മികച്ച മാര്‍ക്ക് നേടിയാണ് ഗ്രേസി പത്താം ക്ലാസ് പാസ്സായത്. സ്‌കൂളിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളിലൊരാള്‍.
പുതിയൊരു വിഷമസന്ധി കൂടി കുഞ്ഞപ്പന് അഭിമുഖീകരിക്കേണ്ടി വന്നു. ഗ്രേസിയെ തുടര്‍ന്ന് പഠിപ്പിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ ഈയൊരു ചിലവു കൂടി എങ്ങനെ...?
തന്നെ ഇനിയും പഠിയ്ക്കുവാനയയ്ക്കുക എന്ന ബാധ്യതയ്ക്കു മുമ്പില്‍ ചാച്ചനനുഭവിക്കുന്ന പ്രയാസം ഗ്രേസിക്ക് മനസ്സിലായി.
''എനിക്കിനി പഠിക്കണ്ട ചാച്ചാ. രണ്ടുകൊല്ലം കഴിഞ്ഞ് ജിജി പത്തീന്ന് ജയിക്കുമ്പോള്‍ അവളെ വിട്ടാമതി.''
ഗ്രേസിയുടെ വാക്കുകള്‍ കുഞ്ഞപ്പനില്‍ ആശ്വാസത്തേക്കാളേറെ കുറ്റബോധമാണുണ്ടാക്കിയത്. കാര്യമറിഞ്ഞ് ജിജിയും ജോബിയും പോലും ആശ്ചര്യപ്പെട്ടുപോയി. ജിജി ആകെ അരിശത്തില്‍.
''നേരാണോ അമ്മേ. ഗ്രേസേച്ചീനെ ഇനി പഠിക്കാന്‍ വിടണില്ലേ.''
കുറ്റവാളിയെ ചോദ്യം ചെയ്യുന്ന പോലെ ജിജിയുടെ ചോദ്യം. എല്‍സമ്മയ്ക്ക് ഒരു മാത്ര ഉത്തരംമുട്ടി.
''അത്... അവള്‍ക്കിനി പഠിക്കണ്ടാന്ന്...''
''എന്തിനാ വെറുതേ നൊണ പറയണത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെന്ന് പറ. ഓ... സ്വന്തം മകളല്ലല്ലോ.''
എല്‍സമ്മ സ്തബ്ദയായിപ്പോയി. എന്താണിവള്‍ പറയുന്നത്? അതും ഈ ചെറുപ്രായത്തില്‍?
ഇങ്ങനെയൊരു തീരുമാമെടുക്കാനുള്ള കാരണമെന്താണ് പലരും തിരക്കി. പ്രത്യേകിച്ച് സ്‌കൂളിലെ ചില അദ്ധ്യാപകര്‍.
''എന്താ ഗ്രേസി ജോര്‍ജ്ജ് ഇനി പഠിക്കുന്നില്ലേ?''
''എന്തോ അവള്‍ക്ക് താത്പര്യമില്ല.''
''ഹോ. മഹാ കഷ്ടമായിപ്പോയി.''
കുട്ടിച്ചന്റെ സുഹൃത്തുക്കളുടെ പ്രതികരണം കൂടുതല്‍ രൂക്ഷമായിരുന്നു.
''ഇത് മഹാ കടുംകൈയായിപ്പോയി കുഞ്ഞപ്പാ. നീയീ ചെയ്തത് ശരിയാണെന്ന് തോന്നണൊണ്ടോ? അവളുടെ അപ്പന്റെ സ്ഥാനത്തല്ലേ നീ. എന്നിട്ടും... സ്വന്തം മകളോട് നീയിത് ചെയ്യുവോ?''
കുറ്റപ്പെടുത്തലുകളുടെ ശരങ്ങളേറ്റ് കുഞ്ഞപ്പന്‍ പുളഞ്ഞു. അയാള്‍ മനസ്സുമാറി. എത്ര കഷ്ടപ്പെട്ടാലും വേണ്ടീല്ല, ഗ്രേസിയെ തുടര്‍ന്ന് പഠിപ്പിക്കണം.
പക്ഷെ, ഒരു മനോവിഷമതയും പ്രകടിപ്പിക്കാതെ ശാന്തതയോടെ ഗ്രേസി പറഞ്ഞു.
''ആള്‍ക്കാര് എന്തു വേണേ പറയട്ടെ. ഞാന്‍ പഠിക്കാന്‍ പോണില്ല. അതോര്‍ത്ത് ചാച്ചന്‍ ഇനി വിഷമിക്കണ്ട.''
ഇതിനകം തുടര്‍ പഠനത്തിന്റെ പ്രവേശന നടപടികള്‍ മിക്ക സ്ഥാപനങ്ങളിലും അവസാനിച്ചിരുന്നു.
'ഈ വര്‍ഷം ഏതായാലും പോട്ടെ. അടുത്തവര്‍ഷം അവളെ എവിടെയെങ്കിലും പഠിക്കാന്‍ ചേര്‍ക്കണം.' കുഞ്ഞപ്പന്‍ മനസ്സില്‍ കരുതി.
എന്നാല്‍ നാളുകള്‍ കഴിയുന്തോറും ആ തീരുമാനത്തിന്റെ ദൃഢത നേര്‍ത്തുവന്നു. ക്രമേണ ഗ്രേസിയുടെ തുടര്‍ പഠനമെന്ന ചിന്ത തന്നെ ഉള്ളില്‍ നിന്നും മാഞ്ഞു. വിഷമിക്കാനും വേവലാതിപ്പെടാനും പുതിയ പ്രശ്‌നങ്ങള്‍. പ്രതിസന്ധികള്‍.
പണത്തിന്റെ കാര്യത്തില്‍ കുഞ്ഞപ്പന്‍ അനുഭവിക്കുന്ന ഞെരുക്കം കുട്ടിച്ചന്റെ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം മനോവിഷമമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് കുട്ടിച്ചന്റെ ഉറ്റമിത്രമായിരുന്ന സ്റ്റേഷനി കടക്കാരന്‍ സ്‌ക്കറിയാച്ചന്. വ്യാപാരം മെച്ചപ്പെടുത്തി ഈ പ്രതിസന്ധി മറികടക്കാനുള്ള കഴിവൊന്നും കുഞ്ഞപ്പനില്ലെന്ന് അയാള്‍ക്കറിയാം.
''എന്റെ കുഞ്ഞപ്പാ രണ്ടേക്കറിച്ചില്വാനം ഭൂമിയില്ലേ കയ്യില്. എന്തെങ്കിലുമൊക്കെ കൃഷി ചെയ്യടാ. ഇതിലും കുറച്ച് ഭൂമിയുള്ളവരുപോലും കൃഷി ചെയ്ത് വരുമാനമുണ്ടാക്കി സാമാന്യം നന്നായി ജീവിക്കുന്നു. നിനക്കെന്താ അങ്ങനെ ചെയ്താല്.''
ആ ഉപദേശം സ്വീകരിച്ചാണ് കുഞ്ഞപ്പന്‍ പറമ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.
പക്ഷെ, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ചെയ്ത് പരിചയമില്ലാത്ത പണി. വിത്തുകള്‍ നടേണ്ട രീതി, വളം ചേര്‍ക്കല്‍, പരിപാലനം തുടങ്ങിയവയെ പ്പറ്റിയൊന്നും കാര്യമായ ഗ്രാഹ്യമില്ല. വിളകളൊന്നും പ്രതീക്ഷിച്ചതുപോലെ മെച്ചമാകുന്നില്ല. പണിയറിയാവുന്ന ആരെയെങ്കിലും സഹായത്തിനു കിട്ടിയിരുന്നെങ്കില്‍?
വീണ്ടും സ്‌കറിയാച്ചന്‍ സഹായിയായി.
''എടാ കൊള്ളാവുന്ന ഒരു പയ്യനുണ്ട്. നീ അവനെ കൂടെ കൂട്ടിക്കോ. പണികളൊക്കെ നല്ല ഭംഗിയായി ചെയ്യും കളവും വഞ്ചനേം ഒന്നൂല്ല. നമുക്ക് വിശ്വസിക്കാം.''
''ചേട്ടന് നേരിട്ടറിയാമോ ആളെ?''
''പിന്നേ. ഞാന്‍ മിക്കവാറും പണിക്ക് വിളിക്കണതല്ലേ. മിടുക്കനാ. നല്ല ചൊടീം ചുണേം ഉത്സാഹോം. പറഞ്ഞാ നീ അറിയും.''
''ആരാ ആള്?''
''എടാ ആ തുണി വിറ്റ് നടന്നിരുന്ന മത്തായിയില്ലേ. അയാള്‌ടെ മകള്‌ടെ മകന്‍.''
''ഏത് ആ കടത്തിണ്ണേക്കെടന്ന് മരിച്ച...''
''ആ അതുതന്നെ.''
''അത്... ചേട്ടാ അവനെപ്പറ്റി പണ്ട് കേട്ട ചില കഥകളൊക്കെ...''
''ഹ... വിട്ടുകളയടാ. നീയെന്തിനാ അവന്റെ കുടുംബചരിത്രം ചെകയാന്‍ പോണേ. ഇതെന്താ കല്ല്യാണാലോചനയോ മറ്റോ ആണോ? നെനക്ക് കൃഷീ സഹായിക്കാന്‍ കൊള്ളാവന്നൊരാള് വേണം. അത്രേയല്ലേയൊള്ള്. അതിനവന്‍ മിടുക്കനാ.''
അങ്ങനെയാണ് മത്തായിയുടെ മരണശേഷം നാട്ടില്‍ പലേടത്തും കൂലിപ്പണികളുമായി നടന്ന മാത്തന്‍ കുഞ്ഞപ്പന്റെ പണിക്കാരനായെത്തുന്നത്.
മാത്തനെ നേരില്‍ കണ്ടപ്പോള്‍ എല്‍സമ്മയ്ക്ക് അതിശയം.
''ശ്ശോ. ഇതാണോ പണിക്കാരന്‍? നല്ല സുന്ദരനാണല്ലോ?''
അതുകേട്ട് കുഞ്ഞപ്പന്റെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി.
''അതങ്ങനെയല്ലേ വരൂ. വിത്തുഗുണം വിത്ത്.''
ജിജി അടുത്തേയ്ക്കു വരുന്നത് കണ്ട് ബാക്കി പറഞ്ഞില്ല.
മാത്തന്‍ വന്നതോടെ കൃഷി ഊര്‍ജ്ജിതമായി. കൃഷി രീതികളെക്കുറിച്ചെല്ലാം അവന് നല്ല നിശ്ചയം. പണിക്ക് നല്ല വേഗത. കുഞ്ഞപ്പന് സന്തോഷമായി.
പറമ്പിലാകെ വിവിധയിനം പച്ചക്കറി വിളകള്‍. കൂടാതെ തെങ്ങും മാവും പ്ലാവുമെല്ലാം ആവശ്യത്തിന് വളവും പരിചരണവും ലഭിച്ചപ്പോള്‍ നിറയെ കായ്ഫലങ്ങളുമായി വിളങ്ങി നിന്നു.
പറമ്പാകെ ഹരിതശോഭയില്‍ മുങ്ങി.
ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ചന്തയിലേക്ക് ഉല്പന്നങ്ങള്‍ വില്പനയ്ക്ക് കൊണ്ടുപോകാനുണ്ടാകും. കുഞ്ഞപ്പന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്കും ആശ്വാസം.
മലഞ്ചരക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാലും പ്രശ്‌നമില്ല. തോട്ടത്തിലെ കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യാന്‍ മാത്തനുണ്ട്.
വീട്ടുജോലികളില്‍ എല്‍സമ്മയെ സഹായിച്ച് ബാക്കി വരുന്ന സമയം ഗ്രേസി കുഞ്ഞപ്പനോടും മാത്തനോടുമൊപ്പം കൃഷിപ്പണികളില്‍ കൂടും. കുഞ്ഞപ്പനില്ലാത്ത സമയങ്ങളില്‍ വിവിധയിനം വിളകള്‍ വളര്‍ന്ന് പച്ചപ്പിന്റെ ഭംഗി നിറഞ്ഞുനില്‍ക്കുന്ന ആ കൃഷിയിടത്തില്‍ ഗ്രേസിയും മാത്തനും മാത്രമാകും.
ആ സമയത്തെല്ലാം വിവരണാതീതമായ ഒരാനന്ദം മാത്തനില്‍ നിറയും. ഗ്രേസിയുടെ സാമീപ്യം, വാക്കുകള്‍, മനോഹരമായ ആ ചിരി...
എല്ലാം ഒരു കുളിര്‍മഴപോലെ ആത്മാവില്‍ പെയ്തിറങ്ങുന്നു. എന്തൊക്കെയോ അനുഭൂതികള്‍ ഉള്ളില്‍ നിറയുന്നു.
താന്‍ പറയുന്ന ചെറിയതമാശകള്‍ കേട്ട് കുലുങ്ങിച്ചിരിക്കുന്ന ഗ്രേസിയെ നോക്കി നില്‍ക്കുമ്പോള്‍ അവന്‍ പരിസരം പോലും മറന്നു പോകുന്നു.
ഹദയം തുടിക്കുന്നു.
തോട്ടത്തില്‍ പറക്കുന്ന വര്‍ണ്ണ തുമ്പികളെ ഒരു സ്വപ്നമെന്നോണം പാതിവിടര്‍ന്ന പുഞ്ചരിയോടെ നോക്കി നില്‍ക്കും.
അവന്റെ ഉള്‍ത്തടത്തിലും മൗനാനുരാഗത്തിന്റെ വര്‍ണ്ണച്ചിറകുകളുള്ള തുമ്പികള്‍ പറക്കുന്നു.
വിത്തുപാകാന്‍ കുഴികളെടുത്ത് വിത്തിനായി തിരിയുമ്പോളേയ്ക്കും അതുമായി ഗ്രേസി അടത്തെത്തിയിരിക്കും. വളം എടുക്കാന്‍ നീങ്ങുന്നതിനു മുന്നേ വളക്കുട്ടയുമായി അവള്‍ മുന്നില്‍.
''നമ്മള്‍ തമ്മില്‍ നല്ല മനപ്പൊരുത്തമാ ഗ്രേസിക്കുഞ്ഞേ. ഞാന്‍ മനസ്സില്‍ വിചാരിക്കുന്നത് അപ്പോള്‍ തന്നെ ഗ്രേസിക്കുഞ്ഞ് അറിയും.''
''നമ്മള്‍ രണ്ടും അനാഥരായതുകൊണ്ടായിരിക്കും.''
തമാശപോലാണ് പറഞ്ഞതെങ്കിലും അ ആ വാക്കുകളിലൊരു വിഷാദ സ്പര്‍ശമില്ലേ? മാത്തന്‍ വല്ലാതെയായി.
'ഛെ അബദ്ധം പറയല്ലേ. ഗ്രേസിക്കുഞ്ഞെങ്ങനെയാ അനാഥയാകുന്നേ. ചാച്ചനും എല്‍സാന്റീം ഇല്ലേ. പിന്നെ... എന്റെ കാര്യം...''
മാത്തന്‍ ഒരു നിമിഷം ആലോചനയില്‍...
''അത്... പറഞ്ഞത് ശരിയാ.''
ഗ്രേസിയുടെ മുഖത്ത് ഒരു വാടിയചിരി. ആ ചിരിക്കു പിന്നില്‍ എന്തൊക്കെയോ നൊമ്പരങ്ങളുടെ നിഗൂഢതകള്‍ മറഞ്ഞിരുപ്പില്ലേ?
മാത്തന്റെ ഹൃദയം ആദ്രമായി.
ഒന്നടുത്തുചെന്ന് തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ സങ്കടപ്പെടരുത് എന്തിനും സഹായിയായി ഞാനുണ്ട് എന്നു പറയാന്‍ മനസ്സു കൊതിച്ചു.
പക്ഷെ, ഞാന്‍ ആര്?
വേണ്ട. ഒരാഗ്രഹവും വേണ്ട. അര്‍ഹതയില്ലാത്തതൊന്നും ആശിക്കരുത്. അവന്‍ സ്വയം കുറ്റപ്പെടുത്തി.
എങ്കിലും ഓര്‍മ്മകളില്‍ മധരും പുരട്ടുന്ന ഒരു മനോജ്ഞരൂപമായി ഗ്രേസി ഹൃദയത്തില്‍ നിറഞ്ഞുനിന്നു. സദാ സുഗന്ധം പരത്തുന്ന സുന്ദരാനുഭൂതിയായി. അതെന്നും ഉള്ളില്‍ത്തന്നെയിരുന്നോട്ടെ.
എപ്പോഴും ഓര്‍മ്മകളില്‍ താലോലിക്കാന്‍. ഏകാന്തതകളില്‍ കിനാവു കണ്ടു മയങ്ങാന്‍.
ഒരിക്കലും സഫലമാകില്ലെങ്കിലും വെറുതേ മോഹിക്കുവാന്‍!
ഒരു ദിവസം കുഞ്ഞപ്പന്റെ വീട്ടിലെത്തിയ വറീച്ചന്‍ കണ്ടത് തോട്ടത്തില്‍ ഉത്സാഹത്തോടെ പണികളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രേസിയേയും മാത്തനേയുമാണ്. ഇരുവര്‍ക്കും നേരെ അയാള്‍ ഒരു കനത്ത നോട്ടമയച്ചു.
''രണ്ടിനേയും ഇങ്ങനെ ചുമ്മാ പറമ്പിലേയ്ക്ക് വിടുന്നതത്ര പന്തിയല്ല കേട്ടോ. ചെറുപ്പക്കാരാ രണ്ടും.''
എല്‍സമ്മയോട് ഒരു താക്കീതു പോലെയായിരുന്നു വറീച്ചന്റെ വാക്കുകള്‍.
''ഏയ് അവന്‍ നല്ലൊരു ചെറുക്കനാ. ഒരു വഷളത്തോമില്ല.''
വല്ല്യാങ്ങളയുടെ വാക്കുകള്‍ എല്‍സമ്മ കാര്യമാക്കിയില്ല.
''ഹും നെനക്കെന്തറിയാം. അവന്റെ അമ്മ ആരായിരുന്ന് മൊതല്.''
ആ വാക്കുകള്‍ എല്‍സമ്മയില്‍ ചെറിയൊരു ആശങ്കയുണര്‍ത്താതിരുന്നില്ല.
ഡിഗ്രി തട്ടിമുട്ടി പാസ്സായ ജിജിയുടെ കാര്യം ഇനിയെന്ത് എന്നത് ഒരു പ്രശ്‌നമായി. തുടര്‍ന്ന് പഠിക്കുവാന്‍ അവള്‍ക്ക് താത്പര്യമില്ല. എന്തെങ്കിലും ടെസ്റ്റുകളെഴുതി ഒരു ജോലി സമ്പാദിക്കുവാനുള്ള മിടുക്കും അവള്‍ക്കില്ലെന്ന് കുഞ്ഞപ്പനറിയാം.
''ഒന്നും കൂടുതല്‍ ആലോചിച്ച് തലപൊകയ്ക്കണ്ടാ. എവിടെന്നെങ്കിലും കൊള്ളാവുന്ന ഒരു കൊച്ചനെ കണ്ടുപിടിച്ച് കെട്ടിച്ചു വിടാന്‍ നോക്ക്.''
വറീച്ചന്‍ പറഞ്ഞ നിര്‍ദ്ദേശത്തോട് എല്‍സമ്മയും യോജിച്ചു.
പക്ഷെ, അപ്പോള്‍ ഉയര്‍ന്നുവരുന്നു ഒരു ഗുരുതരപ്രശ്‌നം. ജിജിയേക്കാള്‍ ഒന്നരവയസോളം പ്രായക്കൂടുതലുണ്ട് ഗ്രേസിക്ക്. അവളെ നിറുത്തിക്കൊണ്ട് എങ്ങനെ ജിജിയുടെ കല്ല്യാണം നടത്തും?
''ഏതായാലും ഗ്രേസിയുടെ കല്ല്യാണം ആദ്യം.''
കുഞ്ഞപ്പന്‍ തീര്‍ത്തു പറഞ്ഞു. എതിര്‍പ്പൊന്നും ഉന്നയിക്കുവാന്‍ വറീച്ചനും ആവില്ലായിരുന്നു. അളിയന്‍ പറയുന്നത് തികച്ചും ന്യായമായ കാര്യമാണ്.
കൃഷികാര്യങ്ങളൊക്കെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ മോശമല്ലാത്ത ഒരു സമ്പാദ്യം സ്വരൂപിക്കാന്‍ കുഞ്ഞപ്പന് സാധിച്ചിരുന്നു. ഒരാളുടെ വിവാഹക്കാര്യത്തിന് പണത്തിന്റെ കാര്യം പ്രശ്‌നമില്ല.
ഗ്രേസിയുടെ കാര്യം കഴിഞ്ഞ് ജിജിയുടെ വിവാഹപ്രശ്‌നം ഉദിക്കുമ്പോള്‍?
''ഏതായാലും ഗ്രേസിയുടേത് നടക്കട്ടെ. എന്നിട്ടല്ലേ അടുത്തത്. അതപ്പോള്‍ നോക്കാം. ഇപ്പഴേ അതാലോചിച്ച് എന്തിനാ ആധി പിടിക്കണേ?''
എല്‍സമ്മ പറഞ്ഞതുകേട്ട് കുഞ്ഞപ്പന്‍ ആശ്വാസം കൊണ്ടു. ഏതായാലും ഗ്രേസിക്ക് അനുയോജ്യനായ ഒരു പയ്യനെ കണ്ടുപിടിക്കണം. താമസിയാതെ വിവാഹം നടത്തണം.
''അതുകൊണ്ട് അളിയന്‍ ഒന്ന് കാര്യായിട്ട് അന്വേഷിക്ക്. അവള്‍ക്ക് പറ്റിയ ഒരു ചെറുക്കനെ കണ്ടുപിടിക്കണം.''
കുഞ്ഞപ്പന്റെ വാക്കുകള്‍ കേട്ട് വറീച്ചന്‍ ആലോചനയിലാണ്ടു.
''ഉം... നോക്കട്ടെ.''
അനുകൂല ഭാവത്തില്‍ അയാള്‍ തലയാട്ടി.
(തുടരും)