ചിന്താജാലകം

ജീവിതകഥ

പോള്‍ തേലക്കാട്ട്‌
  • പോള്‍ തേലക്കാട്ട്

എഴുപതു കഴിഞ്ഞ വയസ്സനാണ് ഞാന്‍. ജീവിതത്തിന്റെ അവസാന വഴിയമ്പലത്തിലുമാണ്. ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ അതു നിലപാടുകളും ഭാഷണവുമായിരുന്നു. അതു പറയലും എഴുത്തുമായിരുന്നു. അതു കഥ പറച്ചിലായിരുന്നു. കഥയില്‍ ജീവിച്ചവനാണ്-യേശുവിന്റെ കഥയില്‍. ആ കഥയുടെ ഭിന്നമുഖങ്ങളുടെ കഥനങ്ങളാണ് എഴുതിയതും പറഞ്ഞതും. ആ കഥയെക്കുറിച്ചു നടത്തിയ മനനങ്ങളും പ്രതികരണങ്ങളുമായിരുന്നു. ഇതൊക്കെ പറഞ്ഞുണ്ടാക്കിയതായി സ്വന്തം കഥ.

ഏതൊരുവനും ജീവിതമവസാനിക്കുമ്പോള്‍ തനിക്കു ചുറ്റുമുള്ളവര്‍ക്ക് ഏല്‍പിച്ചുകൊണ്ടുപോകുന്നതു കഥകളല്ല? പറയാന്‍ കൊള്ളാവുന്ന ചെറുതും വലുതുമായ കഥാസന്ദര്‍ഭങ്ങള്‍. അതൊക്കെ ലോകം പിടിച്ചടക്കിയ വീരകഥകളാകണമെന്നില്ല. ആധിപത്യകഥകളുമാകാനിടയില്ല. അതൊക്കെ പൊങ്ങച്ച കഥകളാകാം. പക്ഷെ, സമൂഹം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളാകണമെന്നില്ല.

ഓരോ മനുഷ്യനും ജീവിക്കുന്നതു പലരുടെ ഇടയിലാണ്. അത് പല സ്ഥലങ്ങളിലും കാലഘട്ടങ്ങളിലുമാകാം. സ്ഥലത്തിന്റെ ഇടവും കാലത്തിന്റെ ഇടവുമാകാം. ആയുസ്സിന്റെ വര്‍ഷങ്ങള്‍ പല സ്ഥലങ്ങളിലും പല സമയങ്ങളിലുമായി ജീവിച്ചു. ഈ ഇടങ്ങളിലാണ് ജീവിതം വിലസിതമാകുന്നത്. വിലാസം എന്നത് ഒരുവനെ ഇടത്തില്‍ നിര്‍വചിക്കുന്നതാണ്. വിലസിക്കുക എന്നാല്‍ വെളിവാകലാണ്. ഞാന്‍ ഒറ്റയ്ക്കിരുന്നു ചെയ്തതും മനനം ചെയ്തതുമായ കാര്യങ്ങള്‍ ഇടത്തില്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്.

മറ്റുള്ളവരാണ് ആ പ്രത്യക്ഷങ്ങളെയും നടപടികളെയും ഭാഷണങ്ങളെയും വിലയിരുത്തുന്നതും അളക്കുന്നതും. പ്രത്യക്ഷങ്ങള്‍ മഹത്തരമാകും, അല്ലാത്തതുമാകാം. ഇടങ്ങളില്‍ ഒരുവന്‍ വിലസിതതമാകുന്ന ഭാഷണവും നടപടികളും എനിക്കു വിലാസം അഥവാ തനിമ ഉണ്ടാക്കുന്നു; വ്യക്തിയെ നിര്‍വചിക്കുന്നു. മനുഷ്യബന്ധങ്ങളിലാണ് ഈ വിലാസമൂല്യം അളക്കപ്പെടുന്നത്. ഈ വിലയിരുത്തല്‍ നിരന്തരം നടക്കുന്നു. ആളുകള്‍ അവരുടെ ഓര്‍മ്മകളില്‍ ഇതു മനനം ചെയ്തു ചില വിധികള്‍ നടത്തുന്നുണ്ട്.

ഒരാള്‍ പറയുന്ന ഭാഷ അയാള്‍ നടത്തുന്ന കര്‍മ്മങ്ങളെക്കുറിച്ചാകും. കര്‍മ്മമാകുന്ന ഭാഷണങ്ങളും, ഭാഷണമാകുന്ന കര്‍മ്മങ്ങളുമുണ്ട്. അവയൊക്കെ അനുദിന വ്യാപാരങ്ങളുടെയാകാം. അവ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നവയുമാകാം. പ്രചോദനങ്ങള്‍, കാര്യങ്ങളുടെ വെറും കണക്കല്ല, കാര്യങ്ങളുടെ പിന്നിലെ കാവ്യമാകാം. അതില്‍ പ്രകടമായ ഒരു കാര്യവുമില്ലായിരിക്കാം. ആയിരിക്കലിന്റെ ആഭിമുഖ്യം പ്രകടനങ്ങളോ ഭാഷണമോ ആകാം. ജീവിതനിഷ്ഠകളാകാം.

മനുഷ്യബന്ധങ്ങളിലെ അസാധാരണ ഭാവരൂപങ്ങളാകാം. സാധാരണകാര്യം അസാധാരണ തീക്ഷ്ണതയില്‍ നടത്തുന്നതാകാം. ഒന്നും നേടാന്‍ വേണ്ടിയല്ലാതെ ചെയ്യുന്ന വെറും പതിവുകളോ പതിവല്ലാത്ത അസാധാരണ സംഭവങ്ങളോ ആകാം. അവ എന്തോ ആളുകളുടെ മനസ്സില്‍ പതിയുന്നു, അവര്‍ സന്തോഷത്തോടെ ഓര്‍മ്മിക്കുന്നു. പാരസ്പര്യത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ചാവിഷയമാകാം. അവന്‍ അഥവാ അവള്‍ ആരാണ് എന്ന ചോദ്യത്തിന് ആളുകള്‍ പറയുന്ന വാക്കുകളും പേരുകളുമാകാം. ഇതൊക്കെ ചില വിധികളാണ്.

ലോകത്തില്‍ ആര്‍ക്കും രണ്ടാമതൊരു പതിപ്പായി മറ്റൊരാളില്ല. എല്ലാവരും വ്യത്യസ്തരാണ്. ഈ വ്യത്യാസങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാവരും മറ്റൊരു വിധത്തില്‍ തുല്യരാണ്. തുല്യരാകുമ്പോഴും വ്യത്യസ്തരാണ്. ഈ വ്യത്യാസത്തിന്റെ ഗുണനിലവാരമാണ് ഒരുവന്റെ വിലാസം നിശ്ചയിക്കുന്നത്. രണ്ടുതരം കഥനങ്ങളുണ്ട്. നടത്തുന്ന കാര്യങ്ങള്‍ കഥനം നടത്താം. നടക്കാത്തതും നടക്കാവുന്നതുമായവ കല്പിച്ചു പറയാം. വീരപുരുഷന്മാര്‍ ഉണ്ടാകുന്നതു രണ്ടു തരം കഥയിലും ആകാം. കഥാപുരുഷനെ ഉണ്ടാക്കുന്നതു കഥ പറയുന്നവനാണ്.

ഗ്രീക്കു സാഹിത്യത്തിലും പുരാണങ്ങളിലും വീരപുരുഷന്മാരുണ്ട്. വീര വനിതകളുണ്ട്. ഇവരൊക്കെ താര ദൈവങ്ങളാകാം. പൊതുസമൂഹത്തിന്റെ ഇടത്തില്‍ സ്വന്തം തനിമയുടെ പ്രകടനം ജീവിതമായിട്ടു പറയുകയോ എഴുതുകയോ ചെയ്തും ഉണ്ടാകാം. അതിന് അയാള്‍ സ്വന്തം അഭയത്തിന്റെ സുരക്ഷിത വേദിവിട്ട് മറ്റുള്ളവരുടെ മുമ്പില്‍ ധീരമായി സ്വന്തം വ്യക്തി വൈശിഷ്ട്യത്തോടെ പ്രകടമാക്കാന്‍ കഴിയണം. അസാധാരണ മഹത്വത്തോടെ നയിക്കുന്ന സ്വകാര്യ ജീവിതം സാമൂഹിക ശ്രദ്ധയാകര്‍ഷിക്കും. ഒരുവന്‍ സ്വയം കൊട്ടിഘോഷിച്ചാലും ഇല്ലെങ്കിലും വ്യക്തികള്‍ പൊതുഇടത്തില്‍ ശ്രദ്ധാവിഷയമാകാറുണ്ട്. പ്രത്യക്ഷമായ പ്രകടനമത്സരം വേണമെന്നില്ല. പ്രകടനമത്സരക്കാരെ സമൂഹം സാധാരണമായി തിരിച്ചറിയും. ഓരോരുത്തരുടേയും പൊക്കം ഒരേ വിധമായിരിക്കില്ല.

ചിലര്‍ക്കു പൊക്കം കുറഞ്ഞാലും ഔന്നത്യം കൂടുതലുണ്ടാകാം. പൊക്കമല്ല ഔന്നത്യം. അളക്കാന്‍ പറ്റുന്നത് പൊക്കവും അളക്കാന്‍ പറ്റാത്തതും എന്നാല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്നതുമാണ് ഔന്നത്യം. അത് ഉയര്‍ച്ചയാണ് - അതു കാശുണ്ടായ ഉയര്‍ച്ചയല്ല. അതു വ്യക്തിമഹത്വമാണ്. വീരോചിതമായതു കാണുമ്പോഴാണ് മഹത്വബോധമുണ്ടാകുന്നത്. ഇവിടെ ഭാഷ ശാസ്ത്രീയമായി കണക്കാക്കാതെ കാവ്യാത്മകമായി മൂല്യവത്താകുന്നു. ഈ മൂല്യപരിഗണന ചന്തയിലെ വിലമതിക്കലല്ല. അതു സമൂഹത്തിലെ ആളുകളുടെ ഓര്‍മ്മകളുടെ നിരന്തരമായി നവീകരണമനനത്തില്‍ സംഭവിക്കുന്നതാണ്. അവിടെയാണ് പൊതുബോധം എന്നതു പ്രധാനമാകുന്നത്. ഓര്‍മ്മകൊണ്ട് സര്‍ഗാത്മകമായി ചിന്തിച്ചു സംസാരിക്കാം. യഥാര്‍ഥ ചരിത്രം പറയപ്പെടുന്ന ചരിത്രമാണ്. സമൂഹത്തിന്റെ ഓര്‍മ്മയുടെ പാരസ്പര്യത്തില്‍ നിന്നു അടര്‍ത്തി കഥകള്‍ പറയാം. ആയിരിക്കുന്നതിനെക്കുറിച്ചു ചരിത്രകഥനമാകാം, ആകാമായിരിക്കുന്നതിനെക്കുറിച്ചു കാവ്യകഥനവുമാകാം.

ഒരുവന്‍ കടന്നുപോകുമ്പോള്‍ ഒന്നും പറയാന്‍ അവശേഷിപ്പിക്കാനില്ലെങ്കില്‍, ആരും അതു പറയാനില്ലെങ്കില്‍ അതു മറവിയുടെ അപകടമാണ്. വീണ്ടും പറയാന്‍ ഒന്നും ഏറ്റെടുക്കാനില്ലാതാകുക, ആരും പറയാനില്ലാതാകുക-ഓര്‍മ്മ നിലനിര്‍ത്താന്‍ ഒന്നുമില്ലാതാകുക, വലിയ കുറവാണ്. കഥാവശേഷികളാകാതെ പോകുന്നത് കഷ്ടമാണ്. കഥകളാണ് അവശേഷിപ്പിക്കുക. കഥ പറയാനുള്ള കഴിവില്ലാത്ത സമൂഹം ഉണ്ടാകരുത്. ഓര്‍മ്മയില്ലാത്ത ജനതയുണ്ടോ? അനുകരണാര്‍ഹമായ നിമിഷങ്ങള്‍ പിന്നോട്ട് നോക്കി പറയാന്‍ എല്ലാവര്‍ക്കുമുണ്ടാകും. പൈതൃകം കൈമാറിത്തന്ന കഥകളാണ്. കഥ പറച്ചില്‍ തുടരുമ്പോള്‍ കഥാപുരുഷരുണ്ടാകും. ശ്രദ്ധാര്‍ഹമായ ചരിത്രമാണ് ശ്രദ്ധാര്‍ഹമായ വ്യക്തി വിശേഷങ്ങളാണ് കഥപറച്ചില്‍ ഉണ്ടാക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഉണ്ടാകുന്ന നൈമിഷിക സംഭവങ്ങള്‍ ഓര്‍മ്മിക്കാനും അതു പറഞ്ഞ് ആളുകളെ ഉത്തേജിപ്പിക്കാനും കഴിയുന്നവരാണ് കഥ പറച്ചിലുകാര്‍. ഹോമര്‍ ഒരു നാട്ടില്‍ പരസ്പരം ഏറ്റുമുട്ടി ഉണ്ടായ കഥ പറഞ്ഞു. അകില്ലസും ഹെക്റ്ററും വീര പുരുഷന്മാരായി. കാഥികരാണ് കഥാപുരുഷരെ ഉണ്ടാക്കിയത്. കഥാപുരുഷന്മാരാല്‍ പ്രചോദിതമായ കാഥികരുണ്ടാകുന്നു - ജീവിതകഥ തുടരുന്നു.

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി