അടുത്ത ദിവസം രാവിലെ ഒന്‍പതു മണി പിന്നിട്ടു. പ്രഭാതഭക്ഷണത്തിനുശേഷം ഉമ്മറത്ത് വരാന്തയില്‍ പുതുതായി കിട്ടിയ കളിപ്പാട്ടങ്ങളുമായി രസിച്ചിരിക്കുകയാണ് ജിജിയുടെ മകന്‍.
ഗേറ്റിനു സമീപം വന്നു നിന്ന ഒരു ഓട്ടോറിക്ഷയുടെ ശബ്ദമാണ് അവന്റെ ശ്രദ്ധ തിരിച്ചത്. അതില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ആളെക്കണ്ട് ആ കുഞ്ഞുമുഖം ആനന്ദാതിരേകത്താല്‍ ഒരു പൂക്കുരവ പോലെ പൊട്ടിവിടര്‍ന്നു.
''പപ്പാാാ...''
അത്യുച്ചത്തില്‍ അലറിവിളിച്ചുകൊണ്ടവന്‍ ഗേറ്റിനരികിലേക്കു പാഞ്ഞു.
മോന്റെ ഉച്ചത്തിലുള്ള ശബ്ദംകേട്ട് എല്‍സമ്മ ഉമ്മറത്തേക്കുവന്നു. പുറകെ ജിജിയും.
മകനെ മാറോടടുക്കിപ്പിടിച്ച് കവിളുകളില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് നടന്നു വരുന്നു ജോസ്. അവന്‍ ഇരുകൈകളും കൊണ്ട് പപ്പയുടെ കഴുത്തില്‍ ഇറുകെ ചുറ്റിപ്പിടിച്ചിരിക്കുന്നു.
അമ്മയുടെ പിന്നില്‍നിന്ന് ആ കാഴ്ച കണ്ട് ജിജിയുടെ കണ്ണുകളില്‍ ജലം പൊടിഞ്ഞു.
എല്‍സമ്മ സന്തോഷത്തോടെ മരുമകനെ അകത്തേക്കു ക്ഷണിച്ചു.
''ഇരിക്ക് ഞാന്‍ കഴിക്കാനെടുക്കാം.''
''വേണ്ടമ്മേ ഞാന്‍ കഴിച്ചതാ.''
ജോസ് ജിജിയോടൊപ്പം കിടപ്പുമുറിയിലേക്ക് നടന്നു.
''മോനിങ്ങ് പോര്.''
ജോസിന്റെ കൈയില്‍ നിന്നും കുട്ടിയെ എല്‍സമ്മ താഴെയിറക്കി, അവന്റെ വിസമ്മതം അവഗണിച്ച്.
''നമുക്കപ്പുറത്തേക്ക് പോകാം.''
എല്‍സമ്മയോടൊപ്പം അടുക്കള ഭാഗത്തേക്കു നടന്ന അവന്‍ വൈകാതെ വീണ്ടും വന്ന് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു.
അടച്ചിട്ട മുറിയില്‍ ജോസിന്റെയും ജിജിയുടേയും വര്‍ത്തമാനം ഏറെ നേരം നീണ്ടു. ഇടയ്ക്കിടെ അവളുടെ കരച്ചിലും ഏങ്ങലടികളും ജോസിന്റെ സാന്ത്വനസ്വരങ്ങളും വാതില്‍പ്പാളി വിടവുകളിലൂടെ ചിതറി അവ്യക്തമായി എല്‍സമ്മയുടെ കാതുകളില്‍ വീണു. നാളുകളായി അണഞ്ഞു തുടങ്ങിയ നെഞ്ചിലെ അഗ്നികുണ്ഠത്തില്‍ വീണ്ടും മഴത്തുള്ളികളായി.
എല്‍സമ്മ ആശ്വാസത്തോടെ ദീര്‍ഘമായി നിശ്വസിച്ചു.
സ്വന്തം കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുന്ന കുഞ്ഞപ്പന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. ജീവിതത്തില്‍ അനുഭവിച്ചു വരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരം രൂപപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കാതിരുന്നില്ല. പക്ഷേ, മരുമകനെ അഭിമുഖീകരിക്കുവാന്‍, സംസാരിക്കുവാന്‍, ആകെയൊരു വല്ലായ്മ.
അയാള്‍ മെല്ലെ എഴുന്നേറ്റ് കട്ടിലില്‍തന്നെയിരുന്നു.
എന്തു പറഞ്ഞാണ് ജോസിനോട് സംസാരിച്ചു തുടങ്ങേണ്ടത്? കുഞ്ഞപ്പന്‍ മനസ്സില്‍ ആലോചന തുടങ്ങി.
ജിജിയും മകനുമായേ ജോസ് മടങ്ങൂ. എല്‍സമ്മയ്ക്കറിയാം. നാളുകള്‍ കൂടിയാണ് ജോസ് വന്നിരിക്കുന്നത്. ഏതായാലും ഉച്ചയൂണ് കഴിഞ്ഞ് അവരെ വിട്ടാല്‍ മതി. സമയം കളയാതെ എല്‍സമ്മ ഊണു തയ്യാറാക്കുവാനുള്ള ജോലികളാരംഭിച്ചു.
ആ സമയം വെൡയില്‍ ഒരു കാര്‍ വന്നു നിന്നു. ആരും അത് ശ്രദ്ധിച്ചില്ല.
മുറിക്കിള്ളിലെ സംസാരം നിലച്ചു. വാതില്‍ തുറക്കപ്പെട്ടു. പുറത്തേക്കിറങ്ങിയ ജിജി വേഷം മാറി യാത്ര പുറപ്പെടാനുള്ള ഒരുക്കത്തില്‍ മുറിക്കുള്ളില്‍ ബാഗുകളെല്ലാം തയ്യാറാക്കിവച്ചിരിക്കുന്നു.
''മോനേ വാ ഉടുപ്പൊക്കെ മാറാം.''
അടുത്തേക്കു വന്ന മമ്മിയെ അവന്‍ ചോദ്യരൂപേണ നോക്കി.
''നമുക്ക് പപ്പാടെ കൂടെ നമ്മുടെ വീട്ടിലേക്ക് പോകണ്ടേ?''
അതുകേട്ടതോടെ അവന്‍ ചാടിയെഴുന്നേറ്റു. ഉത്സാഹത്തോടെ അമ്മയോടൊപ്പം മുറിയിലേക്ക്.
മുറിക്കുള്ളില്‍ കുഞ്ഞപ്പന്‍ മുഖംകുനിഞ്ഞ് ചിന്തയില്‍ മുഴുകി ഒരേയിരിപ്പാണ്. 'ഇനി ഇവിടിങ്ങനിരുന്നാല്‍ മോശമാണ്. ജോസ് എത്രയോ നേരമായി? ചെന്ന് എന്തെങ്കിലുമൊക്കെ കുശലാന്വേഷണം നടത്തണം.' കട്ടിലല്‍നിന്ന് മെല്ലെ എഴുന്നേല്ക്കുവാന്‍ തുടങ്ങിയതേയുള്ളൂ.
''ചാച്ചാ.''
ആ വിളികേട്ട് കുഞ്ഞപ്പന്‍ ചെറുതായൊന്നു ഞെട്ടിപ്പോയി. തൊട്ടുമുന്നില്‍ ജോസ്.
''എന്തുപറ്റി ചാച്ചന്? എന്തിനാ എപ്പോഴുമിങ്ങനെ പുറത്തിറങ്ങാതെ ഇതിനകത്ത് കഴിച്ചുകൂട്ടണത്?''
അല്പം വിളറിയ മുഖത്തോടെയാണ് കുഞ്ഞപ്പന്റെ നില്പ്. മറുപടി വാക്കുകള്‍ക്കായി പരതി.
''ചാച്ചാ ഞങ്ങളങ്ങ് ഇറങ്ങിയേക്കുവാ'' കുഞ്ഞപ്പന്റെ നോട്ടം പതറി. വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.
''ജോസേ... അത്... പിന്നെ...''
ചാച്ചന്റെ വിഷമം, അത് ഉള്ളില്‍കിടന്ന് ഞെരുങ്ങു ന്നത്, തുറന്നു പറയാനാവാതെ പ്രയാസപ്പെടുന്നത്. എല്ലാം എന്തിനെന്ന് ജോസിനറിയാം.
''ചാച്ചന്‍ മറ്റു കാര്യങ്ങളൊന്നും ഇനി പറയണ്ട. മേലില്‍ അതൊന്നും ചിന്തിക്കുകപോലും വേണ്ട. ചിലതൊക്കെ സംഭവിച്ചുപോയി. എല്ലാവര്‍ക്കും വിഷമമുണ്ട്. എല്ലാം... എല്ലാം മറക്കണം. ക്ഷമിക്കണം.''
നിറയെ തേന്‍ നിറച്ച ഒരു പാത്രം പോലെ ഹൃദയം നിറഞ്ഞുതുളുമ്പുന്നത് കുഞ്ഞപ്പനനുഭവപ്പെട്ടു. താന്‍ കരഞ്ഞുപോകുമോ എന്ന് അയാള്‍ക്ക് തോന്നി.
''കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു സംസാരവും ഇനി ഉണ്ടാകരുത്. ഉണ്ടാകാന്‍ പാടില്ല. അത് ഞങ്ങള്‍ കൊടുത്തവാക്കാണ്.''
ജോസ് പെട്ടെന്ന് നിറുത്തി. ഉദ്ദേശിക്കാത്ത തെന്തോ പറഞ്ഞു പോയതുപോലെ.
''വാക്കോ? ആര്‍ക്ക്?''
കുഞ്ഞപ്പന്‍ അറിയാതെ ചോദിച്ചുപോയി. അല്പനേരം ചാച്ചന്റെ മുഖത്തുനോക്കിനിന്ന് ശബ്ദം താഴ്ത്തി ജോസ് പറഞ്ഞു.
''മാത്തച്ചായനും ഗ്രേസേച്ചിക്കും.''
കുഞ്ഞപ്പന്റെ മുഖം കുനിഞ്ഞു. അയാള്‍ വീണ്ടും എന്തൊക്കെയോ ചിന്തകളോടെ കട്ടിലില്‍തന്നെയിരുന്നു.
യാത്ര പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്ന മകളേയും കുട്ടിയേയും നോക്കി ധൃതിയില്‍ എല്‍സമ്മ കടന്നുവന്നു.
''എന്തായിത്? നിങ്ങളിങ്ങനെ ഓടിപ്പിടിച്ച് പോവ്വാണോ. ഊണുകഴിച്ചിട്ട് സാവധാനം പോയാല്‍ മതി.''
''വേണ്ടമ്മേ...''
ജോസ് സ്‌നേഹപൂര്‍വം പുഞ്ചിരിയോടെ പറഞ്ഞു.
''ഞാനിന്ന് ലീവ് എടുത്തിട്ടില്ല. ഇവരെകൊണ്ടാക്കി എനിക്കുടനേ ഓഫീസില്‍ പോണം.''
എല്‍സമ്മയുടെ മുഖത്ത് ചെറിയ പരിഭവം.
''ശ്ശോ നിങ്ങളും കൂടെ ഉണ്ടാകൂന്ന് വച്ചാ ഞാന്‍ ചോറും കറീം ഒക്കെ ഉണ്ടാക്കിയേ.''
''ഞങ്ങള് വരുന്നുണ്ടമ്മേ. ഇന്നേതായാലും ഇപ്പോത്തന്നെ പോവ്വാ.''
ഈ സമയത്താണ് വെളിയില്‍ വന്നു കിടക്കുന്ന കാര്‍ ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
''ദാ കാറു വന്നു. ഇനി നേരം കളയണ്ട.''
പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്ന ജോസിന്റെയും ജിജിയുടേയും സമീപത്തേക്ക് കുഞ്ഞപ്പന്‍ വന്നു.
''കാറോ? ഏതു കാറ്?''
എല്ലാവരുടേയും നോട്ടം വെളിയില്‍ കിടക്കുന്ന കാറിനു നേരെ തിരിഞ്ഞു. ജിജിയും മകനും സന്തോഷത്തിമിര്‍പ്പിലാണ്. എത്രനാളുകള്‍ക്കുശേഷമാണ് ഇത്ര ആഹ്ലാദവതിയായി കുഞ്ഞപ്പനും എല്‍സമ്മയും മകളെ കാണുന്നത്.
പുഷ്പിച്ചുലഞ്ഞു നില്‍ക്കുന്ന ഒരു ചെടിപോലെ. ഇഷ്ടകളിപ്പാട്ടം ലഭിച്ച ഒരു കുഞ്ഞിനെപ്പോലെ.
''ഏതാ ആ കാറ്? ആരാ അതില്?''
കുഞ്ഞപ്പന്‍ ചോദ്യം ആവര്‍ത്തിച്ചു. ജോസും ജിജിയും പരസ്പരം ആലോചനയോടെ നോക്കി.
''അത് മാത്തച്ചായനും ഗ്രേസേച്ചിയുമാ. ഞങ്ങളെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്നതാ.''
ചാച്ചന്റെയും അമ്മയുടേയും മുഖഭാവം ശ്രദ്ധിച്ച ജോസ് പറഞ്ഞു.
അമ്പരപ്പോടെ കുഞ്ഞപ്പനും എല്‍സമ്മയും പരസ്പരം നോക്കി.
''ഈ സമയമാകുമ്പോ വന്നേക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ രാത്രി അവര്‍ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. എന്നിട്ട്...''
എന്തോ ഓര്‍മ്മിച്ചിട്ടെന്നപോലെ ജോസ് പെട്ടെന്നു നിറുത്തി.
''എന്നിട്ടവരെന്താ ഇങ്ങോട്ടു വരാതെ വണ്ടീത്തന്നെയിരിക്കണേ?''
എല്‍സമ്മയുടെ മുഖത്ത് വീണ്ടും പരിഭവം.
''ആ എനിക്കറിയാന്മേല. ചെലപ്പോ ചെന്ന് വിളിക്കാഞ്ഞിട്ടായിരിക്കും.''
ജിജിയുടെ മുഖത്തൊരു കുസൃതിച്ചിരി. അവള്‍ പറഞ്ഞതു മുഴുവനായി മനസ്സിലാകാത്തതുപോലെ എല്‍സമ്മയുടെ നോട്ടം.
''വിളിക്കണോ? ഈ വീട്ടിലേക്ക് വരാന്‍ ചെന്ന് വിളിക്കണോ അവരെ?''
''വേണ്ടി വരും. മേലാ കണ്ടുപോകരുതെന്നും മുമ്പി വന്നുനിന്നു പോകരുതെന്നുമൊക്കെയല്ലേ പറഞ്ഞേക്കണത്.''
ഉടന്‍ വന്നു ജിജിയുടെ മറുപടി. അതുകേട്ട് കുഞ്ഞപ്പന്‍ വീണ്ടും ഒന്നു ഞെട്ടിയതുപോലെ.
എന്തോ ചിന്തിച്ച് ഒരു നിമിഷം എല്‍സമ്മ നിന്നു.
''ഞാന്‍ പോയി വിളിച്ചുകൊണ്ടുവരാം അവരെ.''
എല്‍സമ്മ വെളിയിലേക്കു നടന്നു.
കുഞ്ഞപ്പന്‍ ആകെ വിമ്മിഷ്ടപ്പെടുവാന്‍ തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആകെ ചിന്താക്കുഴപ്പത്തിലകപ്പെട്ടതുപോലെ ഭാര്യപോയ വഴിയിലേക്കു നോക്കി.
അയാളുടെ പരിഭ്രമം വര്‍ധിച്ചു. എന്തില്‍നിന്നോ ഒളിക്കുവാനുള്ള വ്യഗ്രതകയോടെ മുറിയിലേക്ക് പിന്‍വാങ്ങി.
ഒരു മാത്ര കട്ടിലില്‍ ഇരുന്നു.
പിന്നെ പാതിയടഞ്ഞ കണ്ണുകളോടെ കിടന്നു.
(തുടരും)