Novel

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം

Sathyadeepam
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 12

ബനീഞ്ഞാമ്മയ്ക്കിപ്പോള്‍ സുഖമുണ്ട്. ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന തലചുറ്റല്‍ പാടേ വിട്ടൊഴുഞ്ഞിരിക്കുന്നു. ബോധക്ഷയം ഉണ്ടാകാറില്ല. ശരീരത്തിന്റെ ക്ഷീണാവസ്ഥയും ഒട്ടൊക്കെ മാറിയിരിക്കുന്നു. പക്ഷെ, വലതുകാലിന് വേദനയുണ്ട്. ഇടതു കൈക്കും.

അത് സാരമുള്ളതല്ല. പ്രായം ചെറുതല്ല. വാര്‍ധക്യത്തില്‍ ചില വേദനകളൊക്കെ ശരീരത്തില്‍ കൂടുകെട്ടും. അത് സ്വാഭാവികം. വലതുകാല്‍ ഒരിക്കല്‍ ഒടിഞ്ഞതാണ്. ഇടതുകൈയ്യും അങ്ങനെതന്നെ.

രാവിലെ പത്തുമണിക്കു മുമ്പേ ഡോക്ടര്‍ വന്നു. ആ ബ്ലോക്കില്‍ ഡോക്ടര്‍ ആദ്യമെത്തുന്നത് ബനീഞ്ഞാമ്മയുടെ മുറിയിലേക്കാണ് ഡോക്ടര്‍ വരുമ്പഴേ ബനീഞ്ഞാമ്മ ഒരു സൗഖ്യശോഭ അനുഭവിക്കുന്നുണ്ട്. അത്രയ്ക്കും സൗമ്യയായ രീതിയിലാണ് ഡോക്ടര്‍ രോഗികളെ സമീപിക്കു ന്നത്. ഒരു ചിരപരിചിത ഭാവമാണ് ഡോക്ടറുടെ മന്ദഹാസം കലര്‍ന്ന മുഖത്ത് എപ്പോഴും പ്രകാശിതമാകുന്നത്; എല്ലാ രോഗികളോടും അങ്ങനെതന്നെ.

''അരുതായ്മകളൊന്നു മില്ലല്ലോ...'' പരിശോധനയ്ക്കിടെ ഡോക്ടര്‍ ചോദിച്ചു.

''ഇല്ല ഡോക്ടര്‍ എനിക്കിപ്പോള്‍ നന്നേ സുഖമുണ്ട്. മഠത്തിലേക്ക് മടങ്ങാന്‍ തിടുക്കവുമുണ്ട്.''

''സിസ്റ്ററിനെ പറഞ്ഞുവിടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. രണ്ട് ദിവസം കൂടി കഴിയട്ടെ. അത് സിസ്റ്റര്‍ക്കിപ്പോ കാര്യമായ അസുഖമൊന്നുമുണ്ടായിട്ടല്ല. ഒന്ന് രണ്ട് ദിവസം കൂടി കവയിത്രി മേരി ബനീഞ്ഞയെ അടുത്ത് കാണാല്ലോ എന്ന് കരുതിയാണ്.''

ഡോക്ടര്‍ ചിരിച്ചു. കൂടെ വന്ന നഴ്‌സുമാരും ആ ചിരി നിശ്ശബ്ദം പകര്‍ന്നെടുത്തു.

ഡോക്ടര്‍ കട്ടില്‍തലയ്ക്കലെ ചാര്‍ട്ടുനോക്കി. പുറമെ മരുന്നുകളൊന്നും കുറിച്ചില്ല. അദ്ദേഹം പറഞ്ഞു,

''ആഹാരം നന്നായി കഴിക്കണം. ഇഷ്ടമുള്ള തൊക്കെ. എന്നാലേ ആരോഗ്യം തിരിച്ചുകിട്ടൂ.'' ഇനിയും കവിതകള്‍ക്ക് ബാല്യമുണ്ടെന്ന് കരുതണം...''

ഒരു ചെറുചിരിയോടെ ഡോക്ടര്‍ പിന്‍വാങ്ങി നേഴ്‌സുമാരും...

ഇനിയും കവിതകള്‍... ആഗ്രഹമില്ലാഞ്ഞല്ല - മനസ്സിപ്പോള്‍ ഒരു മണലാരണ്യമാണ്. പക്ഷെ, അത് ചുട്ടുപഴുത്ത് കിടക്കുകയൊന്നുമല്ല. എങ്കിലും അവിടെ രാമഴ പെയ്യുന്നില്ല. പുതിയ നാമ്പുകള്‍ മുളക്കുന്നില്ല.

എത്രയും പെട്ടെന്ന് മഠത്തിലേക്ക് തിരിച്ചെ ത്തണമെന്ന് ബനീഞ്ഞാമ്മ ആഗ്രഹിച്ചു. അവിടെ യാണ് തന്റെ ഏകാന്തത യുടെ കുടീരം. അവിടെ യാണ് തന്റെ ഏകാന്ത പ്രാര്‍ഥനകളുടെ കൂടാരം.

ഏകാന്തതയാണ് കവിതയെ ആനയിച്ചെത്തി ക്കുന്നത്. ഏകാന്തതയുടെ ഈറ്റില്ലത്തിലാണ് കവിത യുടെ ഗര്‍ഭം പൊട്ടുന്നത്. വിഷാദമാണ് ഏകാന്തത യുടെ മറുകര. ഏകാന്തത യുടെ നീലനീലയായ സമുദ്രം കീറി മറുകര പറ്റുമ്പോഴാണ് വിഷാദ ത്തിന്റെ മഞ്ഞവെയില്‍ പുതയ്ക്കാനാകുക. ആ മഞ്ഞവിരിപ്പിനുള്ളില്‍ പൂണ്ടു കിടക്കുമ്പോള്‍ ഒരാത്മാവിന്റെ സ്‌നേഹ ഗീത പോലെ കവിതയുടെ അക്ഷരനിസ്വനങ്ങള്‍ കേള്‍ക്കാനാകുന്നു.

''എന്താ സിസ്റ്ററേ

ഒരു വിഷമം പോലെ. ഡോക്ടര്‍ പോകാനനു

വദിക്കാത്തതു കൊണ്ടാണോ...?'' സിസ്റ്റര്‍ ഗെരോത്തി ചോദിച്ചു.

ബനീഞ്ഞാമ്മയിലെ അപര ഞെട്ടറ്റുവീണു. കുറച്ചു നേരത്തേക്ക് ബനീഞ്ഞാമ്മ ഭൂമിയില്‍ നിന്ന് എടുക്കപ്പെട്ടിരുന്നു. മറുലോകത്തേക്ക് നിമിഷാര്‍ദ്ധങ്ങളിലെ യാത്ര...

ഇപ്പോള്‍ മഞ്ഞനിറം പൂശിയ ആശുപത്രി ചുവരുകള്‍ക്കുള്ളിലാണ് ബനീഞ്ഞാമ്മ. ഇളംമഞ്ഞ വാര്‍ധക്യത്തിന്റെ നിറമാണോ?...

പുറത്ത് മഴയില്ല. ഭൂമി ഇളവെയിലേല്‍ക്കുകയാണ്. പുറത്തിറങ്ങി വരാന്തയിലൂടെ അല്‍പം നടന്നാലോ എന്ന് ചിന്തിച്ചു ബനീഞ്ഞാമ്മ. പിന്നെ അത് വേണ്ടാന്ന് വച്ചു.

അല്‍പനേരം കിടക്കാം. ഒരുദാസീന ഭാവം ബനീഞ്ഞാമ്മയെ പിടികൂടുന്നു, ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് മനുഷ്യന്‍ മൃതനാകുന്നത്. മൃതനായവനെ ഭൂമിക്കാവശ്യമില്ല. ബനീഞ്ഞാമ്മയുടെയുള്ളില്‍ അരൂപമായ ഒരു ഖിന്നതയുടെ കാറ്റു പിടിക്കുന്നു.

കിടക്കാനായുക യായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ. അപ്പോഴാണ് വാതിലില്‍ മുട്ടുകേട്ടത്. സിസ്റ്റര്‍ ഗെരോത്തി വാതില്‍ തുറന്നു. അസ്‌തേന്തിയച്ചന്‍.

ബനീഞ്ഞാമ്മ കൈകള്‍ കൂപ്പി കൊച്ചച്ചന് സ്തുതിചൊല്ലി. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊച്ചച്ചന്‍ പറഞ്ഞു,

''വേണ്ട, അവിടെയിരുന്നോളൂ.''

സിസ്റ്റര്‍ ഗെരോത്തി കൊച്ചച്ചനായി ഒരു കസേര നീക്കിയിട്ടു കൊടുത്തു. അദ്ദേഹം ബനീഞ്ഞാമ്മയ്ക്ക് അഭിമുഖം ഇരുന്നു.

''ഇപ്പോഴെങ്ങിനുണ്ട് സിസ്റ്ററേ...?''

''നല്ല ഭേദമുണ്ടച്ചോ...'' ബനീഞ്ഞാമമ പറഞ്ഞു.

''ഞാന്‍ കുര്‍ബാന യര്‍പ്പിച്ചു പ്രാര്‍ഥിച്ചിരുന്നു സിസ്റ്റര്‍ക്കുവേണ്ടി.''

''എന്നായാലും മരിക്കണമച്ചോ... അതി പ്പോഴായാലും കുറെ കഴിഞ്ഞായാലും...'' ഒരു ലോക തത്വം ബനീഞ്ഞാമ്മ പറഞ്ഞു.

''ഞാന്‍ പ്രാര്‍ഥിച്ചത് സിസ്റ്റര്‍ മരിക്കാതിരി ക്കാനല്ല. അസുഖം ഭേദമാകാന്‍ വേണ്ടിയാണ്.'' അച്ചന്‍ ചിരിച്ചുകൊണ്ടാണ ങ്ങനെ പറഞ്ഞത്.

ബനീഞ്ഞാമ്മയും അച്ചനെ കേട്ട് ചരിച്ചു പോയി. അച്ചന്റെ വാക്കുകളുടെ ധ്വനി ആത്യന്തികമായി മരണ മെന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നറിഞ്ഞുകൊണ്ടാണ് ബീനീഞ്ഞാമ്മയും ചിരിച്ചത്. കാരണം ഒരുവന്റെ മരണം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതു തന്നെയാണ്. അത് ആര്‍ക്കും മാറ്റി മറിക്കാനാവില്ല. പിന്നെ ഭയക്കുന്നതെന്തിന്...?

ബനീഞ്ഞാമ്മ കൂടുതല്‍ പ്രസന്നയായിരിക്കുന്നു എന്ന് സിസ്റ്റര്‍ ഗെരോത്തി കണ്ടു. അച്ചനുമായി സംസാരിക്കുമ്പോള്‍ ബനീഞ്ഞാമ്മ ഒരാനന്ദം അനുഭവിക്കുന്നു. കൂടുതല്‍ ചെറുപ്പമാകുന്നു. അത് ഒരെഴുത്തുകാരിയും അവരെ വായിക്കുന്ന ഒരാളും തമ്മിലുള്ള ഹൃദയപരമായ ഒരടുപ്പം സാധ്യമാകുന്നതു കൊണ്ടാകാം.

അവര്‍ കുറച്ചധികനേരം വര്‍ത്തമാനം പറഞ്ഞിരുന്നു. ഗെരോത്തി സിസ്റ്റര്‍ വെറും കേള്‍വിക്കാരി. സഭാകാര്യങ്ങള്‍... കുടുതലും സംസാരിച്ചത് സാഹിത്യകാര്യങ്ങള്‍ തന്നെ. സംസാരത്തി നിടയില്‍ ബനീഞ്ഞാമ്മ മൗനാവലംബിയാകുന്നു. ഒരു കാര്‍മേഘപടലം അവരുടെ മുഖകമല ത്തിലേക്ക് ഓടിക്കയറി വരുന്നു. അച്ചന്‍ ഇങ്ങനെ ചോദിച്ചു,

''ലോകമേ യാത്ര, പ്രഭാവതി, ചെമ്പരത്തി' ഈ മൂന്ന് കവിതകളിലും സിസ്റ്റര്‍ അല്‍പമെങ്കിലും സ്വജീവിതം പറയു ന്നില്ലേ...''

എവിടെയോ ഒരു കാറ്റുലഞ്ഞു. ഉഷ്ണം വമിക്കുന്ന കാറ്റാണ്. ചോദ്യത്തിന്റെ ശരമൂര്‍ച്ച ബനീഞ്ഞാമ്മ അറിയു ന്നുണ്ട്. ഒട്ടുനേരം സിസ്റ്റര്‍ നിശ്ശബ്ദയായിരുന്നു. പിന്നെ പറഞ്ഞു,

''ഇല്ല. എന്റെ ജീവിതം ആ കവിതകളിലില്ല. പക്ഷെ, അനുഭവങ്ങളുണ്ട്. പ്രഭാവതി ഒരു സംഭവത്തെ മുന്‍നിറുത്തി എഴുതിയ താണ്. കൊല്ലത്ത് ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലം. തന്റെ ഒരു സഹപാഠിനി പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്തു. ആ സംഭവത്തെ ആധാരമാക്കി എഴുതിയതാണ് പ്രഭാവതി. അതല്ലാതെ എന്റെ ജീവിതവുമായി ഒരു ബന്ധവുമില്ല.''

''സത്യമായിരിക്കാം'' കൊച്ചച്ചന്‍ പറഞ്ഞു. പക്ഷെ, പ്രണയം നഷ്ട പ്പെട്ടുപോയ ഒരാത്മാവിന്റെ ദീനവിലാപങ്ങളുടെ മുഴക്കങ്ങളുണ്ട്, ആ കവിത യില്‍. ഒരു നഷ്ടപ്രണയ ത്തിന്റെ ഭീതിദമായ പിടച്ചില്‍ വായനക്കാരന് അനുഭവിക്കാതിരിക്കാ നാവില്ല. ഒരു പക്ഷെ, പ്രഭാവതിയുടെ ദുരന്ത ത്തിനോട് അത്രമേല്‍ ആത്മാകൈ്യം പ്രാപിച്ചെഴുതിയതു കൊണ്ടാകാം. എഴുത്തു കാരി കവിതയിലെ കഥാപാത്രമായി വായനക്കാര്‍ക്ക് തോന്നിപ്പോകുന്നത്.''

''ഞാനങ്ങിനെ കാണു ന്നില്ലച്ചോ. പ്രഭാവതിയുടെ സങ്കടങ്ങള്‍ ആത്മാവി ലേക്ക് കുടഞ്ഞുചേര്‍ത്ത് ഹൃദയം പിളരുന്ന വിങ്ങലോടെ എഴുതിയതു കൊണ്ടാകാം അച്ചനും മുന്‍വായനക്കാരും അങ്ങനെ തെറ്റിദ്ധരിക്കാന്‍ ഇടയായത്.''

അച്ചന്‍ ചെറുങ്ങനെ ചിരിച്ചു. ബനീഞ്ഞാമ്മയും. ബനീഞ്ഞാമ്മ ഇപ്പോള്‍ മാനസികമായി ആരോഗ്യ വതിയാണെന്ന് അച്ചന്‍ കണ്ടു. അദ്ദേഹം പറഞ്ഞു.

''അവസാനം ബനീഞ്ഞാമ്മ എന്റെ പോസ്റ്റില്‍ തന്നെ ഗോളടിച്ചു.''

''അച്ചന് അങ്ങനെ തോന്നിയത് പ്രഭാവതി യുടെ ചരിത്രം മനസ്സി ലായതുകൊണ്ടാണ്. അത് മനസ്സിലാക്കാത്തവരാണ് കവിത വായിച്ച് എഴുത്തു കാരിയുടെ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ വൃഥാ പണിപ്പെട്ടത്.''

ബനീഞ്ഞാമ്മ ഓര്‍മ്മിക്കുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപതിലാണ് പ്രഭാവതി രൂപംകൊണ്ടത്. പക്ഷെ, അത് എഴുത്ത് പുസ്തക ത്തിലെ പീതനിറം ബാധിച്ച ഏടുകളില്‍ സമാധി കൊണ്ടു കിടന്നു. നാലഞ്ചു വര്‍ഷത്തോളം നീണ്ട ദീര്‍ഘ സമാധി.

തൊള്ളായിരത്തി ഇരുപതില്‍ മലയാളം ഹയര്‍ പരീക്ഷയില്‍ വിജയം നേടിയ മേരി ജോണ്‍ തോട്ടം വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.

പക്ഷെ, നമ്മള്‍ നിനയ്ക്കുന്നതുപോലെയല്ല ജീവിതം. അജ്ഞാതനായ വന്‍ വരക്കുന്ന രേഖാപഥങ്ങളിലൂടെയാണ് നമ്മുടെ യാത്ര. അത് നിയതിയുടെ നിയമം.

ഒരു വര്‍ഷം മാത്രമായിരുന്നു വടക്കന്‍ പറവൂരിലെ അധ്യാപക ജീവിതം. അക്കാലത്താണ് മേരി ജോണ്‍ തോട്ടം വേമ്പനാട്ടുകായല്‍ കാണുന്നത്. ആ കാഴ്ചയുടെ അനുരണനങ്ങളാണ് വേമ്പനാടന്‍ എന്ന കവിതക്ക് നിദാനമായത്.

പിറ്റേ വര്‍ഷം മേരി കുറവിലങ്ങാട് കോണ്‍വെന്റ് സ്‌കൂളില്‍ അധ്യാപികയായി നിയമിക്കപ്പെട്ടു. ഒരു വര്‍ഷക്കാലം ഒന്നാം അസിസ്റ്റന്റായും തുടര്‍ വര്‍ഷങ്ങളില്‍ ഹെഡ്മിസ്ട്രസായും ജോലി ചെയ്തു.

ജോലിയായിരുന്നില്ല മേരിക്ക് പ്രധാനം. ഒരു കന്യാസ്ത്രീ ആകുക എന്നതായിരുന്നു ആത്യന്തികലക്ഷ്യം. അതിന് മാതാപിതാക്കന്മാരുടെ അനുവാദം വേണം. അത് വരെ കാത്തിരിക്കണം.

അങ്ങനെ ആ കാത്തിരിപ്പ് നീണ്ടു. അഞ്ചുവര്‍ഷത്തോളം. അത് മേരി ജോണ്‍ തോട്ടം എന്ന കവയിത്രിയുടെ പുഷ്‌കല കാലം. കേരളത്തിലെ ഇരുപത്തഞ്ചോളം പ്രസിദ്ധീകരണങ്ങളില്‍ മേരി ജോണ്‍ തോട്ടം എഴുതിക്കൊണ്ടിരുന്നു. കവയിത്രി എന്ന നിലയില്‍ മേരിയുടെ പേര് പ്രചരിക്കുന്നതിനോടൊപ്പം തന്നെ മേരിയെ മഠത്തിലേക്കയയ്ക്കുന്നതിലുള്ള വൈമനസ്യവും കൂടി വന്നു. ഒരു ദിവസം അപ്പന്‍ ചോദിച്ചു.

''വിവാഹം വേണ്ടെങ്കില്‍ വേണ്ട. നീയിപ്പോള്‍ കന്യാസ്ത്രീ മഠത്തിലല്ലേ താമസിക്കുന്നത്. ഉടുപ്പിട്ടില്ലെങ്കിലെന്ത് ഇങ്ങനെയങ്ങ് ജീവിച്ചാല്‍ പോരെ.''

അപ്പന്റെ ചോദ്യം മേരിയില്‍ അനല്‍പമായ വിഷമം ഉണ്ടാക്കി. കൂടില്ലാത്ത ഒരു പക്ഷിയാണോ താന്‍...? ആകാശത്തിന് കുറുകെ എങ്ങോട്ടെന്നില്ലാതെ പറക്കുന്ന ചില്ലയില്ലാപ്പക്ഷി.

പിന്നെ താനിത്രകാലം കാത്തിരിക്കുന്നതെന്തിന്...? തന്റെ പ്രാര്‍ഥനകളെന്തിന്...? ആരും കാണാതെ തൂവിയ കണ്ണീരിന്റെ അര്‍ഥമെന്ത്...?

തന്റെ ജീവിതത്തില്‍ കവിതയ്ക്ക് രണ്ടാം സ്ഥാനമേയുള്ളൂ, പ്രഥമസ്ഥാനം സന്യാസത്തിന് തന്നെ. മനസ്സിന്റെ ത്രാസില്‍ സന്യാസത്തിന്റെ തട്ടാണ് താഴ്ന്ന് നില്‍ക്കുന്നത്. എന്നും അതങ്ങനെ തന്നെ ആയിരിക്കും. മരണം വരെ.

സാരമില്ല. എത്ര കാലം വരെ വേണമെങ്കിലും വിളക്ക് തെളിച്ച് താന്‍ കാത്തിരിക്കും. തന്റെ പ്രിയനെ കാത്ത്. എന്നെങ്കിലും അവന്‍ വരും. വാതിലില്‍ മുട്ടും. താന്‍ വാതില്‍ തുറക്കും. അവനെ കാണും. അതുവരെ എന്റെ വിളക്കില്‍ എണ്ണപകര്‍ന്ന് കൊണ്ടിരിക്കും. അത് ഒരിക്കലും വറ്റിപ്പോകുകയില്ല. ആ കാത്തിരിപ്പ് ഒരു ആത്മീയാനന്ദമാണ് പകരുന്നത്.

അറിയേണ്ടതറിഞ്ഞു ഞാനിനി

ച്ചെറുതും സംശയമറ്റിതേവിധം

അറയില്‍ തിരിയും കൊളുത്തിയെന്‍

പ്രിയനെ കാത്ത് ദിനങ്ങള്‍ പോക്കിടും.

ആ കാത്തിരിപ്പിനിടയിലാണ് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിലെ വൈക്കത്തഷ്ഠമിയാഘോഷം. അവിടെ സന്മാര്‍ഗപോഷിണി സഭയോടനുബന്ധിച്ച് നടത്തപ്പെടാറുള്ള സാഹിത്യ പരിഷത്തില്‍ കവിതാപാരായണത്തിനായി മേരി ജോണ്‍ തോട്ടം ക്ഷണിക്കപ്പെടുന്നു.

സമുദായ സ്‌നേഹികളും മേരി ജോണ്‍ തോട്ടത്തിന്റെ ഗുണകാംക്ഷികളുമായ ചില ആളുകളില്‍ നിന്നുള്ള സൗഹാര്‍ദപൂര്‍ണ്ണമായ ക്ഷണമായിരുന്നത്.

ക്ഷണക്കത്ത് തപാലിലായിരുന്നില്ല. അഭ്യസ്ഥവിദ്യനും കത്തോലിക്കനുമായ ഒരു വക്കീല്‍ സ്വന്തം സഹോദരിയെ തന്നെയാണ് മേരിയെ കൂട്ടിക്കൊണ്ടു ചെല്ലാനായി അയച്ചിരിക്കുന്നത്. സാഹിത്യ പരിഷത്തില്‍ സ്വന്തം കവിത വായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എഴുതിയതൊന്നും കൈവശമില്ല. പുതിയതൊന്ന് എഴുതാനും സാവകാശമില്ല. വാക്കുകളുടെ അടുക്കിപ്പെറുക്കല്‍ മേരിക്ക് അത്ര ക്ഷിപ്രസാധ്യമല്ല. നിമിഷ കവിത്വമൊന്നും മേരിയിലില്ല.

പഴയ നോട്ടുബുക്കുകള്‍ തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് പ്രഭാവതി കണ്ണില്‍പ്പെട്ടത്. പഴക്കം കൊണ്ട് മഞ്ഞച്ചുപോയ താളുകളില്‍ പ്രഭാവതി ദീര്‍ഘനിദ്രയില്‍ തന്നെ. മേരി ജോണ്‍ തോട്ടം അവളെ തട്ടിയുണര്‍ത്താന്‍ തന്നെ തീരുമാനിച്ചു. അവിടിവിടെ മിനുക്കംകൊടുത്ത് പ്രഭാവതിയെ പകര്‍ത്തിയെടുത്തു. വൈക്കത്തേക്ക് തിരിച്ചു.

സന്മാര്‍ഗ പോഷിണി സഭയുടെ സദസ് സമ്പന്നമായിരുന്നു. വടക്കുംകൂര്‍ രാജരാജാ വര്‍മ്മ രാജാ തിരുമേനിയായിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്റെ വലതുഭാഗത്തായി ഇരിപ്പിടം സ്വീകരിച്ച മേരിയിലേക്ക് സദസ്സിലുണ്ടായിരുന്ന സര്‍വരുടേയും കണ്ണുകള്‍ നീണ്ടു. ഒരു പക്ഷെ, ഇങ്ങനെയുള്ള ഒരു സദസ്സില്‍ ഒരു കത്തോലിക്കാ യുവതി പ്രത്യക്ഷപ്പെടുന്നത് നടാടെ ആയിരിക്കണം.

വേദി മേരി ജോണ്‍ തോട്ടത്തിനെ സ്വാഗതം ചെയ്തു. മേരി കവിതയുമായി സദസ്സിനെ വണങ്ങി. അനദി ദീര്‍ഘമായ മുഖവുരയോടുകൂടി പ്രഭാവതി പാരായണം ചെയ്യപ്പെട്ടു. പഞ്ചചാമരം വൃത്തത്തിലുള്ള മുപ്പത്തി രണ്ടു പദ്യങ്ങളും സദസുകള്‍ നിര്‍നിമേഷരായി കേട്ടിരുന്നു.

മുപ്പത്തിമൂന്നാമത്തെ പദ്യത്തോടുകൂടി പ്രഭാവതി അവസാനിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ഒടുങ്ങാത്ത കരഘോഷം. അഭിനന്ദന കോലാഹലങ്ങള്‍. മേരി ദൈവത്തിനും അകാലത്തില്‍ പൊലിഞ്ഞ പ്രഭാവതിക്കും നന്ദി പറഞ്ഞു.

പത്രപ്രതിനിധികള്‍ അടുത്തുവന്ന് കവിതയുടെ കൈയ്യെഴുത്ത് പ്രതിക്കായി കൈനീട്ടി. പിറ്റേന്ന് ഒന്നിലധികം പത്രത്തിലൂടെ പ്രഭാവതി വെളിച്ചം കണ്ടു. വായനക്കാര്‍ പ്രഭാവതിയെ സഹര്‍ഷം എതിരേറ്റു. വായനക്കാരില്‍ നിന്ന് അഭിനന്ദനപ്രവാഹം.

സ്വാനുഭവ പ്രതീതി ആ കവിതയില്‍ അങ്ങേയറ്റം അലയടിക്കുന്നതു കൊണ്ടാകാം ചിലര്‍ അതിലെ നായിക മേരി ജോണ്‍ തോട്ടം തന്നെയാണെന്ന് കണ്ടുപിടിച്ചത്.

അങ്ങനെ മേരി ജോണ്‍ തോട്ടം ഒരു പ്രണയകഥയിലെ നായികയായി പട്ടം ചാര്‍ത്തപ്പെട്ടു. അതിലൊട്ടും അതിശയോക്തിക്ക് വകയില്ല. തൂലികയേന്തിയ കൈ കവിത്വമുള്ള ഒരാളുടെതാണെന്ന് കരുതിയാല്‍ മതി. അതല്ലാതെ മേരിയില്‍ പ്രണയത്തിന്റെ സൂര്യകാന്തിപ്പാടങ്ങളൊന്നും പൂത്തിരുന്നില്ല. കൊഴിഞ്ഞിരുന്നില്ല.

''ആ കവിത മാത്രം പരിചയമുള്ളവര്‍ അങ്ങനെ പറഞ്ഞു. അതെഴുതിയ മേരി ജോണ്‍ തോട്ടത്തിനെ പരിചയമുള്ളവര്‍ അങ്ങനെ പറയില്ല...''

ബനീഞ്ഞാമ്മ പറഞ്ഞുകൊണ്ടിരുന്നു. അച്ചന്‍ കേട്ടുകൊണ്ടിരുന്നു.

ബനീഞ്ഞാമ്മ പറഞ്ഞതാവണം ശരി. അല്ല ബനീഞ്ഞാമ്മ പറഞ്ഞതാണ് ശരി. അച്ചനും അങ്ങനെ വിശ്വസിച്ചു. വായനാലോകം അങ്ങനെ കരുതുന്നു. അവരുടെ കണ്ണുകളില്‍ ഒരു പ്രണയകഥയിലെ ദുരന്തനായികയാണ് സഭാവസ്ത്രത്തിലേക്ക് ചേക്കേറിയ മേരി ജോണ്‍ തോട്ടം.

നേരം ഒരുപാടായി. ജാലകപ്പഴുതിലൂടെ, ആശുപത്രിമുറ്റത്ത് മധ്യാഹ്നവെയില്‍ തിളങ്ങുന്നത് കാണാം. അച്ചന്‍ പോകാനായി എഴുന്നേറ്റു.

''ഊണു കഴിച്ചിട്ട് പോകാം. ഒരാള്‍ക്കു കൂടിയുള്ള ഭക്ഷണം കാന്റീനില്‍ പറയാം.'' സിസ്റ്റര്‍ ഗെരോത്തി അച്ചനോട് പറഞ്ഞു.

''വേണ്ട സിസ്റ്ററേ ഇപ്പോഴിറങ്ങിയാല്‍ ബസ് കിട്ടും. പള്ളിമേടയിലെത്തുമ്പോഴേക്കും ഊണിനുള്ള സമയമാകും. മാത്രമല്ല വികാരിയച്ചന്‍ കാത്തിരിക്കും.''

അച്ചന്‍ കൊണ്ടുവന്ന ഒരു പൊതി ബനീഞ്ഞാമ്മയ്ക്ക് കൊടുത്തു.

''ഇത് രണ്ടു പുസ്തകങ്ങളാണ്. വായിക്കണം. വെറുതെയിരുന്ന് മുഷിയേണ്ട.''

ബനീഞ്ഞാമ്മ പുസ്തകങ്ങള്‍ വാങ്ങി. അച്ചന്‍ പുറത്തെ വരാന്തയിലേക്കിറങ്ങി. വാതില്‍ ചാരി.

ബനീഞ്ഞാമ്മ കടലാസുകൂട്ടില്‍ നിന്ന് പുസ്തകങ്ങള്‍ പുറത്തെടുത്തു. പേള്‍ എസ് ബക്കിന്റെ ''നല്ല ഭൂമി', ദസ്തയെവ്‌സ്‌കിയുടെ 'ചൂതാട്ടക്കാരന്‍.'

ഇത്ര ചെറുപ്പത്തിലെ അച്ചന്‍ ഇതൊക്കെ വായിച്ചിരിക്കുന്നുവോ...? ബനീഞ്ഞാമ്മ ഇതൊന്നും വായിച്ചിട്ടില്ല. ലോകസാഹിത്യത്തിലേക്കുള്ള ബനീഞ്ഞാമ്മയുടെ വഴികള്‍ക്ക് ദൈര്‍ഘ്യമില്ല.

പണ്ട് വടക്കന്‍ പറവൂരില്‍ അധ്യാപികയായി ചേര്‍ന്ന കാലം. അവിടത്തെ അസിസ്റ്റന്റ് വികാരി ഫാദര്‍ ഇട്ടൂപ്പ് വട്ടോലി മേരി ജോണ്‍ തോട്ടത്തിന് ഒരു പുസ്തകം വായനക്കായി കൊടുത്തു. മോണ്‍സിഞ്ഞോര്‍ സലേസ്‌കിയുടെ 'സ്റ്റോറീസ് ഫോര്‍ ഇന്‍ഡ്യന്‍ വോയ്‌സ്!'

ഇംഗ്ലീഷ് ഭാഷയില്‍ അത്ര പ്രാവീണ്യം പോര മേരിക്ക്. പുസ്തകം വലുതല്ല. മേരി വായിച്ചു തുടങ്ങി. ലളിതം. ഇംഗ്ലീഷ് ഭാഷ അത്ര ബാലികേറാമലയല്ല.

തോമസ് അപ്പസ്‌തോലന്‍ ഇന്‍ഡ്യയില്‍ വന്നതും ഇവിടെ നടത്തിയ സുവിശേഷ പ്രചാരണ പ്രവൃത്തികളും മറ്റുമായിരുന്നു പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

ഗുണ്ടഫര്‍ രാജാവിനുവേണ്ടി കൊട്ടാരം പണിയുന്ന ഭാഗം വായിച്ചപ്പോള്‍ മേരിയിലേക്ക് ഒരു കവിതയുടെ സാധ്യതകള്‍ ചിറകു വിരിച്ചു.

അങ്ങനെ 'അത്ഭുതസദനം' പിറവികൊണ്ടു. വസന്തതിലകം വൃത്തത്തില്‍ നൂറിലധികം പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഖണ്ഡകാവ്യം. അത് വായിച്ചിട്ട് വട്ടോലിയച്ചന്‍ പറഞ്ഞു,

''വളരെ നന്നായിരിക്കുന്നു... നമുക്ക് ഇതച്ചടിപ്പിച്ച് പുസ്തകരൂപത്തിലാക്കാം.''

കവിതയെക്കുറിച്ചുള്ള അഭിപ്രായം കേട്ടപ്പോള്‍ ഒരു പുരസ്‌കാരം കിട്ടിയ സന്തോഷമുണ്ടായി മേരിക്ക്. ഇലഞ്ഞിപ്പള്ളിയില്‍ വച്ച് അഭിവന്ദ്യ പിതാവില്‍ നിന്നു സമ്മാനക്കൊന്ത വാങ്ങിയതിലുള്ള അതേ ആനന്ദാതിരേകം.

പക്ഷെ, അത് പുസ്തകമാക്കണമെന്ന ആഗ്രഹം മേരിയില്‍ ചില ആശങ്കകളുണര്‍ത്തി. താന്‍ വെറും ഏഴാം ക്ലാസുകാരി. ഒരു ഗ്രന്ഥകര്‍തൃസ്ഥാനത്തേക്ക് എത്താനുള്ള പക്വത തനിക്കുണ്ടോ...? മാത്രമല്ല മേരിയുടെ പരിചയത്തില്‍ സ്ത്രീകളാരും പുസ്തകം പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല.

അങ്ങനെ പുസ്തക പ്രസാധനം നീണ്ടുപോയി. പലരും കൈയ്യെഴുത്ത് പ്രതി വാങ്ങി വായിച്ചു. നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെ കൈമറിഞ്ഞ് കൈമറിഞ്ഞ് ആ കൃതി നഷ്ടമായി.

അങ്ങനെ അത്ഭുതസദനം ചാപിള്ളയായി.

(തുടരും)

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5