നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 06
കല്‍പകോടികള്‍ക്കപ്പുറത്ത് നിന്നെന്നവണ്ണം നരച്ച ആലക്തിക വെട്ടത്തി ലേക്കാണ് ബനീഞ്ഞാമ്മ കണ്ണുകള്‍ മിഴിച്ചത്. പക്ഷെ, കാഴ്ചകള്‍ അവ്യക്തങ്ങളാണ്. തനിക്ക് ചുറ്റും നിഴലുകളാണ് ചലിക്കുന്നത്.
ഒട്ടും പരിചിതമല്ലാത്ത ഒരു ഗ്രന്ഥം ബനീഞ്ഞാമ്മ അനുഭവിക്കുന്നു. ചിരപരി ചിതമല്ലാത്ത ശബ്ദങ്ങളാണ് കേള്‍ക്കുന്നത്.
കണ്ണുകള്‍ക്ക് മുമ്പില്‍ ഒരു മുള്‍പ്പടര്‍പ്പ് കത്തുന്നു. കാതുകളില്‍ മുഴങ്ങുന്നത് കടല്‍പ്പെരുക്കമാണ്. കേള്‍വി സങ്കരമാകുന്നു.
തനിക്ക് ഭാരം നഷ്ടമാകുന്നു എന്ന് ഒരര്‍ദ്ധ പ്രജ്ഞയില്‍ ബനീഞ്ഞാമ്മ അറിയുന്നു. താനിപ്പോള്‍ ഒഴുകുകയാണ്. ഒരു പൊങ്ങുതടിപോലെ. കാറ്റിന്റെ ചിറകിലേറിയ തൂവല്‍പോലെ പറന്ന് പോകുകയാണ്.
ചെന്നു നിന്നത്, തോട്ടം വീട്ടിലേക്കാണ്. വീടിനടുത്തുള്ള കളരിപ്പറമ്പ് ശൂന്യമാണ്. പാണ്ടിപ്പിള്ള യാശാന്റെ എഴുത്തു കളരി ഒച്ചയനക്കങ്ങളില്ലാതെ നിര്‍ജ്ജീവമായി കിടക്കുന്നു.
ആശാന്‍ കളരിയടച്ചിട്ട് തീര്‍ഥാടനത്തിലാണ്. മാലയിട്ട് നാല്പത്തൊന്നു ദിവസത്തെ വൃതം നോറ്റ് ഇരുമുടിക്കെട്ടും പേറി കരിമല ചവുട്ടി അയ്യപ്പദര്‍ശനത്തിനായുള്ള തീര്‍ഥയാത്ര.
എന്നാണ് ആശാന്‍ മടങ്ങി വരിക...? കളരി സജീവമാകുക... നിശ്ചയമില്ല. എങ്കിലും കുഞ്ഞുമാമ്മി കാത്തിരുന്നു.
ഏഴാം നാള്‍ ആശാന്‍ വന്നു. പോയതുപോലെ കാല്‍നടയായിട്ടല്ല. മഞ്ചലിലാണ്. ആശാനെ ഒരു കൂട്ടമാളുകള്‍ മഞ്ചലില്‍ ചുമന്ന് കൊണ്ടു വരികയായിരുന്നു.
ശബരിമല യാത്രയ്ക്കിടയില്‍ ആശാന് ജ്വരം പിടിപെട്ടു. അയ്യപ്പദര്‍ശന ത്തിന് പുറപ്പെട്ടതാണ്. ദര്‍ശനം സാധിക്കാതെ മടങ്ങുന്നത് ശുഭകരമല്ല.
തള്ളാനും കൊള്ളാനുമാകാതെ സഹതീര്‍ഥാട കര്‍ നിസ്സഹായരായി. ആശാന് ഒരടിപോലും മുമ്പോട്ടാവില്ല. നന്നേ ക്ഷീണിതനും അവശനു മാണ്. എന്തും സംഭവിക്കാവുന്ന ഒരവസ്ഥയായിരുന്നപ്പോള്‍. കൂട്ടത്തിലുണ്ടായിരുന്ന പെരിയസ്വാമി പറഞ്ഞു.
''അയ്യപ്പദര്‍ശനം അടുത്തകൊല്ലമാകാം. നമുക്ക് ആശാനേയും കൊണ്ടു മടങ്ങണം. അയ്യപ്പസ്വാമി ക്ഷമിക്കും.''
അവര്‍ പമ്പാ പുളിനത്തില്‍ ഇരുമുടിയിറക്കി. മഞ്ചല്‍ തയ്യാറാക്കി. മഞ്ചലില്‍ ആശാനെ നാട്ടിലേക്ക് സംവഹിച്ചു.
മടക്കത്തില്‍ പലയിട ത്തുമെന്നപോലെ കളരിപ്പറമ്പിലും അവര്‍ മഞ്ചലിറക്കി. എല്ലാവരും ക്ഷീണിച്ചവശരായിരുന്നു. ഒരല്‍പനേരത്തെ വിശ്രമം.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. വാര്‍ത്ത തോട്ടംവീട്ടിലുമെത്തി. എല്ലാവരോടുമൊപ്പം കുഞ്ഞുമാമ്മിയും കളരി പ്പറമ്പിലേക്ക് തിടുക്കപ്പെട്ടു. ഒരു കൊച്ചുജനസഞ്ചയം കളരിപ്പറമ്പില്‍.
കുഞ്ഞുമാമ്മിയും മറ്റു മെത്തുമ്പോള്‍ നിലത്തു വിരിച്ച കരിമ്പടത്തില്‍ ആശാന്‍ മറ്റൊരാളുടെ ദേഹത്ത് ചാരിയിരിക്കുകയായിരുന്നു. ആളുകളൊക്കെ വിവര ങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചിലയാളുകള്‍ തങ്ങളുടെ ജോലിക്കാരെ വിളിച്ച് ഇളനീര് വെട്ടിച്ച് ആശാന്റെ കൂട്ടാളികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നുണ്ട്.
ഇതെല്ലാം കണ്ടും കേട്ടും കുഞ്ഞുമാമ്മി ചിന്താമൂകയായി നില്‍ക്കുകയാണ്. അതൊരനിഷ്ഠകരമായ കാഴ്ചയായിരുന്നു. അവള്‍ക്ക് സങ്കടം തോന്നി.
കളരിപ്പറമ്പില്‍ നിന്ന് ആശാന്റെ വീട്ടിലേക്ക് അധികമില്ല. ക്ഷീണമകറ്റിയ ചുമട്ടുകാര്‍ ആശാനെ വീണ്ടും മഞ്ചലിലെടുത്തു. മഞ്ചലിന് പിന്നാലെ നാട്ടുകാരും നീങ്ങി.
മഞ്ചലിലിരുന്ന് ആശാന്‍ കുഞ്ഞുമാമ്മിയെ കണ്ടു. പുഞ്ചിരിച്ചു. ഒരു വാടിയ പുഞ്ചിരി.
രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേട്ടു. ആശാന്‍ മരിച്ചുപോയി. തോട്ടംവീട് നിശ്ശബ്ദമായി. സ്വന്തം കുടുംബത്തില്‍ പെട്ട ഒരാളുടെ വിയോഗം പോലെയായിരുന്നു ആശാന്റെ മരണം.
അപ്പന്‍ ആശാന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പോയി. കുഞ്ഞുമാമ്മിയെ കൂട്ടിയില്ല.
ഈ മഹാകാലത്തിന്റെ അതിരുകളില്‍ നിന്നെന്ന വണ്ണം ആ വാടിയ പുഞ്ചിരി സിസ്റ്റര്‍ മേരി ബനീഞ്ഞയി ലേക്കെത്തുന്നു...
''സിസ്റ്ററേ...'' ആരോ ഒരാള്‍ മൃദുവായി കവിളില്‍ തട്ടുന്നു. ആരാണത്...? സിസ്റ്റര്‍ ഗെരോത്തിയോ... അതോ മര്‍ഗലീത്താ സിസ്റ്ററോ...? ബനീഞ്ഞാമ്മ കണ്ണുകള്‍ മിഴിച്ചു.
മാനം തെളിയുകയാണ്. കോടയുടെ മൂടുപടം പിഞ്ചിപ്പോകുന്നു. ബനീഞ്ഞാമ്മയുടെ ഓര്‍മ്മകള്‍ക്ക് തെളിച്ചം കിട്ടുന്നു.
തന്റെ കവിളില്‍ തട്ടിയത് ഡോക്ടറാണ്. അദ്ദേഹത്തോടൊപ്പം നെഴ്‌സുമാരുമുണ്ട്.
താനിപ്പോള്‍ മഠത്തില ല്ലെന്ന് ബനീഞ്ഞാമ്മ അറി യുന്നു. ആശുപത്രിയി ലാണ്. താനെങ്ങനെ ഇവിടെയെത്തി. എന്താണ് തനിക്ക് സംഭവിച്ചത്...? ഒന്നും ഓര്‍ത്തെടുക്കാന്‍ ബനീഞ്ഞാമ്മയ്ക്ക് കഴിയുന്നില്ല.
''സിസ്റ്റര്‍ക്കിപ്പോ സുഖം തോന്നുന്നുണ്ടോ?...'' ഡോക്ടര്‍ ചോദിച്ചു. അസുഖമൊന്നും തോന്നു ന്നില്ലെന്ന് ബനീഞ്ഞാമ്മ ഡോക്ടറോട് ചിരിച്ചു.
ഡോക്ടര്‍ ബനീഞ്ഞാമ്മയുടെ നാഡിമിടിപ്പളന്നു. ഹൃദയമിടിപ്പും. പിന്നെ കണ്‍പോളകള്‍ വിടര്‍ത്തി നോക്കി. കട്ടില്‍ത്തല യ്ക്കല്‍ തൂക്കിയിട്ടിരുന്ന ചാര്‍ട്ടുനോക്കി. ഇന്‍ജക്ഷന്‍ നിര്‍ദേശിച്ചു.
ഇടതു കൈത്തണ്ടയില്‍ സൂചി കയറിയപ്പോള്‍ ബനീഞ്ഞാമ്മയ്ക്ക് വേദനിച്ചില്ല. ഒരു മരവിപ്പ്. ഇന്‍ജക്ഷന്‍ കഴിഞ്ഞപ്പോള്‍ നഴ്‌സ് ചോദിച്ചു,
''അമ്മയ്ക്ക് വേദനിച്ചോ...'' ഇല്ലെന്ന് ബനീഞ്ഞാമ്മ തലയാട്ടി.
''വിശ്രമിക്കട്ടെ.'' ഡോക്ടര്‍ പറഞ്ഞു. പിന്നെ ഡോക്ടറും നഴ്‌സുമാരും പുറത്തേക്കിറങ്ങി. വാതില്‍ ചാരി. താമസം വിനാ ചാരിയ വാതില്‍ തള്ളി സിസ്റ്റര്‍ ഗെരോത്തിയും മര്‍ഗലീത്താ സിസ്റ്ററും അകത്തേക്ക് വന്നു. ഒപ്പം മദര്‍ സുപ്പീരിയറും ഉണ്ടായിരുന്നു.
അവരുടെ കണ്ണുകളില്‍ ഭയാശങ്കകളുടെ നിഴലനക്കങ്ങള്‍ ബനീഞ്ഞാമ്മ കണ്ടു. ബനീഞ്ഞാമ്മ പറഞ്ഞു.
''എനിക്കൊന്നുമില്ല.''
സിസ്റ്റേഴ്‌സിന് എന്തെ ന്നില്ലാത്ത ആശ്വാസം തോന്നി. അതായിരുന്നു അവരുടെ പ്രാര്‍ഥനയും.
കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ മഠത്തിലെ ചാപ്പലില്‍ മെഴുകുവിളക്കു കള്‍ അണഞ്ഞിട്ടില്ല. എല്ലാവരും അത്താഴം പോലുമുപേക്ഷിച്ച് പ്രാര്‍ഥനയിലായിരുന്നു. അവരുടെ ഉള്ളുനീറുന്ന പ്രാര്‍ഥന ദൈവം കേട്ടു. ബനീഞ്ഞാമ്മ തിരിച്ചുവരുന്നു. ഇലഞ്ഞിമരങ്ങളുടെ ഉദ്യാനത്തിലേക്ക്...
മഠത്തിലും മഠത്തിന് പുറത്തും ഏവര്‍ക്കും പ്രിയപ്പെട്ടവളാണ് ബനീഞ്ഞാമ്മ. ഏവര്‍ക്കും ബനീഞ്ഞാമ്മയെ പ്രതി ഒരു കരുതലുണ്ട്.
മൗനം ബനീഞ്ഞാമ്മയ്ക്ക് കൂടപ്പിറപ്പാണ്. മൗനം പാടകെട്ടിയിരിക്കും ബനീഞ്ഞാമ്മയുടെ പ്രാര്‍ഥനകള്‍ക്കു പോലും.
വായന ബനീഞ്ഞാമ്മയ്ക്ക് ഒരു വൃതം പോലെയായിരുന്നു. ഒരുപക്ഷെ, വായനയും പ്രാര്‍ഥനയും മൗനം പെരുകുന്ന നിമിഷ ങ്ങളുമായിരിക്കും അവരുടെ കവിതകളുടെ ഊര്‍ജസ്രോതസ്സുകള്‍.
അപ്രതീക്ഷിതമായാണ് ഇന്നലെ അങ്ങനെ സംഭവി ച്ചത്. മരുന്നുകള്‍ക്കും ഉച്ചഭക്ഷണത്തിനുംശേഷം ബനീഞ്ഞാമ്മ കട്ടിലിലേക്ക് ചാഞ്ഞു. അത് പതിവുള്ളതല്ല.
ഭക്ഷണം കഴിഞ്ഞാല്‍ ജാലകത്തിനടുത്ത് പുറംലോകം കണ്ടിരിക്കും. മണിക്കൂറുകളോളം. അത് പതിവാണ്. ബനീഞ്ഞാമ്മയുടെ ജാലകത്തിലൂടെ നോക്കിയാല്‍ ദിനവും കാണുന്നത് ഒരേ കാഴ്ച. ആ കാഴ്ചകളിലേക്കാണ് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ബനീഞ്ഞാമ്മ കണ്ണുകള്‍ നീട്ടുന്നത്. ഒരു ദിവസം സിസ്റ്റര്‍ ഗെരോത്തി ചോദിച്ചു.
''എപ്പോഴും നോക്കിയിരിക്കാന്‍ എന്താണ് സിസ്റ്ററേ ഈ ജാലകത്തി ലൂടെ നോക്കിയാല്‍ എന്നും പതിവുള്ള കാഴ്ച തന്നെയല്ലേ...?''
''ആണോ?...'' ബനീഞ്ഞാമ്മ ചോദിച്ചു. ''ഇന്നലത്തെ വെയിലാണോ സിസ്റ്ററേ ഇന്ന്, ഇന്നലെ വീശിയ കാറ്റാണോ ഇന്ന്, ഇന്നലെ പെയ്ത മഴയല്ല ഇനി പെയ്യുന്നത്. കഴിഞ്ഞ രാത്രിയിലെ നിലാവല്ല വരാന്‍ പോകുന്ന രാത്രി യിലേത്. എന്തിനധികം ഇന്നലെ പാടിയ പാട്ടല്ല പക്ഷികള്‍ ഇന്ന് പാടുന്നത്.''
സിസ്റ്റര്‍ ഗെരോത്തിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എന്നാല്‍ ഏതാണ്ടൊക്കെ മനസ്സിലാവുകയും ചെയ്തു. എന്നാലും തന്റെ ചോദ്യം അനാവശ്യമായിപ്പോയെന്ന ഒരു ജാള്യം തോന്നാതിരുന്നില്ല സിസ്റ്റര്‍ ഗെരോത്തിക്ക്.
ഉച്ചമയക്കം പതിവില്ല ബനീഞ്ഞാമ്മയ്ക്ക്. പക്ഷെ, ഭക്ഷണം കഴിഞ്ഞ് കട്ടിലിലേക്ക് ചാഞ്ഞപ്പോള്‍ ഗെരോത്തി സിസ്റ്റര്‍ ചോദിച്ചു,
''എന്താ സിസ്റ്ററേ പതിവില്ലാതെ...?''
''ഒരു തലചുറ്റല്‍...'' ബനീഞ്ഞാമ്മ പറഞ്ഞു. പിന്നെ കണ്ണുകളടച്ചു കിടന്നു.
ബനീഞ്ഞാമ്മയുടെ മുഖത്ത് വിയര്‍പ്പു കണങ്ങള്‍ പൊടിയുന്നു. രണ്ടു ദിവസമായി മഴയൊതുങ്ങി നിന്നതു കൊണ്ടാകാം വൈദ്യുതി മുടങ്ങിയിരുന്നില്ല.
സിസ്റ്റര്‍ ഗെരോത്തി ഫാനിട്ടു. ബനീഞ്ഞാമ്മയുടെ മുഖത്തുനിന്നും കണ്ണട എടുത്തുമാറ്റി. നെറ്റിയില്‍ മൊട്ടിട്ട വിയര്‍പ്പു കണങ്ങള്‍ ഒപ്പിമാറ്റി. അല്‍പനേരം കിടക്കട്ടെ. സിസ്റ്റര്‍ ഗെരോത്തി കട്ടിലിന്റെ ഓരം പറ്റിയിരുന്ന് ബനീഞ്ഞാമ്മയുടെ പാദങ്ങള്‍ അമര്‍ത്തി ക്കൊടുത്തു.
ബനീഞ്ഞാമ്മ ഒരു മയക്കത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുക യായിരുന്നു. അഗാധങ്ങളില്‍ നിന്ന് അഗാധങ്ങളിലേക്ക് ബനീഞ്ഞാമ്മയുടെ ആത്മപ്രഭാവെളിച്ചം ഊളിയിട്ടു.
റോസാദലങ്ങളും വെണ്‍മേഘക്കീറുകളും പുങ്കുയില്‍ പാട്ടും ഇലഞ്ഞി മരക്കാറ്റും അനു ഭവിച്ചായിരുന്നു ആ യാത്ര. ഒട്ടും ഭാരമില്ലാതെ ഒരു മീവല്‍ത്തൂവല്‍പോലെ പറന്ന്... പറന്ന്....
അബോധത്തിലും ബനീഞ്ഞാമ്മയുടെ ആത്മാവിന് അഭൗമമായ ഒരു അനുഭൂതിയുടെ താളലയങ്ങള്‍ അനുഭവ വേദ്യമാകുന്നു. ബനീഞ്ഞാമ്മ ചെന്നു പതിച്ചത് ഒരു സ്ത്രീയുടെ പാദാരവിന്ദങ്ങളിലായിരുന്നു.
അപ്‌സരസമാനയായിരുന്നവള്‍. നീഹാരവൃഷ്ടിയായിരുന്നപ്പോള്‍. നീര്‍മരുതുകള്‍ പൂക്കുന്ന നേരം. സന്ധ്യയുടെ ചോലവൃക്ഷങ്ങള്‍ക്ക് കീഴെ കവിതയുടെ ഹംസപദങ്ങള്‍ തുറക്ക പ്പെടുകയാണ്.
അമ്പിളിക്കല പാദതാരിന് പീഠമാക്കിയ സുന്ദരി
വമ്പനായദിനേശനെയുട യാടയാക്കിയ കന്യകേ...
ഇമ്പമേറിയ താരകാളി കിരീടമാക്കിയ രാജ്ഞി നീ
നന്‍പെഴും പാദപങ്കജങ്ങള്‍ നമിച്ചിടുന്നിതാ ദാസി.
ഇലഞ്ഞിമരക്കാടുകള്‍ കവിത പാടുകയാണ്. ആകാശവും ഭൂമിയും അതേറ്റുപാടുന്നു.
ബനീഞ്ഞാമ്മയുടെ ഉപബോധമനസ്സില്‍ ഒരു ശീതസന്ധ്യ നിഴല്‍ വിരിക്കുന്നു. അവിടെ പൂര്‍വകാല സ്മൃതികളുടെ കര്‍പ്പൂരനാളങ്ങള്‍ മുനിയുന്നു.
കര്‍മ്മല കുസുമം മാസികയിലാണ് ഈ കവിതാശകലം അച്ചടിച്ചു വന്നത്. യുവകവികള്‍ക്കുള്ള പംക്തിയില്‍ മേരി ജോണ്‍ തോട്ടം എന്ന കവയത്രി കവിതാരാമത്തില്‍ പിച്ചവച്ചു തുടങ്ങു ന്ന കാലമായിരുന്നത്.
റവ. ഫാ. സൈമണ്‍ സി ഡി കര്‍മ്മല കുസുമത്തിന്റെ പത്രാധിപര്‍. മേരി ജോണ്‍ തോട്ടത്തിന്റെ മാതൃസഹോദരന്‍.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെയായിരുന്നു മേരിയില്‍ കൗമാരകാലത്ത് കവിതയുടെ രേണുക്കള്‍ ഒളിമിന്നിത്തുടങ്ങിയത്. ഒരര്‍ഥത്തില്‍ മേരിയിലെ കവിതാവാസനയ്ക്ക് ചിറകുകള്‍ നല്‍കിയത് ഫാ. സൈമണ്‍ സി ഡി ആയിരുന്നു. പൂര്‍വാശ്രമ ത്തില്‍ അദ്ദേഹം കെ ചുമ്മാര്‍ പാട്ടശ്ശേരില്‍ എന്നറിയപ്പെട്ടിരുന്നു. മേരി അദ്ദേഹത്തെ കൊച്ചച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.
തണുത്തുറഞ്ഞ സായാഹ്ന വെയില്‍ വീണ താഴ്‌വര പോലെയായി രുന്നു. മേരിയുടെ ബാല്യ കാലം. മനോജ്ഞം. ഭാസുരം.
പാണ്ടിപ്പിള്ളയാശാന്റെ മരണത്തിനുശേഷം ഒരു വര്‍ഷത്തിലധികം കുഞ്ഞു മാമ്മി തോട്ടംവീട്ടില്‍ തന്നെ കഴിഞ്ഞു. ആശാനില്‍ നിന്നു പകര്‍ന്നു കിട്ടിയതൊക്കെയും കുഞ്ഞുമാമ്മി പേര്‍ത്തും പേര്‍ത്തും ഓര്‍മ്മയില്‍ പുതുക്കിക്കൊണ്ടിരുന്നു. അക്കാലങ്ങളൊന്നും നഷ്ടങ്ങളുടേതായിരുന്നില്ല. കാരണം തോട്ടംവീട് വിദ്യാലയവും മാതാപിതാക്കന്മാര്‍ ഗുരുഭൂതരുമായി ഭവിച്ചു.
എങ്കിലും കുഞ്ഞുമാമ്മി സര്‍വസ്വതന്ത്രയായിരുന്നു. വിശാലമായ നാലു കെട്ടിനൊപ്പം നില്‍ക്കും തോട്ടം വീടും വിശാലമായ തൊടികളും കുഞ്ഞുമാമ്മി യുടെ കേളീരംഗം. വെളിമ്പറമ്പുകളില്‍ കള്ളിപ്പാലകളും ഇലഞ്ഞി മരങ്ങളും നാട്ടുമാവിന്‍ കൂട്ടങ്ങളും.
പൂക്കളുടെ കാലങ്ങ ളില്‍ സുഗന്ധങ്ങളുടെ കടല്‍ക്കാറ്റ് വീശും. വേനല്‍മരങ്ങളില്‍ കാറ്റും കാവളം കിളികളും ഒന്നിച്ചു പാടും. ഋതുഭേദങ്ങള്‍ക്കനുസരിച്ച് പ്രകൃതി നിറങ്ങളെടുത്തണിയും. വര്‍ഷവും വേനലും മഞ്ഞും നിലാവും പൊഴിയും. ഓണവും ക്രിസ്മസും ഈസ്റ്ററു മൊക്കെ ആനന്ദപ്പൂത്തിരികളുമായി വന്നണയും. അവയൊക്കെ ആസ്വദിച്ചും അനുഭവിച്ചും ആമോദത്തിന്റെ ചിത്രപതംഗങ്ങളെപ്പോലെ കുഞ്ഞുമാമ്മി പറന്നു നടക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം കുഞ്ഞുമാമ്മിയുടെ കൊച്ചച്ചന്‍ തോട്ടം വീട്ടില്‍ വന്നു. അത് കാലത്തിന്റെ ഒരു നിയോഗം തന്നെയായിരുന്നു.
അമ്മയുടെയും അപ്പന്റെയുമൊക്കെ അനുവാദത്തോടെ കൊച്ചച്ചന്‍ കുഞ്ഞുമാമ്മിയെ പാട്ടശ്ശേരില്‍ കൂട്ടിക്കൊണ്ടുപോയി. പാട്ടശ്ശേരില്‍, അതാണ് കൊച്ചച്ചന്റെ വീട്. കുഞ്ഞുമാമ്മിയുടെ അമ്മ വീട്.
അത് സ്‌കൂള്‍ വര്‍ഷാരംഭമായിരുന്നു. മാന്നാനത്തെ കൊവേന്ത വക സ്‌കൂളില്‍ മൂന്നാം തരത്തില്‍ കുഞ്ഞുമാമ്മിയെ ചേര്‍ത്തു. സ്‌കൂളില്‍ കുഞ്ഞുമാമ്മിക്ക് പുതിയ പേര്, മേരി ജോണ്‍ തോട്ടം.
ആ പേരിന് മുകളില്‍ ദൈവം ഒരു മുദ്ര പതിപ്പിച്ചിരുന്നു എന്ന് മേരി അറിഞ്ഞിരുന്നില്ല. എങ്കിലും ആ പേരും പാട്ടശ്ശേരില്‍ത്തറവാടും മാന്നാനം കുന്നുകളും സ്‌കൂളും മേരിക്ക് നന്നേ പിടിച്ചു.
തറവാട്ടില്‍ കൊച്ചുകുട്ടികളാരുമില്ല. അതുകൊണ്ട് മേരി എല്ലാവരുടേയും വാത്സല്യഭാജനമായി. പ്രത്യേകിച്ച് കൊച്ചച്ചന്റെ.
അന്ന് ഹൈസ്‌കൂളിലാണ് കൊച്ചച്ചന്‍ പഠിക്കു ന്നത്. നല്ല കവിതാവാസനയുള്ള ആളായിരുന്നു കൊച്ചച്ചന്‍. പലപ്പോഴും ഏകനായിരുന്ന് മൂളിപ്പാട്ടും പാടി എന്തൊക്കെയോ കുത്തിക്കുറിക്കുന്ന കൊച്ചച്ചനെ കുഞ്ഞുമാമ്മി കണ്ടിട്ടുണ്ട്.
ഒരു ദിവസം അദ്ദേഹം മേശപ്പുറത്ത് എഴുതിവച്ചിരുന്ന കടലാസുകള്‍ മേരി എടുത്തു നോക്കി. കാക്കക്കാലുകള്‍ പോലുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ട്. എങ്കിലും അതൊരു ശ്ലോകമാണെന്ന് മേരിക്ക് മനസ്സിലായി.
എട്ടു പത്ത് ദിവസങ്ങള്‍ക്കു ശേഷമാണ്. മേരി കൊച്ചച്ചന്റെ മുറിയിലേക്ക് ചെല്ലുമ്പോള്‍ മേശപ്പുറത്ത് ഒരു പത്രം വിടര്‍ന്നു കിടക്കുന്നു. ദീപിക. അതോടനുബന്ധിച്ച് ഒരു പ്രത്യേക ഷീറ്റ്. അതിനു നടുവില്‍ നാടുവാഴുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ചിത്രം. ചുറ്റിലും അനേകം കവികളുടെ മംഗളാശംസ പദ്യങ്ങളും.
ഓരോ പദ്യത്തിനും അടിയിലും അതെഴുതിയ ആളിന്റെ പേരും ചേര്‍ത്തിരുന്നു. അവരുടെയൊക്കെ പേരറിയാനുള്ള ജിജ്ഞാസ കുഞ്ഞുമാമ്മിയില്‍ മുളപൊട്ടി. ഒരറ്റം മുതല്‍ നോക്കിത്തുടങ്ങി. അപ്പോള്‍ ഒരു പദ്യത്തിനടിയില്‍ കാണുന്നു, കെ ചുമ്മാര്‍ പാട്ടശ്ശേരില്‍.
ഇറുകെ പൂത്ത ഇലഞ്ഞിമരം പോലെയായി ത്തീര്‍ന്നു കുഞ്ഞുമേരി. അത് കുഞ്ഞുമേരിയുടെ കൊച്ചച്ചന്റെ പേരാണ്.
തന്റെ കൊച്ചച്ചന്‍ കവിയാണെന്ന് കുഞ്ഞു മേരി അറിയുന്നു. കവി എന്ന രണ്ടക്ഷരത്തിന് എന്തോ മേന്മയുണ്ടെന്നുള്ള ബോധ്യം മേരിയില്‍ ഉത്ഭവം കൊള്ളുന്നു. വല്ലാത്തൊരാവേശത്തോടെ, ഒരു തരം ആര്‍ത്തിയോടെ കുഞ്ഞുമേരി കൊച്ചച്ചന്‍ എഴുതിയ പദ്യം വായിച്ചു തുടങ്ങി.
പാര്‍ത്തട്ടിലെങ്ങുമുരു കീര്‍ത്തിപ്രതാപമൊടു
വര്‍ത്തിച്ചിടുന്നു നൃവരന്‍
ധാത്രിക്കനല്പതര കീര്‍ത്തിക്കുമാലതതി
കോര്‍ത്തിട്ടു മൂലരമണന്‍
ആര്‍ത്തര്‍ക്കതീവ തുണ ചേര്‍ത്തീധരിത്രിയിതു
കാത്തേറെ നാളവനിയില്‍.
പാര്‍ത്തിടുമാറു കൃപ കര്‍ത്താവു ചെയ്യുവതി
നര്‍ഥിച്ചിടുന്നിവിടെ ഞാന്‍.
എത്ര വായിച്ചിട്ടും മതി വരുന്നില്ല. പലവട്ടം ഉരുവിട്ടിരുവിട്ട് ആ പദ്യം മനഃപാഠമാക്കിയിട്ടേ മേരി ആ മുറിയില്‍ നിന്നിറങ്ങിയുള്ളൂ.
(തുടരും)