വിശുദ്ധ കലിസ്റ്റസ് ഒന്നാമന്‍ പാപ്പ (-222) : ഒക്‌ടോബര്‍ 14

വിശുദ്ധ കലിസ്റ്റസ് ഒന്നാമന്‍ പാപ്പ (-222) : ഒക്‌ടോബര്‍ 14
Published on
വി. കലിസ്റ്റസ്, വി. സെഫിറിനൂസ് പാപ്പായുടെ കാലത്ത് റോമിന്റെ ആര്‍ച്ചുഡീക്കനായിരുന്നു. സെഫിറിനൂസ് ചരമമടഞ്ഞപ്പോള്‍ 217-ല്‍ കലിസ്റ്റസ് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷം ഭരണം നടത്തി. സഭയുടെ യാഥാസ്ഥിതിക വിശ്വാസങ്ങളുടെ ഒരു വലിയ അനുകൂലിയായിരുന്നു അദ്ദേഹം. എങ്കിലും, നിയമങ്ങള്‍ വളരെ കര്‍ശനമാക്കുന്നതിനോടും വളരെ നിസ്സാരമാക്കുന്നതിനോടും അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു. രണ്ടിന്റെയും മദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നില.
തീവ്രവാദികളായിരുന്ന ഹിപ്പോളിറ്റസിനെപ്പോലുള്ളവര്‍, കൊലപാതകം, വ്യഭിചാരം, മതംമാറ്റം തുടങ്ങിയ ഗൗരവമുള്ള പാപങ്ങള്‍ പരസ്യമായി ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്താല്‍ പോലും, ഒരിക്കലും ക്ഷമിക്കപ്പെടുകയില്ലെന്നും വിശ്വസിച്ചിരുന്നു.

കലിസ്റ്റസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ, ഒരു ബദല്‍ ഗ്രൂപ്പുണ്ടാക്കിക്കൊണ്ട് ഹിപ്പോളിറ്റസ് സഭ വിട്ടുപോകുകയും ഒരു ആന്റി-പോപ്പിന്റെ അവസ്ഥയില്‍ കഴിയുകയും ചെയ്തു. ഈ സമയത്ത് പോപ്പ് കലിസ്റ്റസ്, എല്ലാ പാപങ്ങളും മോചിക്കാനുള്ള അധികാരം സഭയ്ക്കുണ്ടെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്നു. മതപീഡനകാലത്തും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റോ വിശ്വാസം ത്യജിക്കേണ്ടിവന്നവരോടൊക്കെ മൃദുസമീപനമാണ് പാലിക്കേണ്ടതെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.

അതനുസരിച്ച്, ഹിപ്പോളിറ്റസിന്റെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കപ്പെട്ട വിശ്വാസികളെ, അവര്‍ കുറ്റം പരസ്യമായി ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്തശേഷം ഏറ്റെടുക്കാവുന്നതാണെന്ന പുതിയ ഡിക്രി അദ്ദേഹം പ്രസിദ്ധം ചെയ്യുകയും ഏതാനും പേരെ സഭയിലേക്കു തിരച്ചെടുക്കു കയും ചെയ്തു. പ്രഭുകുലത്തില്‍പ്പെട്ടവരും സാധാരണക്കാരും അല്ലെങ്കില്‍ അടിമകളുമായുള്ള വിവാഹബന്ധം റോമന്‍ സിവില്‍ നിയമം അംഗീകരിച്ചിരുന്നില്ല.

എന്നാല്‍, പോപ്പ് അതിന് അംഗീകാരം നല്‍കാന്‍ തയ്യാറായി.
അക്കാലത്ത് റോമില്‍ ഔദ്യോഗികമായി മതപീഡനമൊന്നും ഇല്ലായിരുന്നെങ്കിലും പേഗന്‍ വിശ്വാസികളുടെ ഒരു പ്രകടനം നടക്കുമ്പോള്‍ അവരില്‍ ചിലര്‍ തള്ളിക്കയറി പോപ്പിനെ ഒരു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു വധിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org