ചിന്താജാലകം

വാക്കില്‍ വസിക്കുമ്പോള്‍

ഗുരുക്കളെ വന്ദിച്ചു ഞാന്‍ കടന്നുപോകുന്നു. കാല്‍ച്ചുവട്ടില്‍ വഴിയാണ്, പാദങ്ങള്‍ക്കടിയില്‍ ചരലും മണ്ണും. കൊവേന്തയില്‍ നിന്നു പുറപ്പെടുന്നു. എന്‍റെ അഹന്തയെ അന്തേവാസികള്‍ ഭര്‍ത്സിച്ചു. മേലാധിപതി പറഞ്ഞു. "സഹോദരാ, ശ്രദ്ധിക്കൂ. നിനക്കു മുമ്പില്‍ എഴുത്തിന്‍റെ പത്രമാണ്, എഴുത്തിന്‍റെ ഭൂമിക. മുമ്പിലുള്ള അക്ഷരങ്ങള്‍ ശ്രദ്ധിക്കൂ."

"അദ്ധ്യാപകരെ അതിലംഘിക്കുമ്പോള്‍ പോകുക, മണല്‍ക്കാട്ടിലേക്ക്. മണല്‍ക്കാട്ടില്‍ വഴികളുണ്ടോ? അവിടെ പുതിയ യുദ്ധമുഖങ്ങളും കാത്തിരിപ്പിന്‍റെ ഇടവുമുണ്ട്. പട്ടണങ്ങളെല്ലാം സോദോം ഗോമോറകളാകുന്നു. പട്ടണം പിടിച്ചു നിര്‍ത്തുന്നു. വിട്ടുപോകാന്‍ തയ്യാറാകാത്ത പട്ടണങ്ങള്‍. കടന്നുപോകാതെ പാപത്തിന്‍റെ തഴക്കത്തില്‍ കെട്ടിക്കിടക്കുന്നു. പറുദീസയുടെ ഏകാന്തതയിലേക്ക്. എല്ലാം വെട്ടിമാറ്റിയ മരുഭൂമി നിന്നിലാണ്. വിശ്വാസം, ചോദ്യം ചെയ്യപ്പെടുന്നിടം. സ്നേഹം അകത്തുണ്ടോ എന്ന് അന്വേഷിക്കുന്നിടം. അവിടെ പ്രതീക്ഷയുണ്ട്, ഉറക്കമില്ല. അതു വായനയുടെ ഇടമാണ്, മണല്‍ക്കാടാണ് എഴുത്തിന്‍റെ പത്രം. ആത്മാവും ദൈവവും വായിക്കുന്നിടം. ഈ വിശുദ്ധമായ പത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുക, ലോകം മറക്കുക. അത് അപ്പുറത്താണ്; ദൈവത്തിനും അപ്പുറത്ത്, പേരിനും ഭാഷയ്ക്കുമപ്പുറം. അതു സ്ഥലമല്ലാത്തിടമാണ്. അതു മണല്‍ത്തരികളുടെ മാത്രം ഇടമാണ്. അകവും പുറവുമില്ലാത്തതും. കാലമോ സ്ഥലമോ അല്ലാത്തതുമായ ഇടം. അത് എഴുത്തിന്‍റെ പ്രതലമാണ്. തെന്നിമാറുന്ന മണല്‍ത്തരികള്‍ അക്ഷരങ്ങളാണ്; വിശുദ്ധമായ ലിഖിതത്തിന്‍റെ പ്രതലം. ദൈവത്തിന്‍റെ എഴുത്തിന്‍റെ ഇടം. വായിക്കുക എന്നാല്‍ വാക്കില്‍ വസിക്കലാണ്, അതു വാക്കുകളിലൂടെയുള്ള യാത്ര, പുറപ്പാട്. നിത്യമായ വചനത്തിന്‍റെ പത്രം; ജീവിക്കുന്ന പിതാവിന്‍റെ ലിഖിതം – ജീവന്‍റെ പുസ്തകം. ഗുരുക്കളില്‍ നിന്നു പുറപ്പെടുന്നവന്‍ സ്വയം വായിക്കേണ്ട പുസ്തകം. നടന്നു കൂടു തേടേണ്ട ഇടം." കൂടു തേടി നിഴലിന്‍റെ പിന്നാലെയുള്ള ഓട്ടത്തില്‍ നിഴല്‍ ഭൂതമല്ല ഒരു സ്ത്രീയാണെന്നറിഞ്ഞു. സൂര്യന്‍ കരിച്ചു കറുപ്പിച്ചവള്‍, തപസ്സിന്‍റെ രോമകോശങ്ങള്‍ മാത്രം മറച്ചവള്‍. കടന്നുപോകാന്‍ നഗ്നമായ ഇടങ്ങള്‍, കാലുകള്‍കൊണ്ടും ജീവിതംകൊണ്ടും കടന്നുപോകുന്നവള്‍.

അക്ഷരങ്ങളായ മണല്‍ത്തരികളുടെ മണല്‍ക്കാട് ഈ അക്ഷരങ്ങള്‍ അവളെപ്പോലെ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളയും വന്ധ്യവുമായിരുന്നു. പക്ഷേ, അവ കാവ്യാത്മകമായും കാല്പിനികമായും സാദ്ധ്യതകളുടെ ഭാവിതന്നെ. പ്രതീക്ഷയുടെ സര്‍ഗാത്മകമായ വിശുദ്ധ പത്രം. അവിടെ മനസ്സിലാക്കല്‍ സമാഹരണമായിരുന്നു. ചിന്തയും സങ്കല്പവും സമ്മേളിച്ചു സമാഹരിക്കുന്നു. അവിടെ അറിവ് ഓര്‍മിക്കലായി മാറി. ജീവിതത്തിന്‍റെ പരാജയവും സ്വപ്നവും സമ്മേളിച്ചു. അവളെ പിന്നെ കണ്ടില്ല; അവളെ നഷ്ടമായി. പക്ഷേ അന്വേഷിച്ചു. അപ്പോള്‍ മണലില്‍ അവളുടെ അക്ഷരങ്ങള്‍ വായിച്ചു. അവളുടെ പേരും വാക്കുകളും തിരിച്ചറിഞ്ഞു. "ഇതു വായിക്കുക, എന്‍റെ അസ്ഥികള്‍ ഇവിടെ അടക്കുക, ഈ മണ്ണില്‍ ഞാന്‍ ചേരട്ടെ. പോകാന്‍ വന്നിടത്തേയ്ക്കു പോകട്ടെ. വാക്കാണ് ഇടം, വാക്ക് കൊടുക്കുക, വാക്കില്‍ വസിക്കുക." അമ്പരന്നു നിന്നു. അവള്‍ അക്ഷരം പഠിച്ചവളല്ല, എഴുതാനറിഞ്ഞവളുമല്ല.

എനിക്ക് എന്നെ എത്രമേല്‍ ഇഷ്ടമാണ് ? അഥവാ സ്വയം പരിചരണത്തിലേക്ക് ഒരു ചോദ്യം

പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]

Birthday Happy?!

നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്

സമര്‍പ്പണ വഴിയിലെ സ്വയം പരിചരണം