ചിന്താജാലകം

മാര്‍ക്‌സും സീറോ മലബാര്‍ സഭയും

പോള്‍ തേലക്കാട്ട്‌

കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലിന്റെ കാലത്ത് സീറോ മലബാര്‍ സഭയെ മാര്‍ക്‌സിന്റെ പാളയത്തിലാക്കി എന്ന വിധം പിന്നെ വന്ന അധി കാരികള്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. അത് ഒരു ദുര്‍വ്യാഖ്യാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ 12-ലേറെ വര്‍ഷങ്ങളായി സീറോ-മലബാര്‍ സഭ വ്യക്തമായി ഇടതുപക്ഷ ചേരിയിലായിരുന്നു എന്നു തെളിയിക്കുന്നു. മദ്യനയത്തെക്കുറിച്ച് സാഭാധ്യക്ഷന്മാര്‍ നിശ്ശബ്ദരായിട്ട് വളരെ വര്‍ഷങ്ങളായി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സഭ സ്വീകരിച്ച രാഷ്ട്രീയനയത്തെക്കുറിച്ച് ജനം മനസ്സിലാക്കുന്നത് എന്ത് എന്നു വീണ്ടുവിചാരപ്പെടാന്‍ സിനഡു തയ്യാറാകുമോ? സിനഡിന്റെ ചില അസ്വീകാര്യമായ തീരുമാന ങ്ങള്‍ നടപ്പിലാക്കാന്‍ മധ്യശതകങ്ങളില്‍ സെക്കുലര്‍ അധികാരശക്തി (secular arm) സഭ ഉപയോഗിച്ചതിനു തുല്യമായിട്ടല്ലേ സിനഡു തീരു മാനം നടപ്പിലാക്കാന്‍ പൊലീസിന്റെ അധികാരത്തെ ഈ സഭ ഉപയോഗിച്ചത്? ഏറ്റവും പ്രധാനമായി സിനഡിന്റെ സഭാധികാരവും പൊലീസിന്റെ ബലപ്രയോഗവും നിരന്തരമായി എറണാകുളം-അങ്കമാലി അതി രൂപതയുടെമേല്‍ ഉപയോഗിച്ചില്ലേ?

സഭ രാഷ്ട്രീയത്തോടു നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ സാധാരണ വിശ്വാസികള്‍ കാണുന്നില്ല എന്ന മൗഡ്യമൊന്നും വേണ്ട. ഇതു സഭയുടെ ആത്മാവിനെ വിറ്റുകൊണ്ടു നടത്തുന്ന ആത്മഹത്യാപരമായ നടപടികളാണ്.

ചരിത്രത്തിന്റെ വയറ്റാട്ടി അക്രമമാണ് എന്ന് ചിന്തിച്ചതും അക്രമ മാര്‍ഗം പ്രത്യയശാസ്ത്ര വിപ്ലവത്തിന്റെതാക്കിയതും മാര്‍ക്‌സാണ്. മനുഷ്യനെ മനുഷ്യനാക്കുന്നതു പാരമ്പര്യത്തിന്റെ യുക്തിചിന്തയാണ് എന്നതു മാര്‍ക്‌സ് അംഗീകരിക്കുന്നില്ല. അദ്ദേഹത്തിനു മനുഷ്യനെ മനുഷ്യനാക്കുന്നതു തൊഴിലാണ്. അക്രമം മനുഷ്യബുദ്ധിയുടെ അവ സാനത്തെ ആയുധം മാത്രമാണ്. എന്നാല്‍ ഏതു പുതിയ ജന്മ ത്തിന്റെയും വയറ്റാട്ടിയായി മാറുന്നത് അക്രമമാണ്. ഏതു പുതിയ തുടക്കത്തിനും മുന്നോട്ടുള്ള വഴി അക്രമമാണ് മാര്‍ക്‌സിന്, അതാണ് രാഷ്ട്രീയം. എന്നാല്‍ അരിസ്റ്റോട്ടില്‍ രാഷ്ട്രീയത്തിന്റെ വഴിയായി നിര്‍വചിക്കുന്നതു മനുഷ്യന്റെ വചന ജീവിതമാണ്. വചനത്തിന്റെ സംഭാഷണ വഴിയിലാണ് അദ്ദേഹം രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്നത്. ഗ്രീക്കു ചിന്തയില്‍ 'തത്വചിന്ത' നഗരത്തിനുള്ളിലെ ജനജീവിതമാണ്.

പൗരഭാഷണത്തിലൂടെയാണ് രാഷ്ട്രീയം നീങ്ങുന്നത്. നഗരപൗരന്റെ വഴി അക്രമത്തിന്റെയല്ല ഭാഷണവഴിയാണ്. അക്രമത്തിന്റെ വഴി പിന്തുടരു ന്നവര്‍ കാപ്പിരികളും അടിമകളുമാണ്. ഈ അടിമകളുടെ വഴി തന്നെ യാണ് മാര്‍ക്‌സ് പുതിയ മാറ്റങ്ങളുടെ വഴിയായി തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ മാര്‍ക്‌സിസം അക്രമവഴി ഉപേക്ഷിച്ചോ? കണ്ണൂരിന്റെ രാഷ്ട്രീയം എന്താണ്? കൊലപാതകങ്ങളുടെ പിന്നിലെ ചിന്തയെന്ത്? അവിടെ കൊലയുടെ പ്രതികളാക്കപ്പെടുന്നവര്‍ ശരിക്കും പ്രതികളാണോ? ഈ വഴിയായിരുന്നില്ലേ പാര്‍ട്ടി പരോക്ഷമായി സഭയ്ക്കു വിട്ടുകൊടു ത്തത്? അതിരൂപതയെ മെരുക്കാന്‍ ഉപയോഗിക്കുന്നതു പൊലീസിനെ യല്ലേ? അധികാരം വൈരുധ്യങ്ങളുടെ സംഘട്ടനവഴിയാണ് തിരഞ്ഞെടു ത്തത്. അതു ക്രൈസ്തവമാണോ? അതാണ് സഭയ്ക്കു സംഭവിച്ച അടി സ്ഥാന പ്രശ്‌നം. റോമില്‍ നടന്ന സിനഡാലിറ്റി മീറ്റിംഗുകളില്‍ പങ്കെടു ത്തവര്‍ ഈ നാട്ടില്‍ തിരിച്ചെത്തിയിട്ട് സംഭാഷണവഴിയുടെ പ്രാധാന്യ ത്തെക്കുറിച്ച് ആരും ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണ്? സഭാധികാരത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഇവിടെ

ഒരു പ്രസക്തിയുമില്ലേ? പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് ഹെഗേലിയന്‍ വൈരുദ്ധ്യത്തിന്റെ ഏറ്റുമുട്ടലിലല്ല എന്നു സഭ ആവര്‍ത്തിച്ചു പറയുന്നത് ഇവിടത്തെ നേതാക്കള്‍ കേള്‍ക്കാത്തതാണോ? ഈ കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡാലിറ്റിയുടെ സമ്മേളനം പാസ്സാക്കിയ രേഖ ''ഏറ്റുമുട്ടലിലൂടെ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പ്രലോഭനത്തിനു വഴങ്ങുന്ന'' രാഷ്ട്രീയ ശൈലിയെ വിമര്‍ശിക്കുന്നുണ്ട്.

ചിന്തയുടെ ചരിത്രത്തില്‍ അരിസ്റ്റോട്ടിലും മറ്റു പലരും ചൂണ്ടി ക്കാണിച്ച രാഷ്ട്രീയ അധികാരത്തിലെ വഴി ഭാഷണ വഴിയാണ്. അതു ഹെഗേലിയന്‍ വലതുപക്ഷത്തിന്റെയോ ഹെഗേലിയന്‍ ഇടതുപക്ഷ ത്തിന്റെയോ വഴിയല്ല. ഇരുപതാം നൂറ്റാണ്ടില്‍ ലോകചരിത്രം നേരിട്ട രണ്ടു ഭീകര മാനവിക പ്രശ്‌നങ്ങളായിരുന്നു സ്റ്റാലിന്റെ റഷ്യയിലും ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലും നടമാടിയത്. ഈ രണ്ടു പ്രതിസന്ധികളും ഹെഗേലിയന്‍ വൈരുദ്ധ്യങ്ങളുടെ പ്രതിസന്ധിയുടെ വലതും ഇടതും രൂപങ്ങള്‍ ഉണ്ടാക്കിയതാണ്. നാസ്സിസം വലതുപക്ഷ ഭീകരതയാണെങ്കില്‍ കമ്മ്യൂണിസം ഇടതുപക്ഷ ഭീകരതയായി. ഈ രണ്ടുതരം പ്രത്യയ ശാസ്ത്രങ്ങളുടെ അത്രയും തീവ്രമല്ലാത്ത പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഈ ഹിന്ദുത്വ മൗലികവാദത്തോടും ഇടതു പക്ഷ മാര്‍ക്‌സിയന്‍ മൗലികവാദത്തോടും കേരളത്തിലെ സീറോ മലബാര്‍ സഭ എടുത്ത സമീപനങ്ങള്‍ എന്തായിരുന്നു?

വര്‍ഗീയതയുടെ വഴിയിലേക്കു കടന്നു നിന്നതല്ലേ 'ലൗജിഹാദ്' പ്രസ്താവനയും, 'നാര്‍കോട്ടിക് ജിഹാദ്' പ്രസ്താവനയും? മാര്‍ക്‌സിന്റെ പാര്‍ട്ടിയും അതിന്റെ അധ്യക്ഷനുമായി നിരന്തര ഉടമ്പടികളുടെ തുടര്‍ച്ച യായി പൊലീസ് കടന്നുകയറ്റങ്ങള്‍ നാം കണ്ടതല്ലേ?

സഭ രാഷ്ട്രീയത്തോടു നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ സാധാരണ വിശ്വാസികള്‍ കാണുന്നില്ല എന്ന മൗഡ്യമൊന്നും വേണ്ട. ഇതു സഭ യുടെ ആത്മാവിനെ വിറ്റുകൊണ്ടു നടത്തുന്ന ആത്മഹത്യാപരമായ നടപടികളാണ്. സീറോ മലബാര്‍ സഭയുടെ ജനസമ്മതിയില്‍ കാര്യമായ ക്ഷതം പറ്റിയതു സഭയുടെ നേതൃത്വതലങ്ങളില്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാന്‍ പോലുംവയ്യെന്നായിരിക്കുന്നു. സഭാ വിശ്വാസത്തെ ഒരു പ്രത്യയ ശാസ്ത്രമാക്കി തല്‍ക്കാല കാര്യങ്ങള്‍ നേടുന്ന വലിയ വീഴ്ചയിലാണ്.

ഇവിടെ പുറത്താക്കപ്പെടുന്നതു ക്രിസ്തുവാണ് എന്നു ശ്രദ്ധിക്കാന്‍ കഴിയാത്ത നേതൃത്വത്തെ ജനം കൈവിടുന്ന ലക്ഷണങ്ങള്‍ പള്ളികളിലും ഇടവകകളിലും പ്രകടമായി തുടങ്ങിയിരിക്കുന്നു. ഇതു ദൈവവിളി കളെയും യുവതിയുവാക്കളെയുമായിരിക്കും ആദ്യം ബാധിക്കുക. പെറ്റി സെമിനാരി പ്രവേശനങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടു തുടങ്ങി എന്ന് സംശയിക്കുന്നു. സ്ത്രീകള്‍ക്കുള്ള സഭയിലെ പങ്കാളിത്തത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളന്മാര്‍ക്ക് എഴുതിയിരിക്കുന്നു. നമ്മുടെ സഭയ്ക്ക് ഇതൊക്കെ ബാധകമാണോ?

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ