ചിന്താജാലകം

തരിശു ഭൂമിയില്‍ നിന്നൊരു വിലാപം

പോള്‍ തേലക്കാട്ട്‌

യുദ്ധം തീര്‍ത്ത കബന്ധങ്ങളുടെയും കഷ്ടനഷ്ടങ്ങളുടെയും തരിശുഭൂമിയിലാണ് ഞാന്‍ വിരമിച്ചു ജീവിക്കുന്നത്. വലിയ ആത്മാഭിമാനത്തോടെ ജീവിച്ചു. എല്ലാം നഷ്ടമായി, തല പുറത്തിട്ട് ജീവിക്കുക പ്രയാസമായി. നാശനഷ്ടങ്ങളുടെയും കണ്ണീരിന്റെയും ഓര്‍മ്മകളുടെ കഷ്ടകാലം. യുദ്ധം ചരിത്രമുണ്ടാക്കിയ നിരാശയുടെ വലിയ ഇച്ഛാഭംഗം. ഇവിടെ ഇനി പൂക്കള്‍ വിടരുമോ? പ്രതീക്ഷ വളരുമോ?

സീറോ മലബാര്‍ സഭയിലെ ഈ യുദ്ധം അധികാരത്തിന്റെ തലത്തിലായിരുന്നു. മാര്‍പാപ്പ, മേജര്‍ ആര്‍ച്ചുബിഷപ്പ്, മെത്രാപ്പോലീത്തമാര്‍ തുടങ്ങിയവരെ വെല്ലുവിളിച്ച വെറും സാധാരണ വൈദികര്‍. പിന്നെ സാധാരണ ജനങ്ങളും. ഇതൊന്നും ഞങ്ങളുടെ കാര്യമല്ല എന്ന വിധത്തില്‍ മെയ് തൊടാതെ മാറിനിന്ന് ഫുട്‌ബോള്‍ കളി കാണുന്ന കൗതുകത്തോടെ നോക്കിനിന്ന സഭാവിശ്വാസികളും വൈദികരും സന്യാസികളും. എന്നാല്‍ വലിയ അമ്പരപ്പോടെയാണ് സാധാരണ ജനങ്ങള്‍ ഈ അതിരൂപതയില്‍ ഇതു കണ്ടത്. എല്ലാം അസ്തമിച്ച ശവപ്പറമ്പില്‍ കത്തിച്ചാമ്പലായത് പ്രതീക്ഷയുടെ സ്വപ്‌നങ്ങളാണ്. എല്ലാം എന്തിനുവേണ്ടിയായിരുന്നു? ഒരേ ഒരു ജീവിതം സഭയ്ക്ക് സമര്‍പ്പിച്ചവന്റെ വേദനയ്ക്ക് അതിരില്ല. എന്തായിരുന്നു ഈ കഥ? അതു പറയുന്നത് കണ്ണീരോടെയും കൈകാലുകള്‍ വിറച്ചുമാണ്. ഈ തരിശു ഭൂമി തീര്‍ത്തത് നുണകളാണ്.

ഒരു വൈദിക സമ്മേളനത്തില്‍ ഒരു വൈദികന്‍ മെത്രാപ്പോലീത്തയോട് ചോദിച്ചു, ''ദേവികുളത്ത് അതിരൂപയ്ക്കു സ്ഥലം വാങ്ങിച്ചിട്ടുണ്ടോ?'' ''ഇല്ല.'' ആധികാരികമായ ഉത്തരം. അദ്ദേഹം നിശ്ശബ്ദനായി ഇരുന്നു. അല്‍പ്പം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു നിന്നു. കയ്യില്‍ ഒരു ആധാരത്തിന്റെ പകര്‍പ്പും. അദ്ദേഹം പറഞ്ഞു, ''അങ്ങ് ഒപ്പിട്ടു വാങ്ങിയ വസ്തുവിന്റെ ആധാരമാണിത്. എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്?'' അദ്ദേഹം ഇരുന്നു ചിരിക്കുന്നു. ആ ചിരിയില്‍ എല്ലാം കത്തി ചാമ്പലാകുന്നത് ഞാന്‍ കണ്ടു. അദ്ദേഹം നിരന്തരം നുണ പറയുന്നു എന്ന് കെ പി എം ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സഭയ്ക്കുവേണ്ടി മാര്‍പാപ്പയുടെ കത്ത് തരപ്പെടുത്തിയതു മുതല്‍ വത്തിക്കാന്‍ അധികാരികള്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ കഥ റിപ്പോര്‍ട്ട് ചെയ്തതില്‍ വരെ അത് ആവര്‍ത്തിക്കുന്നുണ്ട്. രണ്ടാമത്തെ മെത്രാപ്പോലീത്ത ആദ്യ കക്ഷിയെ പിന്തുണയ്ക്കുന്ന സഭാ സംരക്ഷകനാണ്. അദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരായി നിരത്തിയ ആരോപണങ്ങളുടെ കത്ത് നുണയുടെ ലുത്തിനീയയായി മാറി. അവരുടെ നുണയില്‍ അതിരൂപത പീഢിതയായി.

യുദ്ധഭൂമിയിലാണ് ഇതു സംഭവിച്ചത്. യുദ്ധത്തിന്റെ ലക്ഷ്യം വിജയം മാത്രമായിരുന്നു. അവിടെ എല്ലാവരും ഏതു മാര്‍ഗവും ഉപയോഗിക്കുന്നു. ആ വഴിയിലേക്ക് മെത്രാപ്പോലീത്തമാരും ഊര്‍ന്നുവീണു. അവര്‍ ഇടുന്ന വേഷവും അവര്‍ നടത്തിയ വ്രതങ്ങളും മറക്കപ്പെട്ടു. ഈ രണ്ടുപേരും എനിക്ക് മുകളിലും താഴെയും പഠിച്ച പ്രതിഭയുള്ളവരും നല്ല അച്ചടക്കക്കാരുമായിരുന്നു. ഇവര്‍ ഇടറിയത് അച്ചടക്കത്തിലല്ല. അടിസ്ഥാന ജീവിതലക്ഷ്യത്തിന്റെ ഉദ്ദേശ്യശുദ്ധിയിലാണ്. ഈ പ്രശ്‌നം അഗസ്റ്റിന്‍ എഴുതിയ ചെറിയ വാചകത്തിലുണ്ട്. Si fallor sum, if I fall I am. ഞാന്‍ പിഴക്കുന്നു എങ്കില്‍ ഞാനുണ്ട്. പിഴക്കുന്നില്ലെങ്കിലോ? വിശുദ്ധ പൗലോസ് എഴുതി, ''ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു.'' ഇത് സ്വന്തം അസ്തിത്വം ദൈവദാനമാണ് എന്നു തിരിച്ചറിയാത്തവര്‍ക്കു പറ്റുന്ന പാളിച്ചയാണ്.

വിശുദ്ധ അഗസ്റ്റിന്‍ എഴുതി, ''ഞാന്‍ പിഴക്കുന്നു എങ്കില്‍ ഞാനുണ്ട്.'' പിഴക്കുന്നില്ലെങ്കിലോ? വിശുദ്ധ പൗലോസ് എഴുതി, ''ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു.''

ഇതു സംഭവിക്കുന്നത് മനുഷ്യന്റെ ആന്തരികതയുടെ പരമ രഹസ്യത്തിലാണ്. മനുഷ്യന്റെ ബോധം അകത്തുനിന്ന് അടച്ചു പൂട്ടപ്പെട്ട ഒരുവന്റെ രഹസ്യമാണ്. ഈ ബോധമണ്ഡലത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. അത് എന്റെ സ്വകാര്യമണ്ഡലമാണ്. ആ രഹസ്യം അറിയുന്ന എനിക്കു മാത്രം കഴിയുന്ന ഒന്നാണ്. എനിക്കു തെറ്റി എന്ന് പറയാനുള്ള സ്വാതന്ത്ര്യത്തിന്റെ നിശ്ചയം. അതാണ് എന്റെ നിശ്ചയത്തിന്റെ തനിമ. അതിനു കഴിയാത്തവന്‍ തന്റെ മനുഷ്യത്വം ശരീരത്തിന്റെയും പ്രകൃതിയുടെയും വിധിക്ക് വിട്ടുകൊടുക്കുന്നു. ഞാന്‍ പിഴച്ചു എന്ന എന്റെ അറിവ് എന്നില്‍ നിന്നുള്ള എന്റെ ഇടര്‍ച്ചയാണ്. അതാണ് മനസ്സാക്ഷി. ഇത് നഷ്ടപ്പെട്ടാല്‍ പിന്നെ ആര്‍ക്കും അയാളെ രക്ഷിക്കാനാവില്ല. സ്വന്തം നിശ്ചയത്തിന്റെ അധികാരം വെടിഞ്ഞവന്റെ വെറും വാക്കാണ് 'വക്കീലന്മാര്‍ സമ്മതിക്കുന്നില്ല' എന്ന പല്ലവി.

ഇവിടെ സംഗതമാകുന്നത് സഭയുടെ ചരിത്രത്തിലെ അതിഭീകരമായ ഒരു പ്രതിസന്ധിയാണ്. ഏതു ലോകത്തിലെ സഭയുടെ ദൈവവിളികള്‍ പരിശോധിച്ചാലും അവിടെ സാധാരണമാകുന്നത് ഉദ്ദേശശുദ്ധിയുടെ പ്രതിസന്ധികളല്ല, മറിച്ച് അച്ചടക്ക സംബന്ധമായ പ്രശ്‌നങ്ങളാണ്. നല്ല ലക്ഷ്യത്തിനു ഇറങ്ങിത്തിരിച്ചിട്ട്, ആ നല്ല ലക്ഷ്യം പുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ബലഹീനതകളും വീഴ്ചകളുമാണ് സാധാരണമായി സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദൈവവിളികളുടെ ഉദ്ദേശ്യശുദ്ധി തന്നെ പ്രതിസന്ധിയിലായിരിക്കുന്നു എന്ന ഗൗരവമായ പ്രശ്‌നമാണ്. പല മതങ്ങളിലും വലിയ ആള്‍ ദൈവങ്ങളുടെ മേളകള്‍ നാം കാണുന്നു. ഈ ആള്‍ ദൈവങ്ങള്‍ എവിടെയോ എപ്പോഴോ വെളിവാക്കപ്പെടുകയും വേദി വിടുകയും ചെയ്യുന്ന ദുരന്ത നാടകങ്ങളായി അവസാനിക്കുന്നു. ചെകുത്താന്‍ മാലാഖയായി വേഷം കെട്ടുന്നു എന്നു പൗലോസ് പോലും പറയുമ്പോള്‍ കാര്യങ്ങള്‍ ഗൗരവ സ്വഭാവം സ്വീകരിച്ച് അതീവ ലോലവും അതിമാത്രം വിമര്‍ശനാത്മകവുമാക്കുന്നു. വൈദിക സന്യാസ ജീവിതത്തിന്റെ മൗലികതയാണ് ഇവിടെ പ്രതിസന്ധിയിലാകുന്നത്. ഇതില്‍ ഒരു മെത്രാപ്പോലീത്ത തന്നെയാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്നോട്ടു വന്നു എന്നത് ആശ്വാസകരമല്ലേ?

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?

വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3