വിശുദ്ധ പത്താം പീയൂസ് (1835-1914) : ആഗസ്റ്റ് 21

വിശുദ്ധ പത്താം പീയൂസ് (1835-1914) : ആഗസ്റ്റ് 21

എല്ലാം ക്രിസ്തുവില്‍ സംഭരിക്കുക; അങ്ങനെ ക്രിസ്തു എല്ലാവര്‍ക്കും എല്ലാമായിത്തീരട്ടെ.

വി. പത്രോസിന്റെ 258-ാം പിന്‍ഗാമിയായ വി. പത്താം പീയൂസിന്റെ ജീവിതലക്ഷ്യമായിരുന്നു അത്. അതദ്ദേഹം സാധിക്കുകയും ചെയ്തു. അദ്ദേഹം ഇടപെടാത്ത സഭയുടെ ഒരു മേഖലയുമില്ല: ആരാധനക്രമം, കൂദാശകള്‍, വിശ്വാസപരിശീലനം, കുടുംബജീവിതം, ബൈബിള്‍ പഠനങ്ങള്‍, കാനന്‍ നിയമം, വിശുദ്ധ കലയും സംഗീതവും, സാമൂഹിക പ്രവര്‍ത്തനം, വൈദിക പരിശീലനം, മറ്റു സഭാ പ്രവര്‍ത്തനങ്ങള്‍ – അങ്ങനെ ഒന്നും അവഗണിക്കപ്പെട്ടില്ല.
1835-ല്‍ ജിയോവാനി ബാറ്റിസ്റ്റ് സാര്‍ത്തോയുടെയും മാര്‍ഗ്ഗരീത്തായുടെയും പത്തുമക്കളില്‍ രണ്ടാമനായി ജോസഫ് സാര്‍ത്തോ ഇറ്റലിയിലെ ട്രെവിസോ രൂപതയില്‍പ്പെട്ട റീസ് എന്ന കുഗ്രാമത്തില്‍ ജനിച്ചു. ദാരിദ്ര്യമായിരുന്നു കൂടെപ്പിറപ്പ്. എങ്കിലും, ലാളിത്യത്തിന്റെയും വിനയത്തി ന്റെയും ജീവിക്കുന്ന മാതൃകയായി അവന്‍ വളര്‍ന്നു. അസാധാരണമായ ബുദ്ധിവൈഭവവും ധാര്‍മ്മികനിഷ്ഠയും ഭക്തിയും ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
പാദുവാ സെമിനാരിയില്‍ പഠിച്ച് 1858 സെപ്തംബര്‍ 18-ന് കാസ്റ്റല്‍ ഫ്രാങ്കോ കത്തീഡ്രലില്‍ വച്ച് ജോസഫ് സാര്‍ത്തോ പൗരോഹിത്യം സ്വീകരിച്ചു. അങ്ങനെ ഒമ്പതുവര്‍ഷം ടൊമ്പോളോയിലും എട്ടുവര്‍ഷം സാല്‍സാനോയിലും 'എല്ലാവര്‍ക്കും എല്ലാമായി' അദ്ദേഹം ജീവിച്ചു; ഒരു സമ്പൂര്‍ണ്ണ പുരോഹിതനായി. കുട്ടികളുടെ വിശ്വാസപരിശീലനത്തിന് അദ്ദേഹം വളരെ പ്രാധാന്യം കൊടുത്തിരുന്നു. 'ദൈവവചനം വിതയ്ക്കാനുള്ള മണ്ണ് ഒരുക്കേണ്ട'തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ശരിക്കും ബോധവാനായിരുന്നു.
1875 നവംബര്‍ 28-ന് ഫാ. സാര്‍ത്തോ ട്രെവിസോ കത്തീഡ്രലിന്റെ കാനനും, രൂപതയുടെ ചാന്‍സിലറുമായി നിയമിതനായി. 1884-ല്‍ നവംബര്‍ 16-ന് മാന്റുവാ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. ആ കാലഘട്ടത്തില്‍, ആത്മാക്കളുടെ നല്ല ഇടയനും വൈദികരുടെ പരിഷ്‌കര്‍ത്താവുമായി പേരെടുത്ത അദ്ദേഹം 1893 ജൂണ്‍ 12 ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം വെനീസിന്റെ പാത്രിയാര്‍ക്കായി നിയമിതനായി. കാര്‍ഷികമേഖലയില്‍ വളര്‍ന്നുവന്ന കാര്‍ഡിനല്‍ സാര്‍ത്തോ തൊഴിലാളിവര്‍ഗ്ഗത്തിന്റെയും കര്‍ഷകരുടേയും കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായത് സ്വാഭാവികമായിരുന്നു.
പോപ്പ് ലിയോ XIII ന്റെ സുദീര്‍ഘവും സംഭവബഹുലവുമായ ഭരണകാലം 1903 ജൂലൈ 20 ന് അവസാനിച്ചു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കരുതിപ്പോയ കാര്‍ഡിനല്‍ സാര്‍ത്തോ 1903 ആഗസ്റ്റ് 4-ന് 258-ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായി തന്റെ ശിരസ്സില്‍ ചാര്‍ത്തപ്പെട്ട ഭാരം താങ്ങാനാകുമോ എന്ന് ഒരു നിമിഷം അദ്ദേഹം ശങ്കിച്ചെങ്കിലും അഞ്ചാം ദിവസം സധൈര്യം ആ ഭാരം ഏറ്റെടുത്തു.
പിന്നീട്, പടിപടിയായി പരിവര്‍ത്തനത്തിന്റെ കാലഘട്ടമായിരുന്നു. എല്ലാ വിശ്വാസികള്‍ക്കും, കുട്ടികള്‍ക്ക് ഉള്‍പ്പെടെ, അനുദിനം പ്രസാദവരാ വസ്ഥയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള അവസരം ഒരുക്കുകയാണ് അദ്ദേഹം ചെയ്തത്. എല്ലാ വരപ്രസാദങ്ങളുടെയും അരുവിയാണ് ദിവ്യകാരുണ്യമെന്ന് അദ്ദേഹം പഠിപ്പിച്ചു. പതിന്നാല് ശ്രദ്ധേയമായ പേപ്പല്‍ ലേഖനങ്ങളിലൂടെ ആഗോളസഭ ഒരു പുതിയ യുഗപ്പിറവിയുടെ കാഹളം ശ്രവിക്കുകയായിരുന്നു. ദൈവത്തിന്റെ സര്‍വ്വാതിശായിയായ ശക്തി അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന മോഡേണിസത്തിന്റെ അപകടകരമായ വളര്‍ച്ചയെ തടഞ്ഞത് പത്താംപീയൂസ് പാപ്പായാണ്.
ത്യാഗമാണ് വിശുദ്ധിയുടെ അടിസ്ഥാനമെന്ന കണ്ടെത്തലാണ് ജീവിതത്തിലുടനീളം ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ അദ്ദേഹത്തിനു പ്രേരണയായത്. 1914 ആഗസ്റ്റില്‍ ഒരു ലോകമഹായുദ്ധത്തിന്റെ കരിനിഴല്‍ ഭൂമിയെ ആവരണം ചെയ്യുന്നത് തിരിച്ചറിഞ്ഞ അദ്ദേഹം മാനസികമായി തകര്‍ന്നു. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും മുന്നില്‍ കണ്ട് ഹൃദയംനൊന്ത് 1914 ആഗസ്റ്റ് 20ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.
1951 ജൂണ്‍ 3 ന് പോപ്പ് പീയൂസ് XII പത്താംപീയൂസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പെടുത്തുകയും 1954 മെയ് 29-ന് വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്വന്തം ചിന്തയെയും വാക്കുകളെയും പ്രവൃത്തിയെയും യുക്തിപൂര്‍വ്വം നിയന്ത്രിക്കുന്നവന് തിന്മയെ വെറുക്കാനും ഒഴിവാക്കാനും, നന്മ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കാനും എളുപ്പത്തില്‍ സാധിക്കുമെന്നാണ് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത്.
വിശുദ്ധ പത്താം പീയൂസ്
logo
Sathyadeepam Weekly
www.sathyadeepam.org