നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചിയുടെ വിളിപ്പേര്. ഭൂമിയോളം പോരുന്ന ആ വലിയ കടലിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നത് കൊച്ചിയിലെ മനുഷ്യരുടെ കണ്ണീരും ചിരിയും ഉടലും ആത്മാവുമൊക്കെയാണ്. സായാഹ്നങ്ങളിൽ ഒരാള് പോലും ആ കടൽതീരത്തും കായലോരത്തും തനിച്ചിരിക്കുന്നില്ല. അവർക്കും മുൻപേ കടന്നു പോയ അനേകം മനുഷ്യർ ആ കടൽത്തീരത്തിരിക്കുന്നവരുടെ ഉള്ളിലെ കനവും കഥയും തിരിച്ചറിഞ്ഞുകൊണ്ട് അവർക്കരികിൽ കാറ്റേറ്റ് കൂട്ടിരിക്കുന്നുണ്ട്.
നോവൽ അവസാനിക്കുന്നു.
അധ്യായം 30
കടൽ
പരസ്പരം കൃത്യമായ് പിടുത്തം കിട്ടാൻ വേണ്ടി അവര്‍ മൂവരും നിരന്തരം ഏറ്റുപറച്ചില്‍ നടത്തിക്കൊണ്ടേയിരുന്നു. കെവിന്റെ തുറന്നു പറച്ചിലുകള്‍ കേട്ട സി. റൂഹിന്റെയും മേഘയുടെ മുന്‍വിധികളുടെ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു. സിസ്റ്ററിന്റെയും മേഘയുടെയും മറുപടികളിലും ചോദ്യങ്ങളിലും കെവിന്റെ കഴിഞ്ഞുപോയ ആറു വര്‍ഷങ്ങളിലെ അന്ധകാര ചിന്തകള്‍ക്ക് മേല്‍ പ്രകാശം വീണുകൊണ്ടേയിരുന്നു. തുറന്നു പറയാന്‍ മനസ്സും കേട്ടിരിക്കാന്‍ മനുഷ്യരുമുള്ളിടത്തോളം ആര്‍ക്കും അധികനാള്‍ ഒന്നിന്റെയും അന്ധകാരത്തില്‍ തുടരേണ്ടി വരില്ല, അതിപ്പോള്‍ കാരാഗൃഹമാണെങ്കിലും, കിടപ്പ് മുറികളാണെങ്കിലും ജ്വരക്കിടക്കകളാ ണെങ്കിലും ശരി!
'പൊലീസുകാരുടെ, കഴുത്തിനുള്ള കുത്തിപിടിക്കലിലും നാട്ടുകാരുടെ കുറ്റംപറച്ചിലിലും കൂനിപ്പോയ തലയാണ് എന്റേത്. അന്ന് കുനിഞ്ഞ് തൂങ്ങിയ എന്റെ ഈ തല പിന്നെ ആര്‍ക്കു മുന്നിലും ഉയര്‍ന്നിട്ടില്ല.' ഇതു പറഞ്ഞു തുടങ്ങുമ്പോള്‍ കെവിന്റെ ശിരസ്സ് വാനോളം ഉയര്‍ന്നിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. ഒരൊറ്റ ഏറ്റുപറച്ചിലില്‍, സത്യത്തിന്റെ മടങ്ങിവരവില്‍ കെവിന്‍ വീണ്ടെടുത്തത് ശിഥിലമായിപ്പോയ അവന്റെ ആത്മാഭിമാനത്തിന്റെ ചീളുകളാണ്. ഭൂതകാല രൂപത്തില്‍ അതിലൊന്നും കൂട്ടിച്ചേര്‍ക്കാന്‍ ആകിലെങ്കിലും, ആരും വിഭാവനം ചെയ്യാത്ത പുതുരൂപത്തില്‍ ആ ചെറുപ്പക്കാരന്റെ ജീവിതത്തെ തിരികെ പിടിക്കാം എന്നൊരു തോന്നല്‍ ആ രണ്ടു സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു.
'ആദ്യമൊക്കെ ഇവിടെ എല്ലാരും എന്നെ 'പൊട്ടാ'ന്നാണ് വിളിച്ചിരുന്നത്. കുറേപ്പേര്, എന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട്, 'നിന്റെ അണ്ണാക്കില് നാക്കില്ലേടാ കഴുവേറിടെ മോനേ' എന്ന് ചോദിക്കുമായിരുന്നു. ഞാന്‍ ആദ്യമായിട്ടൊന്നു മായിരുന്നില്ല തെറി കേള്‍ക്കുന്നതും തല്ലു കൊള്ളുന്നതും. എന്നിട്ടും ഈ ജയിലിനകത്ത് കേട്ട തെറിയും തല്ലുമൊക്കെ എന്നെ ഭയങ്കരമായിട്ട് തളര്‍ത്തിക്കളഞ്ഞു. കാരണം ഇവരൊന്നും എന്റെ ആരുമായിരുന്നില്ല; ഇവരോട് ആരോടും എനിക്കോ എന്നോട് ഇവര്‍ക്കോ ഒരു പൂര്‍വ വൈരാഗ്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു കാരണവുമില്ലാതെ കുറെപ്പേര്‍ എന്നെ നിരന്തരം തല്ലി തെറി പറഞ്ഞു.' കഴിഞ്ഞുപോയ കാലഘട്ടത്തിലെ കഥകള്‍ പറയുന്ന കെവിന്റെ കണ്ണിലേക്ക് ആ പഴയ കണ്ണീരിന്റെ ബാക്കി കുതിച്ചെത്തുന്നു ണ്ടായിരുന്നു.
'ഞാന്‍ മിണ്ടാതായതിനു ഒരു കഥയുണ്ട് സിസ്റ്ററേ... ആരോടും പറഞ്ഞിട്ടില്ല... ഇതിനകത്ത് കിടക്കുന്ന എല്ലാര്‍ക്കും ആ കഥ പറയാനുണ്ടാകും... ഇതിപ്പോള്‍ ഞാന്‍ നിങ്ങളോട് പറയുന്നതെന്താണെന്ന് ചോദിച്ചാല്‍ ഒരൊറ്റ കാരണമേ ഉള്ളൂ 'എന്നെ കേട്ടിരിക്കാന്‍ നിങ്ങളിങ്ങനെ കാത്തിരിക്കുകയാണ്... അല്പമെങ്കിലും സ്‌നേഹത്തോടെ' വിസ്താരവും വിധിയുമൊക്കെ കഴിഞ്ഞ് എന്നെ ഇതിനകത്തേക്ക് കയറ്റുമ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. വേറൊന്നും കൊണ്ടല്ല, അത്രയും നാള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല, വീട്ടില്‍ അമ്മയുണ്ടായിരുന്നു, കാത്തിക്കുട്ടി ഉണ്ടായിരുന്നു അമ്മാമ്മയുണ്ടായിരുന്നു... വീടിനു വെളിയിലോ വലിയ ഒരു വീടുപോലെ കൊറേ മനുഷ്യരും മൃഗങ്ങളും. ആദ്യമായിട്ട്, അതൊക്കെ എനിക്ക് കിട്ടാതായ്... ശ്വാസം മുട്ടുകയായിരുന്നു എനിക്ക്.'
കെവിന്‍ പറയാന്‍ പോകുന്ന വലിയ ഏതോ സങ്കടത്തിന്റെ ഒരുക്കം കേട്ട സി. റൂഹിന്റെ ഉള്ളില്‍ കെവിന്‍ അനുഭവിച്ച അതേ ശ്വാസംമുട്ടല്‍ ഉരുണ്ട് കൂടി. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന നിമിഷങ്ങള്‍!
'ഇവിടെ കാല് കുത്തിയ അന്ന് തുടങ്ങി എനിക്ക് കിട്ടിയ തല്ലിന് കയ്യും കണക്കുമില്ല. ആദ്യത്തെ ഒരൊറ്റ ദിവസം കൊണ്ട് ഇത് തീരുമായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി. ഓരോ സാറുമാര്‍ക്കും തോന്നുന്ന ദിവസങ്ങളില്‍ തോന്നുന്നത് പോലെയായിരുന്നു അടി. കിട്ടുന്ന അടിയുടെയും കേള്‍ക്കുന്ന തെറിയുടെയുമൊക്കെ എണ്ണം കുറയുമെന്ന് കരുതിയാണ് തെറ്റിപ്പോയൊ തൊക്കെ പറ്റിപ്പോയതാണെന്നും പറഞ്ഞ് നിലവിളിച്ച് മാപ്പ് ചോദിച്ചത്.
എത്ര കരഞ്ഞിട്ടും ഏറ്റു പറഞ്ഞിട്ടും നിര്‍ത്താതെ തല്ലിക്കൊണ്ടിരുന്നവര് പറഞ്ഞൊരു ഡയലോഗുണ്ട്. 'നിന്നെപ്പോലുള്ള എല്ലാ നായിന്റെ മക്കള്‍ക്കും കാണുമെടാ ഇതുപോലുള്ള നാറിയ കഥകള്... കള്ളും കുടിച്ച് കഞ്ചാവും വലിച്ച് സ്വന്തം തന്തേനേം തള്ളേനേം തല്ലിയും, കെട്ട്യോളേം മക്കളേം കുത്തിയും തല്ലിയും കൊന്നും ജീവിക്കുന്ന കൊറേ നായിന്റെ മക്കള്...' അറപ്പും വെറുപ്പും അരിശവും കൂട്ടിക്കലര്‍ത്തി പൊലീസുകാരും സഹതടവുകാരും ചേര്‍ന്ന് വിളിച്ച 'നായിന്റെ മക്കളെ'ന്ന ആ അവസാന വാക്യത്തില്‍ കെവിന്‍ കരഞ്ഞുപോയി. അപരിചിതനായ ഒരു ചെറുപ്പക്കാരന്റെ കഥ കേട്ടിരുന്ന മേഘയ്ക്ക് പോലും ആ വിഷാദ മുഹൂര്‍ത്തത്തെ കരച്ചിലോടെയല്ലാതെ അതിജീവിക്കാനായില്ല. ആര്‍ക്കും അറിയാനും കേള്‍ക്കാനുമിഷ്ട മില്ലാത്തവരുടെ കഥകള്‍ ആ മതില്‍കെട്ടിനകത്ത് അടിച്ചമര്‍ത്തപ്പെട്ടു കിടക്കുകയാണ്.
'നിങ്ങളിങ്ങനെ എന്നെ കേട്ടിരിക്കുമ്പോള്‍, എന്റെ കഥ കേട്ട് കരയുമ്പോള്‍ എനിക്കറിയാം ഞാന്‍ പറയുന്നത് കെട്ട് കഥകളോ കള്ളങ്ങളോ ആണെന്ന് നിങ്ങള്‍ കരുതുന്നില്ലായെന്ന്. അത് തന്നെ എനിക്ക് തരുന്ന ആശ്വാസം ചെറുതൊന്നുമല്ല... ഞാന്‍ പറയാം സിസ്റ്ററേ... ആരോട് വേണമെങ്കിലും... ഈ ലോകത്തോട് മുഴുവനും ഞാന്‍ പറയാം... നിങ്ങള് പറഞ്ഞത് പോലെ... എന്നെ പോലുള്ളവരെ കേള്‍ക്കാനും ഈ ലോകത്തില്‍ നല്ല മനുഷ്യരുണ്ട് എന്നതില്‍ മാത്രമാണ് എനിക്കുള്ള പ്രതീക്ഷ... എനിക്കു തിരികെയെത്തണം പാരിജാതം പൂക്കുന്ന എന്റെ വീട്ടിലേക്ക്...
(അവസാനിച്ചു)