പോള്‍ തേലക്കാട്ട്
എന്റെ സഹപാഠിയായ മോണ്‍. ആന്റണി നരികുളത്തിന്റെ ''സഭ, ജീവിതം, ആരാധനക്രമം'' എന്നിവയുടെ പരിപ്രേക്ഷ്യത്തില്‍ ''എന്റെ സ്വത്വാന്വേഷണങ്ങള്‍'' എന്ന ആത്മകഥ സീറോ മലബാര്‍സഭ കണ്ണുതുറന്നു വായിച്ച് മനനം ചെയ്യേണ്ടതായ സത്യത്തിന്റെ അനാവരണമാണ്. ഈ ആത്മകഥയുടെ വിശേഷം അതിന്റെ സത്യസന്ധതയാണ്. ഇതു സമഗ്രമാണെന്ന അവകാശവാദമില്ല. ആരാധനക്രമവീക്ഷണത്തിലെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. പക്ഷെ, അതു സത്യവുമാണ്. വസ്തുതയും ബോധവും തമ്മിലുള്ള യോജിപ്പിലാണ് സത്യം സംഭവിക്കുന്നത്.
രണ്ടു കാര്യങ്ങള്‍ വളരെ ഗൗരവമായി തെളിഞ്ഞു വരുന്നു. ഒന്ന്, ഈ സഭയില്‍ ഒരു വിഭാഗം വലിയ വാശിയോടും വീറോടും കൂടെ പുലര്‍ത്തുന്നതു അനുഷ്ഠാന ഭക്തിയാണ്. സുവിശേഷങ്ങളിലെ യേശു യഹൂദരുടെ അനുഷ്ഠാനഭക്തിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. അതു കാപട്യമായി തുറന്നു കാണിക്കുന്നു. യേശു മോശയെപ്പോലെ കര്‍മ്മങ്ങള്‍ നിരോധിക്കുന്നില്ല. മറിച്ച് ആന്തരികമായ ആഭിമുഖ്യങ്ങളും നിലപാടുകളും അദൃശ്യമായ ആന്തരികവിധികളുമാണ് ഗൗരവമായി കാണുന്നത്. ഉദാഹരണം, യഹൂദര്‍ക്ക് സാബത്ത് പാലിക്കണമെന്നതിലെ ശാഠ്യങ്ങളും നിര്‍ബന്ധങ്ങളും. അത് അതേ വിധത്തില്‍ ഇന്നും തുടരാം, സാബത്തിന്റെ സ്ഥാനത്തു കുര്‍ബാനയര്‍പ്പണവും മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും കടന്നുവരുന്നു. ആഘോഷത്തിന്റെ ചെണ്ട കൊട്ടിലാണ് എല്ലാവര്‍ക്കും ശ്രദ്ധ. വൈദികജീവിതം കാണിക്കലിന്റെ അരങ്ങിലാണ്. അണിയറയുടെ ആന്തരികത അവിടെ വിസ്മരിക്കപ്പെടുന്നു. മതം അടിസ്ഥാനപരമായി ഞാന്‍ എന്റെ സ്വകാര്യതയോട് നടത്തുന്ന പ്രതികരണമാണ്. ആരും കാണാത്ത ഈ അടിസ്ഥാനപ്രശ്‌നം അവഗണിച്ചാല്‍ നാം പൂഴിയില്‍ വീടുപണിത വിഡ്ഢിയുടെ കഥ ആവര്‍ത്തിക്കും. ബോധ്യങ്ങളുടെ ജീവിതമില്ലാത്ത കര്‍മ്മങ്ങള്‍ നാട്യങ്ങളാകും. പ്രകടനപരത സഭയെ അപകടകരമായി ബാധിച്ചിട്ടുണ്ടോ? സത്യം പറയുന്നു എന്ന പ്രൊപ്പഗാന്തയല്ല വേണ്ടത്. സത്യത്തിന്റെ ജീവിതവും ഭാഷയുമാണ് വേണ്ടത്.
രണ്ട്, ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ സമൂഹത്തില്‍ പലതരം അധികാരങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അവയ്ക്കു പിന്നില്‍ ഗ്രീക്കുകാര്‍ക്കോ റോമാക്കാര്‍ക്കോ വ്യക്തവും സത്യനിഷ്ഠവുമായ അധികാരകാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ചിലര്‍ ഭരിക്കാന്‍ ജനിക്കുന്നു എന്നു കരുതിയ ആധിപത്യത്തിന്റെയും പ്രഭുത്വത്തിന്റെയും മനുഷ്യനെ അടിപ്പെടുത്തുന്ന കാഴ്ചപ്പാടുകള്‍ നിലനിന്നു. ഭരിക്കാന്‍ വരുന്നവര്‍ ആടിന്റെ വേഷം ധരിച്ച ചെന്നായ്ക്കളായിരുന്നു എന്നു പ്ലേറ്റോയും അരിസ്റ്റോട്ടിലും പറഞ്ഞിട്ടുണ്ട്. ദൈവത്തില്‍ നിന്നു അധികാരം ലഭിച്ചു എന്നു പറഞ്ഞ പലരും മനുഷ്യരെ മാനിച്ചവരോ നീതിയായി കാര്യവിചാരം ചെയ്തവരോ ആയിരുന്നില്ല. ഒരു സമൂഹത്തിന്റെ സാമൂഹികമായ ജീവിതക്രമമാണ് ഏതു സാമൂഹ്യസൃഷ്ടിക്കും അനിവാര്യം. വൈവിധ്യത്തിന്റെ ജനം അംഗീകരിച്ചു തരുന്ന ഒരു ഉത്തരവാദിത്വമാണ് അധികാരം. അത് എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും നിര്‍വഹിക്കണം. അവിടെ അന്യായമായ അതിക്രമങ്ങള്‍ അധികാരം നടത്തരുത്. ഈ കാഴ്ചപ്പാടാണ് സമൂഹങ്ങളിലും മതങ്ങളിലും ഭരണത്തിലേക്ക് വരുന്നവര്‍ക്ക് ഇല്ലാതെ പോകുന്നത്. മനുഷ്യരെ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത അധികാരി എത്ര സുന്ദരമായ വേഷം ധരിച്ചാലും പ്രതിസന്ധിയിലാകും.
വൈദികരും മെത്രാന്മാരും ഈ ശുശ്രൂഷയുടെ ശൈലി സ്വീകരിക്കാന്‍ തയ്യാറാകാതെ, ''വെളിപാടി''ന്റെ ആളായി സ്വയം ദൈവമാകാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് സഭയിലെ ധാരാളം പ്രശ്‌നങ്ങളും. അധികാരം പിന്‍തുടരുന്നതു അധികാരകാമത്തിന്റെ പ്രധാന പ്രശ്‌നമായ സാമ്പത്തിക കാര്യങ്ങളിലാണ്. ഒരു നല്ല വൈദികന്റെ സ്മരണാവേദിയില്‍ സഭയുടെ മുഖ്യപ്രലോഭനം പണവുമായി ബന്ധപ്പെട്ടതാണ് എന്നു ഞാന്‍ പറഞ്ഞു. എനിക്കുശേഷം പ്രസംഗിച്ച മെത്രാന്‍ എന്നെ ''തിരുത്തി.'' വേറേയും പ്രശ്‌നങ്ങള്‍ ഉണ്ട് എന്നു പറഞ്ഞു. എന്നെ തിരുത്താം, എനിക്കു തെറ്റി എന്നു മാത്രമല്ല മാര്‍ക്‌സിനും തെറ്റി എന്നു പറയാം. വി. പൗലോസിനു തെറ്റിയോ?
''മതം അടിസ്ഥാനപരമായി ഞാന്‍ എന്റെ സ്വകാര്യതയോട് നടത്തുന്ന പ്രതികരണമാണ്.''
''ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം'' എന്നത് പൗലോസിന്റെ വാക്കുകളാണ് (1 തിമോത്തി 6:10). പ്രശ്‌നം അതല്ല. എല്ലാറ്റിനും അന്ത്യവിധി പറഞ്ഞു ചിലര്‍ പരിശീലിക്കുന്നു. സ്റ്റാലിനും മാവോയും പോള്‍ പോട്ടും ഹിറ്റ്‌ലറും... അങ്ങനെ പലരും ദൈവത്തിന്റെ അന്ത്യവിധിയുടെ വിപ്ലവകാരികളായിരുന്നു. അവര്‍ ലോകാവസാനം നടത്തുന്നു. സത്യദീപം എഡിറ്ററായപ്പോള്‍ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ എനിക്കു തന്ന സമ്മാനം അദ്ദേഹം ആര്‍ച്ചുബിഷപ് മറുസിന്‍ എന്ന പൗരസ്ത്യ കാര്യാലയ സെക്രട്ടറിക്ക് ഇവിടുത്തെ റാസക്രമത്തെക്കുറിച്ച് എഴുതിയ ''അന്ത്യവിധി''ക്കു കാര്‍ഡിനല്‍ എഴുതിയ മറുപടിയാണ്. ലോകാവസാനം എല്ലാക്കാലത്തേയും എല്ലാ പ്രദേശങ്ങളും സംബന്ധിച്ച് അന്ത്യവിധി നടത്താന്‍ ആരാണ് അദ്ദേഹം എന്ന് പരോക്ഷമായി ചോദിക്കുന്നു. എനിക്കുശേഷവും ആളുകള്‍ വരും. അവര്‍ക്കും വിധികളുണ്ടാകും.
കാര്യങ്ങള്‍ക്ക് അന്ത്യവിധി കല്പിക്കണമെന്ന നിര്‍ബന്ധമുള്ളവര്‍ ഈ സഭയിലും ഉണ്ടായിട്ടുണ്ട്. അതിനു നുണ പറയുന്നവരും മാര്‍പാപ്പയ്ക്ക് നുണ എഴുതുന്നവരും ഉണ്ടാകും. പൊന്തിഫിക്കല്‍ രഹസ്യം കൊണ്ട് നുണകള്‍ ഒളിക്കുന്നവരുമുണ്ട്. സഭാധികാരത്തില്‍ ആത്മവഞ്ചന നടത്തുന്നവരും ധര്‍മ്മത്തില്‍ നിന്ന് ഇടറുന്നവരും എല്ലാ ശ്രേണികളിലും ഉണ്ടാകും. കാര്യം മറന്നു വെറും കളിക്കാരാകുന്നവര്‍. ഗ്രീക്കു പാരമ്പര്യം ഉത്സവപറമ്പിനെ ജീവിതമണ്ഡലത്തോട് ഉപമിച്ചു കണ്ടിട്ടുണ്ട്. ചിലര്‍ അവിടെ കളിക്കാന്‍ വരുന്നു, അവര്‍ മത്സരത്തിലാണ്, ചിലര്‍ അവരുടെ വിഭവങ്ങള്‍ വില്‍ക്കാന്‍ വരുന്നു. അവര്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്പനയിലാണ്, ചിലര്‍ തങ്ങളുടെ സാഹസങ്ങള്‍ കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തി അമ്പരിപ്പിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു, ചിലര്‍ അവരുടെ വിരുതുകൊണ്ട് ആളുകളെ പറ്റിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മറ്റു പലരും നടന്നു ഉത്സവം കാണുന്നു. ഈ കാഴ്ചക്കാരില്‍ കാണുന്നതിനു പിന്നിലെ കാണാത്തതു കാണുന്ന സത്യാന്വേഷകരും ഉണ്ടാകും. അവര്‍ സത്യം കാണുന്നു - അതിന്റെ രുചി അനുഭവിക്കുന്നു.
അവര്‍ സത്യം പറയുന്നു. എല്ലാ സത്യവും പറയണമെന്നുണ്ടോ? വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളുടെ ഒരു രഹസ്യവും യേശു തുറന്നു പറഞ്ഞില്ല. പക്ഷെ, ഫരീസ്യരെ വിമര്‍ശിച്ചു. മറ്റുള്ളവരുടെ അകൃത്യങ്ങള്‍ പറയാം, പറയാതിരിക്കാം. പറയാതിരിക്കാന്‍ പറയാന്‍ അകൃത്യങ്ങളുടെ അവകാശികള്‍ ആര്‍ക്കുമില്ല, മറ്റാര്‍ക്കുമില്ല അവകാശം. അതു പറയുന്നവന്റെ ഔദാര്യപ്രശ്‌നമാണ്. കള്ളത്തരം ചെയ്ത് അതില്‍ അഭിരമിക്കുന്നവരെ സംരക്ഷിക്കുന്നവരാകണോ? ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ യേശു പഠിപ്പിച്ചു. പക്ഷെ, അത്, ''ഞാന്‍ പശ്ചാത്തപിക്കുന്നു'' എന്ന് പറയുന്നവരോടാണ് (ലൂക്കാ 17:3-4). തെറ്റില്‍ വിലസുന്നവരെ തുറന്നു കാണിക്കേണ്ടതു ചരിത്ര നിയോഗമാണ്.