ചിന്താജാലകം

അധികാരത്തിന്റെ കാഴ്ചപ്പാട് മാറ്റം

Sathyadeepam

പോള്‍ തേലക്കാട്ട്

"എല്ലാ രാജകുമാരന്മാരും (കര്‍ദ്ദിനാളന്മാര്‍) മാര്‍പാപ്പയുടെ കാലുകള്‍ ചുംബിക്കണം" 1075-ല്‍ ഗ്രിഗറി ഏഴാമന്‍ പുറപ്പെടുവിച്ച കല്പനയാണിത്. അദ്ദേഹം തുടര്‍ന്ന് എഴുതി, "സിനഡ് വിളിക്കാതെ മെത്രാന്മാരെ സ്ഥാനഭ്രഷ്ടരാക്കുകയും പുനഃപ്രതിഷ്ഠിക്കുകയും ചെയ്യാം." എന്നാല്‍ 2015 ഒക്‌ടോബര്‍ 17-ാം തീയതി പോള്‍ ആറാമന്‍ ആരംഭിച്ച സിനഡു സംവിധാനത്തിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, "വികേന്ദ്രീകരണം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. പാപ്പാ സ്ഥാനത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അടിയന്തിരാവശ്യമാണ്." "സിനഡു സംവിധാനം സഭയുടെ ഘടനാപരമായ മാനമാണ്." "നാം ഒരുമിച്ചു നടക്കുന്നു – ജനങ്ങളും മെത്രാന്മരും മാര്‍പാപ്പയും. സിനഡ് സംവിധാനം എല്ലാ തലങ്ങളിലും ജീവിക്കണം." ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍.

ഇതു വളരെ ശ്രദ്ധേയമായ കാഴ്ചപ്പാട് മാറ്റമാണ്. ഇത് 1960-കളിലെ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ആരംഭിച്ചതാണ്. ഈ ചൈതന്യം പ്രമാണരേഖകളിലുണ്ട്. പക്ഷെ, യഥാര്‍ ത്ഥത്തില്‍ ഇതു പാപ്പ സ്ഥാനത്തില്‍ മാത്രമാണ് സംഭവിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നാം കാണുന്ന പാപ്പാ സ്ഥാനം വിശാലലോകത്തിന്റെ ധാര്‍മ്മികശബ്ദമാണ്. പക്ഷെ, ഈ മാറ്റം മെത്രാന്മാരിലേക്കും വൈദികരിലേക്കും കടന്ന യാഥാര്‍ത്ഥ്യമായോ എന്നു ഗൗരവമായി ശങ്കിക്കുന്നു.

സഭയില്‍ ക്രിസ്തുവിന്റെ അധികാരവീക്ഷണമായിരുന്നില്ല നിലനിന്നത് എന്നതിന് പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. കാലുകഴുകേണ്ടവര്‍ കാലുകഴുകിക്കുന്നവരായത് അങ്ങനെയാണ്. ഈ തലതിരിവ് റോമാസാമ്രാജ്യത്തിലൂടെയാണ് സംഭവിച്ചത്. നിലനിന്നതു ക്രൈസ്തവീകതയാകാതെ ക്രൈസ്തവസാമ്രാജ്യമായിരുന്നു. അതു റോമാസാമ്രാജ്യത്തിന്റേയും സീസറിന്റേയും റോമന്‍ നിയമത്തിന്റെയും അലകിലും പിടിയിലും തീര്‍ത്ത അധികാരഘടനയായിരുന്നു. കൊ ണ്‍സ്റ്റാന്റിയനിലും അതിനുശേഷവും പ്രകടമായതു സാമ്രാജ്യത്വത്തിന്റെ ദൈ വത്തിന്റെ സൂര്യാധിപത്യമായിരുന്നു. വെളിച്ചത്തി ന്റെ ആധിപത്യത്തിന്റെ പ്ലേറ്റോണിക് ദൈവം. മാര്‍ പാപ്പ സീസറിന്റെ കിരീടമണിഞ്ഞു. മെത്രാന്മാരും വൈദികരും അവരുടെ മണ്ഡലങ്ങളില്‍ സൂര്യന്റെ പ്രതിനിധികളായി. ഇതാ ണ് ക്ലെരിക്കലിസം എന്നതുകൊണ്ട് ഇന്നു സഭ മനസ്സിലാക്കേണ്ടത്.

സഭയിലുടനീളം നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നതു സിനഡ് വ്യവസ്ഥയാണ്. സിനഡ് എന്ന ഗ്രീക്കു വാക്കിനര്‍ത്ഥം യോഗം, സമ്മേളനം എന്നാണ്. സൂനഹദോസ് ഒന്നിച്ചുള്ള യാത്രയാണ്. ഏകസ്വരാധിപത്യത്തില്‍ നിന്നു ബഹുസ്വരതയിലേക്കുള്ള മാറ്റമാണിത്. വികേന്ദ്രീകരണമാണ് ഏറ്റവും പ്രധാനം. അതുപോലെ വിശ്വാസികള്‍ക്ക് വിശ്വാസത്തെക്കുറിച്ച് പറയാന്‍ അവകാശം നല്കുന്നു. വിശ്വാസികളുടെ പൊതുധാരണയും (Sensus Fidei) സഭയുടെ പ്രബോധനവും വിവേചനവും (Ecclesia Docens Discens) നമ്മില്‍ അന്തരമുണ്ടാകാന്‍ പാടില്ല. ക്രിസ്തുസഭയില്‍ കാലാകാലങ്ങളില്‍ വെളിവാക്കുന്നതു വിവേചിക്കാനുള്ള കഴിവ് സകല വിശ്വാസികള്‍ക്കും നല്കുന്നു. ഇതു ജനാധിപത്യമാണെന്നും അല്ലെന്നും പറയാം. ഇതു ആള്‍ക്കൂട്ടാധിപത്യമോ വെറും ഭൂരിപക്ഷാധിപത്യമോ അല്ല. പരിശുദ്ധാത്മാവ് സഭയോടു പറയുന്നതു വിവേചിക്കാന്‍ എല്ലാവര്‍ക്കും കഴിയും. എങ്കിലും ഇതു വെറും വോട്ടെണ്ണലിന്റെ പ്രശ്‌നമല്ല. ഇതു സംഘാതമായ കൂട്ടായ്മയുടെ യാത്രയും ഭാഷണവുമാണ്. ഇവിടെ കേന്ദ്രീയമാകുന്നതു ഭാഷയും ഭാഷണവുമാണ്.

പഴയനിയമകഥ, ബാബേല്‍ഗോപുരകഥ, ഏകഭാഷാധിപത്യമല്ല ബഹുഭാഷകളുടെ സ്വാതന്ത്ര്യമാണ്. സംഘര്‍ഷങ്ങള്‍ ഉണ്ടാകും, അതു നേരിടേണ്ടതു സംഭാഷണത്തിന്റെ ശൈലിയിലാണ്. സംഭാഷിക്കാന്‍ സന്നദ്ധമാകുമ്പോള്‍ അപരനുമായി ഭാഷണങ്ങളുടെ ട്രാക്കാണ് തയ്യാറാകുന്നത്. ഈ ഉടമ്പടിയാണ് ഭാഷയുടെ അടിസ്ഥാനം. ദൈവവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉടമ്പടിയിലാണ് ഭാഷ ഉണ്ടാകുന്നത്. അതു ബന്ധം അറ്റുപോകുമ്പോള്‍ മാത്രമാണ് സംഭാഷണം റദ്ദാകുന്നത്; അക്രമം ആരംഭിക്കുന്നത്. പരസ്പരം സംഭാഷിക്കാന്‍ തയ്യാറാകുന്നു എന്നതുകൊണ്ട് അവരിലെ ദൈവികതയില്‍ നിന്നു സംഭാഷിക്കാന്‍ കഴിയും എന്നതാണ്. ഇതിനു വിരുദ്ധമായ നിലപാട് "ഉപായ ചിന്ത"യുടെയും ചതുരംഗബുദ്ധിയുടെ, കപടബുദ്ധിയുടെ ഭാഷണമാണ്. വൈവിധ്യങ്ങളെ അനുരഞ്ജിപ്പിക്കുന്നതിലായിരിക്കണം സഭാനേതൃത്വത്തിന്റെ അധികാരം. ഡോസ്‌തോവ്‌സ്‌ക്കി തന്റെ കഥാപാത്രങ്ങളുടെ വൈവിധ്യ സ്വാതന്ത്ര്യം നിഷേധിക്കാതെ ദൈവികമായ കഥയുണ്ടാക്കുന്നതുപോലെയാണിത്. കഥാകൃത്ത് സന്നിഹിതമാകയോ കഥാപാത്രമാകയോ വേണ്ട. പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ സംസാരിക്കുന്നത് സാര്‍വ്വത്രികഭാഷയായ എസ്പിരാന്റോയിലല്ല. ഓരോരുത്തരും അവരവരുടെ ഭാഷ പറയുന്നു. അവരവരുടെ ഭാഷയില്‍ മനസ്സിലാക്കുന്നു. നാവിന്റെ അഗ്നിശുദ്ധിയില്‍ ദേവഭാഷ സംസാരിക്കുമ്പോള്‍ ബഹുസ്വരതയുടെ പന്തക്കുസ്ത സംജാതമാകും.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം