ചിന്താജാലകം

സാമുദായിക പ്രലോഭനം

സിമോൻ വൈൽ (1909-1943) എന്ന യഹൂദ സ്ത്രീ എല്ലാ അർത്ഥത്തിലും കത്തോലിക്കയായിരുന്നു. ടി.എസ്. എലിയട്ട് അവരെ "വിശുദ്ധരെപ്പോലുള്ള പ്രതിഭ" എന്നാണു വിശേഷിപ്പിച്ചത്. അവരുടെ കത്തോലിക്കാ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാക്ഷ്യമാണ് "ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു" എന്ന കൃതി അവരുടെ ആത്മീയപിതാവായിരുന്ന കത്തോലിക്കാ പുരോഹിതനോടു താൻ എന്തുകൊണ്ടു മാമ്മോദീസ സ്വീകരിക്കുന്നില്ല എന്ന വിശദീകരണം ഇൗ ഗ്രന്ഥത്തിലുണ്ട്. ക്രിസ്തുവിനെ അഗാധമായി സ്നേഹിച്ചാരാധിച്ചു; പക്ഷേ, മാമ്മോദീസ മുങ്ങാൻ അവർ ഭയപ്പെട്ടു. അതിന് അവർ പറയുന്ന കാരണങ്ങൾ ചിന്തനീയമാണ്.

ഒന്നാമത്തെ കാരണം അവരുടെ സ്വാഭാവികമായ ഒരു ബലഹീനതയാണ്. ആരും പറയുന്നതു വിശ്വസിക്കുകയും ആരാലും വശീകരിക്കപ്പെടുകയും ചെയ്യുന്ന പ്രകൃതി. നാസികളുടെ പ്രസംഗങ്ങൾ കേട്ടാൽ താൻ നാസിയായി പോകും എന്ന ഭയം. ഇൗ ബലഹീനതയുടെ ഫലമായി ദൈവപ്രസാദത്തിൽ നിന്നു തെററിപ്പോകും എന്നു ഭയപ്പെടുന്നു. ഇൗ ഭയത്തിന്റെ അടിസ്ഥാനംതന്നെയാണു തന്നെ സഭയിൽ നിന്നു പുറത്താക്കുന്നത്.

രണ്ടാമത്തെ ഭയം ഒന്നാമത്തേതുമായി ബന്ധപ്പെട്ടതാണ്. കത്തോലിക്കാസഭയിലെ വിശുദ്ധർ തന്നെയാണ് ആ കാരണം. "കുരിശുയുദ്ധങ്ങളെയും മതകുറ്റവിചാരണകളെയും (inquisition) അംഗീകരിച്ച വിശുദ്ധരുണ്ട്." അവർ തെറ്റിലായിരുന്നു എന്ന് എനിക്കു ചിന്തിക്കാതിരിക്കാനാവില്ല. എനിക്ക് എന്റെ മനഃസാക്ഷിയുടെ വെളിച്ചത്തിന് എതിരാകാൻ കഴിയില്ല. ഇൗ വിഷയത്തിൽ അവരേക്കാൾ കൂടുതൽ വ്യക്തമായി ഞാൻ കാണുന്നു എന്നു ചിന്തിക്കാതിരിക്കാനും കഴിയുന്നില്ല. പക്ഷേ, ഇൗ വിശുദ്ധരേക്കാൾ എത്രയോ താഴെയാണു ഞാൻ. ഇക്കാര്യത്തിൽ അവർ ഏതോ ശക്തിയാൽ അന്ധമായിപ്പോയി എന്ന് അംഗീകരിക്കാതിരിക്കാനും കഴിയുന്നില്ല." കരിശുയുദ്ധത്തിൽ പങ്കെടുത്ത പത്തു വിശുദ്ധരെങ്കിലുമുണ്ട്. പൊൻകുന്നം വർക്കിയുടെ "വാഴ്ത്തപ്പെട്ട കൊച്ചാപ്പി" എന്ന സഭാവിരുദ്ധ കഥയും അലോസരപ്പെടുത്തും. വിശുദ്ധരെപ്പോലും അന്ധരാക്കുന്ന എന്താണു സഭയിലുള്ളത്? "എന്നെ ഭയപ്പെടുത്തുന്നത് ഇൗ സഭയുടെ സാമൂഹികഘടനയാണ്." അവർ എഴുതി, "കത്തോലിക്കാവൃത്തങ്ങളിലുള്ള സഭാസ്നേഹം എന്നെ ഭയപ്പെടുത്തുന്നു. ഇൗ വിശുദ്ധരെപ്പോലും സഭയുടെ സാമൂഹികഘടന അന്ധമാക്കിയെങ്കിൽ ആരാണ് പേടിക്കേണ്ടിയില്ലാത്തത്?"

"എന്റെ" എന്നു പറയാൻ മാംസം നിർബന്ധിക്കുമ്പോൾ "നാം" എന്നു പറയാനാണു പിശാച് സമ്മർദ്ദം ചെലുത്തുന്നത്. സാമുദായികമണ്ഡലം ചെകുത്താന്റെ വേദിയാണ്. അതു ലോകത്തിന്റെ അധികാരിയുടെ ഇടമാണ്. ചെകുത്താൻ ദൈവത്തിന്റെ സഹകരണങ്ങൾ പടച്ചുണ്ടാക്കാൻ മിടുക്കനാണ്. സിമോൻ വൈൽ ആവർത്തിച്ചു പറയുന്നു "നമ്മൾ" എന്ന സാമുദായികതയിൽ അംഗമാകാൻ നാം പേടിക്കുന്നു; അതു ഒരുതരം വീറാണ്. ഇൗ "നമ്മൾ" ബോധം നമ്മെ ദൈവത്തിൽ നിന്നകറ്റാം. നഗരവും ഗ്രാമവും ഉണ്ടാക്കുന്നത് ഗൃഹാതുരത്വമാണ്. യഹൂദവനിത എന്ന വിധത്തിൽ അവർ പുറപ്പാടിലാണ്. എല്ലായിടത്തുനിന്നും ഇറങ്ങിപ്പോകുന്ന പുറപ്പാട് – ആപത്തിൽ നിന്നും നമ്മിൽനിന്നും ഇറങ്ങിപ്പോകുന്ന പുറപ്പാട്-അഹത്തിൽ നിന്നും നമ്മിൽനിന്നും ഇറങ്ങിപ്പോകുക. ഇൗ പുറപ്പാടിനു കഴിയാത്തവർ അഹത്തിലും നമ്മിലും ആണിവച്ച പേഗനിസത്തിലാണത്രേ. യേശുവിനെയും അവന്റെ സുവിശേഷത്തെയുംകുറിച്ചു മൗനികളാകുകയും സഭയെക്കുറിച്ചു അതിവാചാലമാകുകയും ചെയ്യുന്ന സഭാനേതൃത്വത്തെ ഭയപ്പെടുക. ""ആഗ്രഹവും അതിന്റെ പൂർത്തീകരണവും തമ്മിലുള്ള ബന്ധത്തിലല്ല യഥാർത്ഥ സ്വാതന്ത്ര്യം നിർവചിക്കുന്നത്. മറിച്ചു ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിലാണ്." ""അപരനുവേണ്ടി മോചനദ്രവ്യമായി ഒരുവൻ നല്കുന്നതാണു രക്ഷാകരകർമ്മം."

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്