പോള്‍ തേലക്കാട്ട്
2025 സെപ്തംബര്‍ 25-ാം തീയതി വച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ ഒപ്പുവച്ച് ഇറക്കിയിരിക്കുന്ന ഇടയലേഖനം ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു. സഭയുടെ സമുദായ ശാക്തീകരണമാണ് വിഷയം. സഭയുടെ ഏതു മതിലാണ് പൊളിഞ്ഞത്, ഏതു മതില്‍ പണിയാനാണ് നെഹമിയ (2:17) ഉദ്ധരിച്ചുകൊണ്ട് ലേഖനം ആവശ്യപ്പെടുന്നത്?
ബി സി 587 ല്‍ ആരംഭിച്ച ബാബിലോണിയന്‍ വിപ്രവാസത്തിന്റെ ദുരന്താനുഭവത്തില്‍ ഇസ്രയേല്‍ ജനം പെട്ടപ്പോള്‍ പേര്‍ഷ്യന്‍ രാജാവിന്റെ പാനപാത്ര വാഹകന്‍ എന്ന സ്ഥാനത്ത് എത്തിയ നെഹമിയ ജറുസലേമില്‍ അതിന്റെ മതിലുകള്‍ പൊളിഞ്ഞു കിടക്കുന്നതില്‍ കുണ്ഠിതനായി ജനങ്ങളോട് അതു പുതുക്കിപ്പണിയാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ സംഭവത്തിനു സമാനമായി സീറോ മലബാര്‍ സഭയില്‍ എന്തു ദുരന്തമാണ് ഉണ്ടായിട്ടുള്ളത്? നിര്‍ബന്ധിത വിപ്രവാസത്തിലേക്ക് ആരാണ് നയിക്കപ്പെട്ടത്? ഇതൊന്നും വ്യക്തമല്ല. സഭയുടെ സംരക്ഷണത്തിന്റെ ഏതു മതിലുകളാണ് പൊളിഞ്ഞ് സഭാമക്കള്‍ അരക്ഷിതരായിരിക്കുന്നത്? സീറോ മലബാര്‍ സഭയുടെ മതിലുകള്‍ എന്താണ്? ആരാണ് കടന്നാക്രമിക്കുന്നത്. സഭ മതില്‍ കെട്ടി സംരക്ഷിക്കേണ്ട ഒരു സംവിധാനമാണോ?
ജാതി-വര്‍ഗ-ഗോത്രങ്ങള്‍ക്കതീതമായി മനുഷ്യനെ കാണാന്‍ നാം വിളിക്കപ്പെട്ടവരല്ലേ?
''സഭ എന്ന പദം ഉപയോഗിക്കുമ്പോള്‍ നമ്മുടെ സ്വാഭാവിക ചിന്തയിലേക്കു വരാത്ത സാമൂഹിക ജീവിത യാഥാര്‍ഥ്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനു വേണ്ടിയാണ് സമുദായം എന്ന വാക്കു ബോധപൂര്‍വം ഉപയോഗിക്കുന്നത്'' എന്നാണ് ഇടയലേഖനം പറയുന്നത്. ഇവിടെ സഭ എന്ന പദവും സമുദായം എന്ന പദവും ഒരേ അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്. ഇതു ശരിയാണോ? സഭയെ വര്‍ഗീയസ്വഭാവത്തിലേക്ക് വഴിതിരിക്കുന്ന നാര്‍സിസിസം ഇതിലുണ്ടോ?
ഇസ്രായേലിന്റെ പ്രധാന മന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ ചെയ്യുന്നതു മതില്‍ പണിയുന്നതാണ് - അതു യുദ്ധമാണ്. ചിലര്‍ മതിലിനപ്പുറത്തേക്ക് കടന്നാക്രമിച്ചപ്പോള്‍ മതില്‍ പണിയുന്ന പണി യുദ്ധമായി മാറി. ഇവിടെ ചിന്തയ്ക്കു വിധേയമാകേണ്ടതു മതിലിന്റെ രാഷ്ട്രീയം തന്നെ യാണ്. അങ്ങനെയൊരു രാഷ്ട്രീയം ഇസ്രായേലിന്റെ തനിമയില്‍ അഥവാ സ്വത്വബോധത്തിന്റെ ഭാഗമായിരുന്നോ?
ക്രിസ്തുവര്‍ഷം 70-ല്‍ റോമാക്കാര്‍ ജറുസലേം ആക്രമിച്ച് ദേവാലയം നശിപ്പിച്ചതിനുശേഷം ഇസ്രായേല്‍ ജറുസലേം ദേവാലയം വീണ്ടും പണിയാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ക്കു സ്വന്തമായി നാടുണ്ടായിട്ടും അതു പണിതിട്ടില്ല. ജറുസലേമില്‍ ദേവാലയം പണിതില്ല എന്നു മാത്രമല്ല പൗരോഹിത്യവും ദേവാലയത്തിലെ മൃഗബലിയടക്കമുള്ള അനുഷ്ഠാനങ്ങളും അവസാനിപ്പിച്ചു. നൂറ്റാണ്ടുകള്‍ അവര്‍ നാടില്ലാത്ത എല്ലാ നാടുകളിലും പ്രവാസികളായി അലഞ്ഞ് അവര്‍ ജീവിച്ച സമൂഹങ്ങളിലെ ഭാഷ പഠിച്ചു, ഹീബ്രു ഭാഷ മറന്നു. ബൈബിള്‍ ഗ്രീക്കിലേക്കു തര്‍ജ്ജമ ചെയ്തു. അവര്‍ അവരെത്തന്നെ നിര്‍വചിച്ചു. അവര്‍ നാടില്ലാത്തവരും വേദപുസ്തകത്തില്‍ വസിക്കുന്നവരുമായി. അവര്‍ ഉണ്ടാക്കിയ സിനഗോഗുകളും റബ്ബിമാരും സൂചിപ്പിക്കുന്നത് അതാണ്. അവരുടെ ജീവിതമാതൃകകളായി അബ്രാഹവും മോസസും, അവര്‍ പുറപ്പാടുകാരായി. നാടും വീടും വിട്ടുപോകുന്നവര്‍. അവര്‍ അപരരിലേക്കു പുറപ്പാട് നടത്തി. മറ്റു സമൂഹങ്ങളുമായി ഭാഷണ ഉടമ്പടിയുണ്ടാക്കി ജീവിച്ചു. ഹോമറിന്റെ യൂളീസ്സസിനെപ്പോലെ വീട്ടിലേക്കു തിരിഞ്ഞു നടത്തക്കാരല്ലായിരുന്നു. ഭൂരിപക്ഷത്തിനുള്ളില്‍ ന്യൂനപക്ഷമായി അവര്‍ ലോകത്തില്‍ മനസ്സാക്ഷിയുടെ കണ്ടുപിടുത്തക്കാരായി ജീവിച്ചു. ജര്‍മ്മനിയില്‍ അവര്‍ വെറുക്കപ്പെട്ടവരായി, അവര്‍ പീഡിതരായി, അവരെ വംശീയമായി കൊന്നൊടുക്കുന്ന പ്രതിസന്ധിയുണ്ടാക്കി. ജര്‍മ്മനിയിലെ ക്രൈസ്തവരുടെ നാസ്സി മനോഭാവത്തില്‍ അവര്‍ പീഡിതരായി.
ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് ഇനിയും നേതാക്കള്‍ക്കു കാണാന്‍ കണ്ണു തെളിഞ്ഞിട്ടില്ലേ? ഉത്തരേന്ത്യയില്‍ ഹിന്ദുത്വ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതി ഉണ്ടായിട്ടില്ലേ? ജര്‍മ്മനിയിലെ നാസ്സി പാര്‍ട്ടി ആര്യ വര്‍ഗാധിപത്യത്തിന്റെ പാര്‍ട്ടിയായിരുന്നു എന്നും അതിന്റെ പ്രേതങ്ങള്‍ ഭാരതത്തില്‍ ആവസിക്കുന്നത് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? സീറോ മലബാര്‍ സഭ ക്രൈസ്തവ ഹ്യൂമനിസത്തിന്റെ അടിസ്ഥാനങ്ങള്‍ അവഗണിച്ചോ? ജാതി-വര്‍ഗ-ഗോത്രങ്ങള്‍ക്കതീതമായി മനുഷ്യനെ കാണാന്‍ നാം വിളിക്കപ്പെട്ടവരല്ലേ?
ആദിയില്‍ വചനമുണ്ടായിരുന്നു. വചനവഴി തുടരാന്‍ ഏതോ വൈമനസ്യത്തില്‍ വചനത്തില്‍ നിന്നു പിന്‍വലിയുന്ന ഭാഷണ ജീര്‍ണ്ണത മനുഷ്യത്വഹീനമായ മുഖം ഉണ്ടാക്കുന്ന മൗനം രക്തത്തിനും മരണത്തിനും വേണ്ടിയുള്ള കറുത്ത ദാഹങ്ങള്‍ ദുരന്തങ്ങള്‍ ഉണ്ടാക്കും,
യഹൂദ വിരോധം ജര്‍മ്മനിയില്‍ നടന്നപ്പോള്‍ യഹൂദ നേതാക്കള്‍ സഭയോട് പരാതി പറഞ്ഞതല്ലേ? ലൂഥറന്‍ സഭയുടെ വൈദികരില്‍ 60% നാസ്സികളായത് അവരറിഞ്ഞില്ല. ഈ ചിന്താരാഹിത്യം നമ്മെയും ബാധിക്കുന്നില്ല എന്നാണോ? ബോധപൂര്‍വം വെറുപ്പ് പചരിപ്പിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ടോ? മതിലുകള്‍ പണിയാനുള്ള ഉത്സാഹം മതിലിനപ്പുറത്തുള്ളവരെ മറക്കുന്ന തന്ത്രമായി മാറുന്നുണ്ടോ? മതിലുകളെ പ്രേമിച്ച ഒരു കാലഘട്ടത്തിലെ സഭയെ പരിഹസിച്ചുകൊണ്ട് ഫ്രാന്‍സ്വാ റാബ്ലെയുടെ (François Rabelais, 1494-1553) ഗര്‍ഗാന്‍തുവ (Gargantua) സ്ഥാപിക്കുന്ന സന്യാസാശ്രമത്തെക്കുറിച്ചു പറഞ്ഞു, ''ആദ്യമായിത്തന്നെ പറയട്ടെ, ഈ കൊവേന്തയ്ക്കു ചുറ്റും മതിലുകള്‍ ഉണ്ടായിരിക്കുകയില്ല, കാരണം, മറ്റു കൊവേന്തകള്‍ക്ക് ഇഷ്ടംപോലെ മതിലുകള്‍ ഉണ്ടല്ലോ!'' അപ്പോള്‍ സന്യാസി പറഞ്ഞു, ''ശരിയാണ്, മുമ്പിലും പിമ്പിലും മതിലുകള്‍ ഉണ്ടാകുമ്പോള്‍ അകത്തു മുറുമുറുപ്പുകളും കുശുമ്പും ഉപജാപങ്ങളും വര്‍ധിക്കും.'' മതിലുകളെ പ്രേമിക്കുന്നവര്‍ ശത്രുക്കളെ സൃഷ്ടിക്കുന്നവരുമാണ്.