വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

രാജാവായ എതല്‍റെഡ് രണ്ടാമന്റെയും എമ്മാ രാജ്ഞിയുടെയും മകനായി ജനിച്ച എഡ്വേര്‍ഡ് സെയിന്‍ കാന്യൂട്ടിന്റെ ഭരണകാലത്ത് നാടുകടത്തപ്പെട്ടു. അങ്ങനെ, നോര്‍മണ്ടിയുടെ പ്രഭുവായിരുന്ന അമ്മാവനും തന്റെ അര്‍ദ്ധസഹോദരന്‍ ആല്‍ഫ്രഡിനുമൊപ്പമാണ് അന്യനാട്ടില്‍ കഴിയേണ്ടിവന്നത്. 1036 ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ആല്‍ഫ്രെഡിനെ, കാന്യൂട്ടിന്റെ ജാരസന്തതിയായ ഹാരോള്‍ഡ് വധിച്ചു. ഏഴുവര്‍ഷത്തിനുശേഷം രാജാവായ കാന്യൂട്ട് മരിച്ചപ്പോള്‍ എഡ്വേര്‍ഡ് യഥാര്‍ത്ഥ രാജാവായി അംഗീകരിക്കപ്പെട്ടു. വര്‍ഷങ്ങളോളം നാടുവിട്ട് തടവില്‍ കഴിയേണ്ടിവന്ന എഡ്വേര്‍ഡിനെ തന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍, നാല്പതു വയസ്സുളള ഒരു വിശുദ്ധനാക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥനയിലും ദീനാനുകമ്പയിലും ആശ്രയം തേടിയ അദ്ദേഹം ലൗകിക സുഖഭോഗങ്ങളില്‍ നിന്നെല്ലാം അകന്ന് വിവേകത്തോടെയും നീതിനിഷ്ഠയോടെയും രാജ്യം ഭരിക്കാനാണ് ഇഷ്ടപ്പെട്ടത്.
അവഗണിക്കപ്പെട്ടു കിടന്നിരുന്ന ആശ്രമങ്ങളെല്ലാം പുനരുദ്ധരിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വൈദികരെപ്പോലെതന്നെ അധ്യാപകരെയും ബഹുമാനിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചു. അങ്ങനെ, തന്റെ 23 വര്‍ഷക്കാലത്തെ രാജ്യഭരണം ശാന്തവും സമാധാനപൂര്‍ണ്ണവുമായിരുന്നു.
ഇംഗ്ലണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന നിയമങ്ങള്‍ തുടരാന്‍ അനുവദിച്ച എഡ്വേര്‍ഡ് അവയെല്ലാം ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയ്ക്കു രൂപം നല്‍കി. അതാണു പിന്നീട് ഇംഗ്ലീഷ് പൊതുനിയമത്തിന് അടിസ്ഥാനമായി മാറിയത്. ആംഗ്ലോസാക്‌സണ്‍ രാജാക്കന്മാരാണ് ഇന്നു നിലവിലുള്ള കോടതിയുടെയും കുറ്റവിചാരണയുടെയും ഉപജ്ഞാതാക്കളെന്നതാണ് കൂടുതല്‍ വിചിത്രം. അവരുടെ ഗ്രാമീണ കോടതികള്‍ ബിഷപ്പിന്റെയും ഷെറീഫിന്റെയും സംയുക്ത നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. സഭാപരമായ നിയമങ്ങളും സിവില്‍ നിയമങ്ങളും ഒരുമിച്ചു കൈകാര്യം ചെയ്തിരുന്നു. കുറ്റങ്ങള്‍ക്ക് ലഘുവായ ശിക്ഷയെ നല്‍കിയിരുന്നുള്ളു. ആദ്യമായി തെറ്റുചെയ്തവരെയൊക്കെ ചെറിയ ഫൈന്‍ ചുമത്തി വിട്ടയയ്ക്കുകയായിരുന്നു പതിവ്. ക്രൂരമായ ശിക്ഷാവിധികളൊന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ജനങ്ങളെ കഷ്ടപ്പെടുത്തി ഈടാക്കിയിരുന്ന നികുതികളെല്ലാം റദ്ദാക്കി. ജനങ്ങളെ പിഴിഞ്ഞ് നികുതിപിരിച്ച് രാജ്യം ഭരിക്കുന്നതിനുപകരം തനിക്ക് അവകാശമായി ലഭിച്ച സമ്പത്തുകൊണ്ടുതന്നെ രാജ്യഭരണം നടത്തി. അങ്ങനെ ജനങ്ങളുടെ ആരാധനാപാത്രമായി മാറി എഡ്വേര്‍ഡ് രാജാവ്.
1066 ജനുവരി 5-ന് എഡ്വേര്‍ഡ് ദിവംഗതനായി. സെ. പീറ്റേഴ്‌സ് ദൈവാലയത്തില്‍ സംസ്‌കരിച്ചു. രാജാവ് പരിഷ്‌കരിച്ച ദൈവാലയമാണ് ഇന്നറിയപ്പെടുന്ന വെസ്റ്റ് മിന്‍സ്റ്റര്‍ അബി. 1161-ല്‍ പോപ്പ് അലക്‌സാണ്ടര്‍ III അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

നന്മയില്‍ നിന്നാണ് നന്മ ഉണ്ടാകുന്നത്. ചിരപരിചയം കൊണ്ടേ ഒരുവനിതു ബോധ്യമാകുകയുള്ളൂ. കാടന്മാര്‍ക്ക് ഇതെന്താണെന്ന് മനസ്സിലാകുകയില്ല. നന്മ ക്ഷമിക്കുന്നു; അനുകമ്പ കാണിക്കുന്നു; സഹായിക്കുന്നു; സ്‌നേഹിക്കുന്നു. അതൊരിക്കലും സംശയിക്കുന്നില്ല; കുറ്റപ്പെടുത്തുന്നില്ല; ഉപദ്രവിക്കുന്നില്ല; വെറുക്കുന്നില്ല. സമൂഹമാകുന്ന വണ്ടി ഇളകാതെ, തടസ്സമില്ലാതെ ഓടാന്‍ ചക്രങ്ങള്‍ക്ക് ഒഴിച്ചു കൊടുക്കുന്ന ലൂബ്രിക്കേറ്റിംഗ് ഓയിലാണ് നന്മ. അതൊരു ആദ്ധ്യാത്മിക വൃക്ഷമാണെന്നും പറയാം. ആത്മസംയമനമാണ് അതിന്റെ വേരുകള്‍; അനുകമ്പയാണ് പൂക്കള്‍; സൗഹൃദമാണ് അതിന്റെ സുഗന്ധം; ഫലങ്ങള്‍ നന്മകളും.

– വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേറിയോണെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org