കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.
കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

അധ്യായം 19

  • പൊള്ളല്‍

ശനിയാഴ്ചയിലെ കള്ളുമോന്തലിന് ആളു കൂടുതലായിരുന്നു. അന്നത്തെ ചീട്ടുകളിക്ക് കാശും കൂടുതലായിരുന്നു. കാരണം, പതിവ് ശനിയാഴ്ചകളിലെ കള്ളുകുടിക്കുവേണ്ടിയുള്ള പിരിവിടല്‍ അന്നുണ്ടായിരുന്നില്ല. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള എന്നാല്‍ അടിക്കാറില്ലാത്ത കോളരിക്കല്‍ സേവിക്ക് അന്ന് ലോട്ടറി അടിച്ച വകുപ്പില്‍ തടഞ്ഞത് രൂപ മൂവായിരമായിരുന്നു. ആരോടും പറയരുതെന്നും പറഞ്ഞ് സേവി കൂട്ടുകാരന്‍ ജെയ്‌മോനോട് പറഞ്ഞത്, ആ കരയിലുള്ള സര്‍വ മനുഷ്യരോടും ആടിനോടും കാളയോടും പാത്തയോടും താറാവിനോടുംവരെ ജയ്‌മോന്‍ പറഞ്ഞു നടന്നു. കാരണം ആ മൂവായിരം ഒരു ചെറിയ തുകയല്ലായിരുന്നു.

ഒരു പിരിവും ഇടേണ്ടി വരില്ലായിരുന്ന ആ ശനിയാഴ്ചയില്‍ സേവി വാങ്ങാം എന്ന് ഉറപ്പു കൊടുത്ത മുന്തിയ ഇനം മദ്യത്തെ അവര്‍ ഒന്നടങ്കം വേണ്ടെന്നുവച്ചു. കാശും പത്രാസും പണവും പ്രതാപവും ഉണ്ടായിരുന്ന വെളുത്ത ജുബ്ബ ധരിച്ച കാശുള്ള ക്രിസ്ത്യാനികളുടെ വിദേശമദ്യത്തിന് അറക്കപ്പറമ്പില്‍ ജോണിയെ പോലെയും കോളരിക്കല്‍ സേവിയെ പോലെയുമുള്ള ഉരുക്കു മനുഷ്യരുടെ തലയ്ക്ക് മത്തുപിടിപ്പിക്കാനുള്ള വീര്യം പോരാ എന്നതായിരുന്നു ആ അവഗണനയ്ക്ക് കാരണം. കാശ് കൂടിയ കള്ള് വാങ്ങി കുടിച്ചാല്‍ ഉണ്ടായേക്കാവുന്ന കുറ്റബോധം അവരെ ആരെയും ഒരിക്കലും തീണ്ടിയില്ലെന്ന് മാത്രമല്ല; നിമിഷം നേരം കൊണ്ട് സദസ്സിലേറി പട്ടിണി പാ വങ്ങളെ കൊണ്ട് തങ്ങള്‍ പ്രഭുക്കളാണെന്നും, ദരിദ്ര നാരായണന്മാരെ കൊണ്ട് തങ്ങള്‍ നായരും നമ്പൂരിയും ആണെന്നും ചിന്തിപ്പിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന പട്ട ചാരായത്തെ അവര്‍ നിത്യം പുല്‍കുകയും ചെയ്തു.

ജോണിയുടെ വീട്ടുമുറ്റത്തേക്ക് ഫൈബര്‍ കസേരകളുടെ എണ്ണം കൂടിക്കൂടി വന്നു. കൂനമാവിലും കലൂരിലും ഉണ്ടായിരുന്ന ധ്യാനം കൂടി മാനസാന്തരപ്പെട്ട കള്ളുകുടിക്ക് ബന്ധനം നല്‍കിയ ലോനപ്പന്‍ ചേട്ടനും ഉണ്ട റോബിയും ബ്ലേഡ് ദേവസ്യയും ഇരുട്ടത്തു വന്ന് രണ്ടു മൂന്ന് പെഗ് അടിച്ചിട്ട് പ്രാര്‍ഥന ചൊല്ലാന്‍ അവരവരുടെ വീടുകളിലേക്ക് പോയെങ്കിലും ജോണിയുടെ മേശപ്പുറത്തിരിക്കുന്ന എണ്ണമറ്റ ചാരായ കുപ്പികളുടെ ചിത്രം രൂപക്കൂട്ടിലെ കന്യകാമറിയത്തിന്റെയും തിരുഹൃദയത്തിന്റെയും ചിത്രങ്ങളെ ഉന്തി തള്ളിമാറ്റിക്കൊണ്ടേയിരുന്നു. മൂന്ന് പെഗ് അടിച്ചിട്ടും തലയ്ക്ക് പെരിപ്പു കിട്ടാതെ സങ്കടപ്പെട്ട ഉണ്ട റോബിയുടെ മനസ്സില്‍ പ്രലോഭകന്‍ കൊണ്ട് നാലാം പെഗ്ഗിന്റെ കൊതിയില്‍ തട്ടി കൊന്ത ചെല്ലലിനെ നാലാം രഹസ്യം പലതവണ തെറ്റിച്ചത് വീട്ടില്‍ ആകമാനം പരസ്യമായ വീഴ്ചയായി.

വീട്ടുമുറ്റത്തേക്ക് വന്നു കൂടിക്കൊണ്ടിരിക്കുന്ന പുതുമുഖങ്ങള്‍ കെവിനെ ചെറുതായിട്ടൊന്നുമല്ല ഭയപ്പെടുത്തിയത്. പതിവ് ശനിയാഴ്ചകളിലെ പരിചിത മുഖങ്ങളെക്കാളും പരിചിത വാക്കുകളേക്കാളും പെരുത്തതും പ്രശ്‌നക്കാരുമായ കുറച്ച് അധികം കള്ളുകുടിയന്മാര്‍ ആ സായാഹ്നത്തെ പെട്ടെന്നിരുട്ടിപ്പിച്ചു. അടുക്കളയില്‍ തിളച്ചു മറിയുന്ന നാടന്‍ വരാലും വറുത്ത് മൊരിച്ച് സവാള അരിഞ്ഞ് സ്റ്റീല്‍ പാത്രത്തില്‍ അലങ്കരിച്ചു വച്ചിരിക്കുന്ന കൊഴുവയും കണമ്പും പോരാഞ്ഞിട്ട് ചാരായത്തിനൊപ്പം താറാമുട്ട മാത്രം ഇറങ്ങുന്ന ചെമ്മീന്‍ കെട്ടുകാരന്‍ ആന്റപ്പന്റെ ആഗ്രഹപ്രകാരം കെവിനെ കൊണ്ട് ജോണി പല ആവര്‍ത്തി താറാമുട്ട വാങ്ങിച്ച്, പാതി പുഴുങ്ങിയ താറാമുട്ടയ്ക്കു മുകളില്‍ കറുത്ത കുരുമുളകു പൊടിയും വെളുത്ത ഉപ്പും വിതറി തലയ്ക്ക് പിടിച്ചവര്‍ പരസ്പര സ്‌നേഹം വായില്‍ വച്ച് കൊടുക്കാന്‍ തുടങ്ങി. ചാരായത്തിന്റെ മണം പുരണ്ട ചുണ്ട് കൊണ്ട് ആണുങ്ങള്‍ തമ്മില്‍ ഉമ്മ വയ്ക്കാന്‍ ആരംഭിച്ചു. അനുഭവിച്ചവര്‍ക്ക് ആഹ്ലാദവും കണ്ടുനില്‍ക്കുന്നവര്‍ക്ക് അറപ്പും തോന്നിയിരുന്നു. ആ ലഹരിയാട്ടത്തില്‍ ആണുങ്ങളുടെ ശരീരത്തില്‍ കാമദേവന്‍ കളിയാടിയതു പോലെ കെവിന് തോന്നി.

അടുക്കള വാതില്‍ക്കല്‍ വിയര്‍ത്തിരിക്കുന്ന റീത്തയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആന്റപ്പന്‍ എന്ന മനുഷ്യന്റെ ആഗമനം. കള്ളുകുടിക്കാത്ത നേരത്തും കള്ളുകുടിക്കുന്ന നേരത്തും അയാളുടെ നോട്ടങ്ങളില്‍ പോലും അശ്ലീലം ഉണ്ടായമുണ്ടായിരുന്നെന്ന കാര്യം അമ്മ പലയാവര്‍ത്തി അപ്പുറത്തെ വീട്ടിലെ അയല്‍പക്കകാരികളോട് പറയുന്നത് കെവിന്റെ കാതിലൂടെ ഹൃദയത്തില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ആന്റപ്പന്‍ എന്ന അശ്ലീലം അകത്തേക്ക് കയറാതിരിക്കാന്‍ കെവിന്‍ അടുക്കള വാതില്‍ക്കല്‍ ഞെളിഞ്ഞ് നിന്നെങ്കിലും തഴമ്പ് പിടിച്ച ഉരുക്ക് കൈകൊണ്ട് കൊടുത്ത ഒരു ചെറിയ തള്ളി മാറ്റലില്‍ കെവിന്‍ മാത്രമല്ല കതക് കൂടി മാറിപ്പോയിരുന്നു. ഇടത് കൈയില്‍ പിടിച്ചിരുന്ന സ്റ്റീല്‍ ജഗ് നീട്ടിപ്പിടിച്ചുകൊണ്ട് ആന്റപ്പന്‍ റീത്തയോട് ഇച്ചിരി വെള്ളം തന്നേടി എന്നൊരു ആജ്ഞയാണ് കൊടുത്തത്. വേറെ ഏത് ആണിനോടും പോരടിച്ചു നില്‍ക്കാന്‍ പ്രാപ്തിയുള്ള അമ്മ ആന്റപ്പന്റെ മുന്നില്‍ ഒരു പ്രാവിനെ പോലെ പതുങ്ങുന്നതു കണ്ട് കണ്ണില്‍ തീയും തണുപ്പും ഒരുമിച്ച് വന്നു. ജഗ്ഗു വാങ്ങി വെള്ളമെടുക്കാന്‍ തിരിഞ്ഞ റീത്തയുടെ അരക്കെട്ടില്‍ അനുവാദമില്ലാതെ കയറിപ്പിടിച്ച് ആന്റപ്പന്റെ കൈ തട്ടി മാറ്റിയ റീത്ത ഒച്ചയില്ലാതെ നിലവിളിച്ചു. കയ്യിലിരുന്ന ജഗ്ഗ് താഴെ വീണ സ്വരം കേട്ട് കൈസര്‍ കാരണം തിരിച്ചറിഞ്ഞ് തന്നെയാണ് കൂട്ടില്‍ കിടന്ന് അലമുറയിട്ടത്. അമ്മയുടെ ദേഹത്ത് അശ്ലീലത്തിന്റെ കൈയിരിക്കുന്നത് കണ്ട കെവിന്‍ ആന്റപ്പന്റെ നേര്‍ക്ക് അരിശത്തോടെ ആഞ്ഞടുത്തു. റീത്തയുടെ അരക്കെട്ടില്‍ നിന്നും തെറിച്ച കൈ റീത്തയുടെ കഴുത്തിനെ ചുറ്റി വിരിയുന്ന കാഴ്ചയില്‍ കെവിന്‍ നിശ്ചലനായി പോയി.

''വെറുതെ കിടന്ന് കാറി കൂവിയാല്‍ കാല് തല്ലിയൊടിക്കും നായിന്റെമോനേ''ന്നുള്ള ജോണിയുടെ അലര്‍ച്ചയില്‍ കൈസറിന്റെ സ്വരം ഞെരിങ്ങലായി മാറി.

അകത്ത് അടുക്കളയില്‍ ഒരു അമ്മയും കുഞ്ഞും ആരോരും ഇല്ലാത്തവരെ പോലെ ആര്‍ത്തനാദം പൊഴിച്ചത് കേള്‍ക്കാന്‍ പറ്റാത്ത ഒച്ചയില്‍ ജോണിയും കൂട്ടുകാരും 'അല്ലിയാമ്പല്‍ കടവിന്നരയ്ക്കു വെള്ളം' പാടി തകര്‍ക്കുകയായിരുന്നു.

റീത്തയെ തള്ളി മാറ്റി ക്കൊണ്ട് അടുപ്പിന്നടുത്തിരുന്ന വെള്ളത്തിന്റെ പാത്രം ഒറ്റകൈകൊണ്ടെടുത്ത് ആന്റപ്പന്‍ പുറത്തേക്കിറങ്ങും വഴി കെവിന്‍ മുന്നില്‍ ചെന്നു നിന്ന് ചിരിച്ചു. ഭൂമിയില്‍ വച്ചേറ്റം മനോഹരമായ 'ചിരി'യെന്നൊരു കാര്യം അന്ന് ആദ്യമായി മലിനവും വികൃതവും വിരൂപവുമായി മാറി. അരിശം കൊണ്ടും സങ്കടം കൊണ്ടും പല്ല് ഞെരിച്ച കെവിന്റെ അടുത്തു നിന്ന ആന്റപ്പന്‍ സ്വന്തം പല്ലിന്റെ ഇടയില്‍ നിന്നും ഇളക്കിയെടുത്ത ഒരു മീന്‍ മുള്ളടത്ത് കെവിന്റെ കവിളില്‍ കുത്തിയിറക്കി. ഒരു തരി പോലും വേദന തോന്നാത്ത രീതിയില്‍ പല്ലുഞെരിച്ച് നിന്ന കെവിനെ നോക്കി അയാള്‍ പറഞ്ഞു, ''നിന്റെ അപ്പനെ തല്ലി പരിചയമുള്ള കൈയാണിത്, പിന്നെയാണ് നീ.'' ഒരൊറ്റ തള്ളലില്‍ കെവിനെ തെറിപ്പിച്ച ആന്റപ്പന്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ 'അല്ലിയാമ്പല്‍ കടവില്ലെന്ന് അരയ്ക്കു വെള്ളം'' എന്ന പാട്ടിന്റെ അനുപല്ലവി പാടിക്കൊണ്ട് അവര്‍ക്ക് അരികിലേക്ക് നടന്നു

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org