ അട്ടിമറിക്കാന്‍, ഇപ്പോള്‍ ഭരണത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നമുക്ക് അറിവുള്ളതാണ്. തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം പടിപടിയായി കുറച്ചു കൊണ്ടുവരിക, വിവരാവകാശ നിയമത്തെ, മൂര്‍ച്ച കുറഞ്ഞ ഒന്നാക്കി മാറ്റുക എന്നതൊക്കെ ഈ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളായി മാറി. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ ഒരു പ്രഖ്യാപിത നയം എന്നുള്ളത്, എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയുള്ള ഒരു വികസന സങ്കല്പമായിരുന്നുവെങ്കില്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ന്യൂനപക്ഷമായ ഒരു വരേണ്യ വര്‍ഗത്തിന്റെ കൈയിലേക്ക് സാവധാനം മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മന്‍മോഹന്‍ കാലം ഓര്‍മ്മയാക്കി മാറ്റുന്ന വേറൊന്ന് തികച്ചും സൗമ്യവും ശാന്തവുമായിരുന്ന ഒരു നേതൃത്വം കൂടിയാണ്. അഹങ്കാരത്തിന്റെയും അധികാരധാര്‍ഷ്ട്യത്തിന്റെയും അല്ല മറിച്ചു, ജ്ഞാനത്തിന്റെയും, എളിമയുടെയും, ഏറ്റവും ഉദാത്ത ഉദാഹരണം കൂടി ആയിരുന്നു മന്‍മോഹന്‍ സിങ്. ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് എന്നും അഭിമാനത്തോടു കൂടി ചൂണ്ടിക്കാണിക്കാന്‍ എല്ലാ വിധത്തിലും യോഗ്യനായ ഒരാള്‍ ആയിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് തന്നെ ഒരിക്കല്‍ പറഞ്ഞതു പോലെ, ചരിത്രം അദ്ദേഹം കരുതിയതിനെക്കാളും കൂടുതല്‍ ദയയോടെ തന്നെ അദേഹത്തെ വിലയിരുത്തും.
ലേഖകന്റെ ബ്ലോഗ്:
www.bobygeorge.com