ലോകത്തില്‍ ഇന്ന് സാധാരണക്കാര്‍ക്ക് സ്വീകാര്യമാകുന്ന രാഷ്ട്രീയ വ്യവസ്ഥിതി ജനാധിപത്യമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം യഹൂദ-ക്രൈസ്തവ മനുഷ്യദര്‍ശനമാണ്. ഇന്ത്യപോലുള്ള മറ്റു സംസ്‌കാരങ്ങളിലും അതിന് അടിസ്ഥാനങ്ങള്‍ കണ്ടെത്താനാകും. യഹൂദനും യൂറോപ്യന്‍ സാഹിത്യചിന്തകനുമായ ജോര്‍ജ് സ്റ്റെയിനര്‍ (1929-2020) എഴുതി: മൂന്നു യഹൂദര്‍ ലോകത്തിനുവേണ്ടി മനുഷ്യരെ നിര്‍വചിച്ചു. അവര്‍ മോസസ്, ജീസസ്, മാര്‍ക്‌സ് എന്നീ മൂന്നു പേരാണ്.
മോസസാണ് മനുഷ്യന്റെ മാനുഷികമായ ശക്തി ധര്‍മ്മശക്തിയാണ് എന്ന വെളിപാട് സ്വീകരിച്ചത്. എന്നാല്‍ മോസസ് നിരോധിച്ചതു കര്‍മ്മങ്ങളാണ്. യേശു നിരോധിച്ചതു കര്‍മ്മങ്ങളല്ല. കര്‍മ്മങ്ങളുടെ പിന്നിലെ ഉദ്ദേശ്യങ്ങളാണ്. വീടു പണിത മനുഷ്യന്റെ കഥ പറഞ്ഞാണ് അതു വ്യക്തമാക്കുന്നത്. അതു വീടിന്റെ അടിസ്ഥാന പ്രശ്‌നമാണ്. വീടിന്റെ അടിസ്ഥാനം ദൃശ്യമല്ല. അത് ഒളിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ ബോധത്തിനുള്ളിലെ വിധികളുടെ നിലപാടാണ് - അത് ആര്‍ക്കും കാണാനാവാത്ത രഹസ്യമാണ്. അതുകൊണ്ട് ഏറ്റവും രൂക്ഷമായി യേശു വിമര്‍ശിച്ചതു കാപട്യമായിരുന്നു. മതജീവിതത്തെ മലിനമാക്കുന്ന പ്രധാന പ്രതിസന്ധി കാപട്യമാണ്. അവിടെ മതം വെറും കാണിക്കലിന്റെ അഭിനയമായി മാറുന്നു.
കാള്‍ മാര്‍ക്‌സ് 'മൂലധനം' (The Capital) എഴുതിയത് 1867-ലാണ്. ലോകരാഷ്ട്രീയത്തിന്റെ സാമ്പത്തിക ദര്‍ശനവിമര്‍ശനമാണ് ഈ പഠനം. മനുഷ്യജീവിതം പുറത്തേക്ക് വിലസിക്കുന്നതു ബോധത്തിന്റെ നിലപാടുകളും വാക്കുകളും കര്‍മ്മങ്ങളുമായിട്ടാണ്. സ്വകാര്യമായ ആന്തരികതയില്‍ നിന്നു മനുഷ്യനെ അന്യവല്‍ക്കരിച്ച് അവനെ അവന്റെ മനുഷ്യത്വത്തില്‍ നിന്നു അകറ്റുന്ന ശക്തിയാണ് പണവും സ്വകാര്യസ്വത്തുമോഹവും.
ഏറ്റവും രൂക്ഷമായി യേശു വിമര്‍ശിച്ചതു കാപട്യമായിരുന്നു. മതജീവിതത്തെ മലിനമാക്കുന്ന പ്രധാന പ്രതിസന്ധി കാപട്യമാണ്.
മാര്‍ക്‌സ് തന്റെ 'മൂലധന'പഠനത്തില്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന ഒരു പദമാണ് യക്ഷി (Vampire). മനുഷ്യന്റെ ചോര കുടിക്കുന്ന ഈ സാങ്കല്പിക സ്ത്രീ രൂപത്തെ ഒരു രൂപകമായി മാത്രമല്ല മാര്‍ക്‌സ് കാണുന്നത്. ഈ യക്ഷിയുടെ ആവാസത്തിലാണ് മനുഷ്യനെ അവന്റെ ആന്തരികതയുടെ ബോധത്തെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാക്കുന്ന അന്യവല്‍ക്കരണം നടക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനമാകുന്നത് ഈ യക്ഷിയുടെ വശീകരണമാണ്.
മാര്‍ക്‌സ് മൗലികമായി ഉന്നയിച്ച ചോദ്യം നാം മറക്കുന്നു. എന്താണ് ജീവിതം? ജീവന്‍ ആര്‍ക്കും ദൃശ്യമല്ല. അദൃശ്യമായ ജീവിതം മനുഷ്യന്റെ ബോധത്തിനുള്ളിലെ നിശ്ചയങ്ങളിലാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ആന്തരികതയില്‍ നിന്നു മനുഷ്യന്‍ തന്റെ സത്ത പുറത്താണ് എന്നു കരുതുന്നതാണ് ഏറ്റവും വലിയ വഴി തെറ്റല്‍ - അന്യവല്‍ക്കരണം. മതത്തെ ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ നിര്‍വചിക്കുമ്പോള്‍ മതം അന്യവല്‍ക്കരണത്തിന്റെയായി മാറും. ഇത്തരം അന്യവല്‍ക്കരണത്തില്‍ നിന്നാണ് മനുഷ്യനെ സംരക്ഷിച്ച് വിമോചിപ്പിക്കേണ്ടത്. മനുഷ്യന്‍ തന്റെ സ്വകാര്യതയുടെ ആന്തരികതയും സ്വാതന്ത്ര്യവും കാത്തു നിലപാടുകള്‍ എടുത്തു വിമര്‍ശനപരമായി ജീവിക്കുന്നതാണ് മാര്‍ക്‌സിനു കമ്മ്യൂണിസം. അതു സ്വകാര്യസ്വത്തിന്റെ അവസാനിപ്പിക്കലാണ്, അന്യവല്‍ക്കരണത്തിന്റെ റദ്ദാക്കലാണ്.
യേശുവും മാര്‍ക്‌സും മനുഷ്യന്റെ ശക്തിയായി കണ്ടതു പ്രകൃതിശക്തിയുടെ ജാതി, ഗോത്രങ്ങളുടെ ബലമായിട്ടല്ല. അവന്റെ ആന്തരികമായ വിമര്‍ശനബോധത്തിന്റെ ധര്‍മ്മശക്തിയായിട്ടാണ്. സ്വര്‍ഗരാജ്യം ബലവശ്യമാണ്, ബലവാന്‍ അതു സ്വന്തമാക്കുന്നു എന്നു യേശു പറഞ്ഞത് വെറും ഊക്കിന്റെ അധികാരമായ പൊലീസ് പട്ടാളശക്തിയെക്കുറിച്ചല്ല. അധികാരസമ്പത്തിലേക്ക് മനുഷ്യന്‍ തിരിയുമ്പോള്‍ അതു തന്നില്‍ നിന്നും തന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും തന്റെ ആന്തരികശക്തിയില്‍ നിന്നുമുള്ള അന്യവല്‍ക്കരണമാണ്. അതു ലോകശക്തിയുടെ യക്ഷിയുടെ പിടിയിലാകുന്നതാണ്.
ഈ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രാതിഭാസിക ചിന്തകനായ മിഷേല്‍ ഹെന്റി (1922-2002) മാര്‍ക്‌സിനെ പാശ്ചാത്യ 'ലോകത്തിലെ ക്രൈസ്തവ ചിന്തകരില്‍ പ്രമുഖന്‍' എന്നു വിശേഷിപ്പിച്ചത്. ''വ്യക്തിയുടെ സ്വയാനുഭവ''ത്തിന്റെ ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പ്രത്യയശാസ്ത്രം മാര്‍ക്‌സ് സൃഷ്ടിച്ചില്ല എന്ന് അദ്ദേഹം കരുതുന്നു. മാത്രമല്ല മാര്‍ക്‌സിന്റെ 1844-ലെ സാമ്പത്തികവും താത്വികവുമായ കൈയ്യെഴുത്തു പ്രതിയും ജര്‍മ്മന്‍ ഐഡിയലിസ പഠനവും 1930-നുശേഷമാണ് സംലബ്ധമായതെന്നും അതു മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രരൂപീകരണത്തില്‍ ഉള്‍പ്പെടുത്താത്ത കൃതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യമാംസത്തില്‍ ഒളിഞ്ഞും അന്തര്‍ലീനവുമായിരിക്കുന്ന ജീവന്റെ വചനമാണു ക്രിസ്തു വെളിപാട്. എല്ലാം മനുഷ്യന്‍ കണ്ടെത്തുന്നത് സ്വയം അറിവിലും ആ അറിവിന്റെ അനുഭവത്തില്‍ നിന്നുള്ള ജീവിതമായ സത്യത്തിന്റെ ജീവിതവഴിയിലുമാണ് എന്നു ഹെന്റി വ്യക്തമാക്കി. മനുഷ്യന്‍ തന്റെ ആന്തരികതയില്‍ ജീവന്‍ കണ്ടെത്തുന്നതാണ് സ്വയം കണ്ടെത്തുന്നതും ദൈവത്തെ കണ്ടെത്തുന്നതും എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
കേരളം ക്രൈസ്തവവിശ്വാസത്തിന്റെയും മാര്‍ക്‌സിയന്‍ വീക്ഷണത്തിന്റെയും നാടാണ്. രണ്ടിടത്തും പണത്തിന്റെയും ലോകശക്തിയുടെയും അധികാരത്തിന്റെയും യക്ഷികളുടെ കടന്നാക്രമണം വ്യക്തമാകുന്നു. പണത്തിന്റെ യക്ഷി പിടികൂടിയ മാര്‍ക്‌സിസത്തിന്റെ കഥയാണ് നമ്മുടെ കണ്‍മുമ്പില്‍ വിരിയുന്നത്. സ്വകാര്യ സ്വത്തു നിഷേധിക്കുന്ന ദ്രവ്യാഗ്രഹ നിഷേധത്തിന്റെ മാര്‍ക്‌സിസ്റ്റ് നേതാക്കളെയല്ല നാം കാണുന്നത്. കേരളത്തിലെ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നിയന്ത്രണം പിടിച്ചെടുത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബാങ്കു കൊള്ളയടിച്ച വാര്‍ത്തകള്‍ കൊണ്ട് മുഖരിതമാകുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പുപാളികളാക്കിയതും ദേവസ്വം ഭരണം നടത്തിയവരാണ് എന്നാണല്ലോ പൊലീസ് അന്വേഷണം പറയുന്നത്. ഈ പാര്‍ട്ടിയുടെ പൊലീസാണല്ലോ കത്തോലിക്കാസഭയുടെ ഒരു ്രപദേശത്തിന്റെ അധിപന്‍ നടത്തിയ ഭൂമി വില്പന വിവാദത്തില്‍ നേതാക്കളെ നിരന്തരം സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മ്മികശക്തി ചോര്‍ന്നുപോയ ഒരു പാര്‍ട്ടിനേതൃത്വം ധര്‍മ്മം തകര്‍ത്ത മതനേതാക്കളെ പൊലീസ് ബലത്തില്‍ സംരക്ഷിക്കുന്നു!
രാഷ്ട്രീയാധികാരവും സാമ്പത്തികശക്തിയും എന്ന യക്ഷികള്‍ മനുഷ്യനെ അവന്റെ ആന്തരികതയില്‍ നിന്നു സ്ഥിരമായി അന്യവല്‍ക്കരിക്കുന്ന ഭീകര പ്രതിസന്ധിയിലാണ് ലോകം. ക്രൈസ്തവികതയുടെ പേരു പറഞ്ഞ് അധികാരത്തില്‍ കയറിയ അമേരിക്കന്‍ പ്രസിഡന്റ് ഉയര്‍ത്തിപ്പിടിക്കുന്നതും ക്രൈസ്തവികതയുടെ ധാര്‍മ്മികശക്തിയെന്നതിനെക്കാള്‍ വെള്ളക്കാരുടെ ജാതി ആധിപത്യത്തിന്റെ ശക്തിയാണ് എന്നു കാണാന്‍ ആര്‍ക്കാണ് പ്രയാസം? മോസസ്സിന്റെ ധര്‍മ്മശക്തിയുടെ യഹൂദ മത രാഷ്ട്രമായ ഇസ്രയേല്‍ ഉയര്‍ത്തിപ്പിടിക്കുന്നതു ധര്‍മ്മബലമല്ല വെറും പട്ടാളത്തിന്റെ ആധിപത്യമാണ്. അദൃശ്യമായ മനുഷ്യജീവന്റെ വിലാസമായി വന്ന യേശുവിനെയും മാര്‍ക്‌സിനെയും ഒറ്റിക്കൊടുക്കുന്ന പ്രതിസന്ധിയിലാണ് നാം. എന്റെ ബോധത്തില്‍ എന്നെ കണ്ടെത്തുന്ന നടപടിയുടെ തന്നെ ഭാഗമാണ് ഞാന്‍ ദൈവത്തെ കണ്ടെത്തുന്നതും. മനഃസാക്ഷിയില്‍ ദൈവത്തിന്റെ സ്വരം കണ്ടെത്തുന്നവന്‍ തന്നെ സ്വയം കണ്ടെത്തുന്നു. അതാണ് ധര്‍മ്മത്തില്‍ ജീവിക്കാന്‍ അവനെ പ്രബുദ്ധനാക്കുന്നത്. ഈ വഴി ചിലര്‍ക്ക് പണത്തിന്റെയും അധികാരത്തിന്റെയുമായി മാറ്റപ്പെട്ടത് യക്ഷിബാധയിലാണ്.