വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14
ഇറ്റലിയിലെ അമ്പ്രൂസിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കാമില്ലസിനു ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. അതോടെ വിദ്യാഭ്യാസവും ആദ്ധ്യാത്മികജീവിതവുമെല്ലാം താറുമാറായി. ജീവിതമാര്‍ഗ്ഗം തേടി പട്ടാളത്തിലെത്തി, പക്ഷേ, കിട്ടിയ പണമെല്ലാം ചൂതുകളിച്ചു നശിപ്പിച്ചു. ഈ സമയത്ത് കാലില്‍ മാരകമായ ഒരു വ്രണവും രൂപംകൊണ്ടു. അതോടെ പട്ടാളജീവിതം ഉപേക്ഷിച്ചു. ഒരു ഹോസ്പിറ്റലില്‍ ജോലി തരപ്പെട്ടെങ്കിലും, മുന്‍കോപവും ചൂതുകളിഭ്രമവും നിമിത്തം അവിടെ തുടരാന്‍ സാധിച്ചില്ല.

വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിനു പരിവര്‍ത്തനമുണ്ടായത്. റോമിലെ ആശുപത്രിയില്‍ മാറാരോഗികളെ ശുശ്രൂഷിക്കാന്‍ തയ്യാറായി ശാന്തനും സല്‍സ്വഭാവിയുമായി കാമില്ലസ് എത്തുന്നത് തന്റെ 26-ാം വയസ്സിലാണ്. രോഗികളെയും മരണാസന്നരെയും നിസ്വാര്‍ത്ഥമായി സേവിച്ചുകൊണ്ട് അദ്ദേഹം പെട്ടെന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. താമസിയാതെ ആ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 32-ാമത്തെ വയസ്സില്‍, തന്റെ ആത്മീയ പിതാവായിരുന്ന വി. ഫിലിപ്പ് നേരിയുടെ നിര്‍ദ്ദേശപ്രകാരം കാമില്ലസ് ലത്തീന്‍ പഠനം തുടങ്ങുകയും രണ്ടു വര്‍ഷത്തിനുശേഷം വെല്‍ഷിന്റെ ബിഷപ്പ് തോമസ് ഗോള്‍ഡ്‌വെല്‍ അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്യുകയും ചെയ്തു.

രോഗികളെ ശുശ്രൂഷിക്കാന്‍ താല്പര്യമുള്ളവരുടെ ഒരു പ്രേഷിത കൂട്ടായ്മയ്ക്കു കാമില്ലസ് രൂപം നല്‍കി. ഈ അല്‍മായ പ്രേഷിതരാണ് "മിനിസ്റ്റേഴ്‌സ് ഓഫ് ദ സിക്ക്", "ഫാദേഴ്‌സ് ഓഫ് ഗുഡ് ഡത്ത്", "കാമില്ല്യന്‍സ്" എന്നൊക്കെ പിന്നീട് അറിയപ്പെട്ടത്. "റെഡ് ക്രോസി"ന്റെ ആരംഭവും ഈ കൂട്ടായ്മയിലാണ്.

കര്‍ത്താവേ, ഞാന്‍ ഏറ്റുപറയുന്നു; അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് ഒട്ടും യോഗ്യനല്ലാത്ത ഒരു മഹാപാപിയാണു ഞാന്‍. അങ്ങയുടെ അനന്തകാരുണ്യത്താല്‍ എന്നെ രക്ഷിക്കണേ.
വിശുദ്ധ കാമില്ലസ് ലെല്ലിസ്‌

46 വര്‍ഷം തന്റെ കാലിലെ വ്രണത്തിന്റെ വേദന കാമില്ലസ് സഹിച്ചു. അതോടൊപ്പം നാലു മറ്റു രോഗങ്ങളുമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം ഇതെല്ലാം അവഗണിച്ചു. "ദൈവത്തിന്റെ അഞ്ചു ദാനങ്ങ"ളായിട്ടാണ് അദ്ദേഹം അവയെ കരുതിയത്. എല്ലാം സഹിച്ചുകൊണ്ട് അദ്ദേഹം ഓരോ രോഗിയുടെ കിടക്കയ്ക്കരുകിലും ചെന്ന് വിശേഷങ്ങള്‍ തിരക്കും; ശുശ്രൂഷിക്കും. കാലത്തെ അതിജീവിച്ചുനിന്ന ദീര്‍ഘദര്‍ശിയായ ഒരു പ്രേഷിതനായിരുന്നു കാമില്ലസ്. 1614 ജൂലൈ 14-ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1746-ല്‍ കാമില്ലസ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1886-ല്‍ പോപ്പ് ലിയോ XIII അദ്ദേഹത്തെ വി. ജോണ്‍ ഓഫ് ഗോഡിനൊപ്പം രോഗികളുടെയും നഴ്‌സുമാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org