''ഭയപ്പെടേണ്ട ജോസ്‌മോന്‍. ഫിസിക്കലി ഷീ ഈസ് ഓള്‍റൈറ്റ്. മാനസികമായി അല്പം പ്രയാസമുണ്ട്. ഹാര്‍ട്ടിനൊന്നും ഒരസുഖവുമില്ല.''
''അപ്പോള്‍ മനഃശാസ്ത്ര വിദഗ്ദ്ധനെക്കൊണ്ട് ചികിത്സിപ്പിക്കണമെന്നാണോ ഡോക്ടര്‍ പറയുന്നത്?'' ജോസ്‌മോന്‍ ചോദിച്ചു.
''അതെ.'' ഡോക്ടറുടെ ഉത്തരം പെട്ടെന്നായിരുന്നു.
അല്പം മൗനത്തിനു ശേഷം ജോസ്‌മോന്‍ തുടര്‍ന്നു.
''എങ്കില്‍ ആ കുട്ടിയുടെ പിതാവിനെ അക്കാര്യം എത്രയും വേഗം അറിയിക്കുകയല്ലേ നല്ലത്.''
''എക്‌സാറ്റ്‌ലി. അതിനുമുമ്പ് ജോസ്‌മോനുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്താമെന്നു കരുതി.''
ഡോക്ര്‍ നമ്പ്യാര്‍ വളരെ ശാന്തമായാണ് സംസാരിച്ചുകൊണ്ടിരുന്നത്. യാതൊരു ഉല്‍ക്കണ്ഠയും ആ ശബ്ദത്തിലില്ലായെന്നത് ജോസ്‌മോനെ അത്ഭുതപ്പെടുത്തി. അടുത്ത നിമിഷത്തില്‍ തന്നെ ഡോക്ടര്‍ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമെന്തിരിക്കുന്നു എന്ന ചിന്തയും ജോസ്‌മോനുണ്ടായി.
''അതിനു ഞാനുമായി സംസാരിച്ച് എന്തു തീരുമാനിക്കാനാണ്. ഞാന്‍ ആ കുട്ടിയുടെ ആരുമല്ല.''
''അതു പോരല്ലോ ജോസ്‌മോന്‍ നിങ്ങള്‍ ആ കുട്ടിയുടെ എല്ലാമെല്ലാമാണ്.''
നമ്പ്യാരുടെ മുഖത്ത് വിരിഞ്ഞുനില്‍ക്കുന്ന പുഞ്ചിരിപ്പൂവുകള്‍ ജോസ്‌മോന്റെ മിഴികളില്‍ അത്ഭുതത്തിന്റെ തീനാളമുയര്‍ത്തി.
''ഡോക്ടര്‍ എന്താണീ പറയുന്നത്. ഒരപകടത്തില്‍നിന്നും ഞാന്‍ റോസിക്കുട്ടിയെ രക്ഷിച്ചു എന്നത് ശരിതന്നെ. അതുകൊണ്ട്?''
''നിങ്ങള്‍ക്ക് അതൊരു കാര്യമല്ലായിരിക്കും ജോസ്‌മോന്‍. പക്ഷേ, ആ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സംഗതിയാണ്.''
ജോസ്‌മോന്റെ മിഴികള്‍ ഡോക്ടറുടെ മുഖത്തുതന്നെ തറച്ചുനിന്നു.
ഡോക്ടര്‍ എന്താണ് പറഞ്ഞു വരുന്നതെന്ന് അയാള്‍ക്കു വ്യക്തമായും മനസ്സിലായില്ല. സന്ദര്‍ഭവശാല്‍ ഒരപകടം ഉണ്ടായപ്പോള്‍, മാനുഷികധര്‍മ്മം എന്ന നിലക്ക് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ കുതിച്ചു. അതില്‍ താന്‍മൂലം രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ആ പെണ്‍കുട്ടിക്ക് മാത്രമാണ്. അതുകൊണ്ടുമാത്രം നിത്യശത്രുക്കളായിരുന്ന ആ കുടുംബക്കാര്‍ തന്നോട് സംസാരിക്കുവാന്‍ മുന്നോട്ടുവന്നു. അത്രതന്നെ. അതിലുമുപരി മറ്റൊന്നുമുണ്ടെന്നു തോന്നിയിട്ടുമില്ല.
ജോസ്‌മോന്‍ ചിന്താവിവശനായിരിക്കുന്നതു കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
''ജോസ്‌മോന്‍ നിങ്ങളെ ആ പെണ്‍കുട്ടി അഗാധമായി സ്‌നേഹിക്കുന്നു. അതുമാത്രമാണാ കുട്ടിക്കുള്ള ഒരേ ഒരു രോഗം. അതിന് മനശാസ്ത്ര വിദഗ്ദ്ധനെ തേടി പോകേണ്ടതായ കാര്യമില്ല. നിങ്ങള്‍ തന്നെ പോംവഴി കണ്ടുപിടിക്കുക.''
വാചാലനായ ജോസ്‌മോന് വാക്കുകള്‍ മുട്ടി. താനെന്താണ് കേള്‍ക്കുന്നത്. സ്വപ്നത്തില്‍പോലും ആ പെണ്‍കുട്ടിയെ കുറിച്ചോര്‍ത്തിട്ടില്ല. അവളെ താന്‍ സ്‌നേഹിക്കുന്നുണ്ടോ? ഒരിക്കലുമില്ല. അത്തരത്തില്‍ ഒരു വികാരം തനിക്കിതുവരെ ആ കുട്ടിയോട് തോന്നിയിട്ടില്ല. ആ കുട്ടി വീണ്ടും ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍, അപകടത്തില്‍ നിന്നുമുണ്ടായ ഷോക് കൊണ്ടുണ്ടായ അനന്തര രോഗമായിരിക്കുമെന്നതിനാല്‍ ആ കുട്ടിയെ കാണാതിരിക്കുന്നത് ശരിയായിരിക്കുകയില്ലെന്നുമുള്ള ധാരണയും അമ്മച്ചിയുടെ വിടാതുള്ള നിര്‍ബന്ധവും കൂടിയായതുകൊണ്ട് മാത്രമാണ് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. അല്ലാതെ ഡോക്ടര്‍ കരുതുന്നതുപോലെ ആ കുട്ടിയെ കാണുവാനുള്ള ആവേശമൊന്നും തനിക്കുണ്ടായിട്ടില്ലായിരുന്നു.
''ജോസ്‌മോന്‍, ക്ഷീണമല്ലാതെ ശാരീരികമായി യാതൊരസുഖവും ആ കുട്ടിയില്‍ കാണാത്തതുകൊണ്ട്, ആ കുട്ടിയെ മാനസികമായി ഒന്ന് അനലൈസ് ചെയ്യുവാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ നിഗമനങ്ങള്‍ തെറ്റിയില്ല. ജോസ്‌മോനുമൊത്തു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ നീറിനീറി മരിച്ചുപോകുമെന്ന് ആ കുട്ടി എന്നോട് പറഞ്ഞിരിക്കുന്നു. മറ്റാരോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.''
ജോസ്‌മോന്‍ നിശബ്ദനായിരുന്നു. അയാളുടെ മൗനം ശ്രദ്ധിച്ചപ്പോള്‍ ഡോക്ടര്‍ക്ക് അല്പം വിഷമം തോന്നി.
''നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുവിനെ സ്‌നേഹിക്കുവാന്‍ പാടില്ലേ ജോസ്‌മോന്‍. നിങ്ങള്‍ ആ കുട്ടിയെ വിവാഹം കഴിച്ചാല്‍ അതോടെ ഒരു വലിയ ശത്രുതയുടെ കനത്ത കോട്ട പൊളിച്ചെറിഞ്ഞു എന്ന ഏറ്റവും നല്ല പ്രവൃത്തി ചെയ്തതായി നിങ്ങള്‍ക്കഭിമാനിക്കാം. ഈ തലമുറയും അടുത്ത നിങ്ങളുടെ തലമുറയും നിങ്ങളെ പ്രകീര്‍ത്തിക്കും.''
ഡോക്ടര്‍ നമ്പ്യാരുടെ അനസ്യൂതമൊഴുകുന്ന വാക്കുകള്‍ ഒന്നും ജോസ്‌മോന്‍ കേട്ടതായിപ്പോലും നടിച്ചില്ല. അയാളുടെ മനസ്സില്‍ ചിന്തകള്‍, വലിയ ഓളങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. താന്‍ ആ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നുണ്ടോ? അയാള്‍ മനസ്സിന്റെ ആഗാധതയിലേക്ക് തന്റെ ചിന്തകളെ വ്യാപിപ്പിച്ചു.
അനേകം മുങ്ങുകള്‍ മുങ്ങിയിട്ടും ഒരു മുത്തുചിപ്പിപോലും കിട്ടാത്ത മുങ്ങല്‍വിദഗ്ദ്ധനെപ്പോലെ മനസ്സിലെ ചിന്തകള്‍ അലഞ്ഞുനടന്നു. ജീവിതത്തില്‍ വിവാഹം കഴിക്കണമെന്ന ഒരു ചിന്തപോലും ഇതുവരെ ഉണ്ടായിട്ടില്ല. തെക്കുംതലക്കാരും തങ്ങളുമായി തലമുറകളായി തുടര്‍ന്നു വരുന്ന ശത്രുത അപ്പാടെ മാറ്റുവാനുള്ള ഉപാധികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും അതിനു പരിഹാരം കാണുവാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് തുടര്‍ച്ചയായി ആലോചിച്ചിട്ടുമുണ്ട്. പക്ഷെ, ഇപ്രകാരം ഒരു പോംവഴി ഉണ്ടാക്കണമെന്ന കാര്യത്തെക്കുറിച്ചോര്‍ത്തിട്ടുപോലുമില്ല.
''റോസിക്കുട്ടിക്ക് വിദ്യാഭ്യാസമുണ്ട്. സൗന്ദര്യമുണ്ട്. ആ കുട്ടി സല്‍സ്വഭാവിയാണ് അല്ലെങ്കില്‍ ഇക്കാര്യം എന്നോട് തുറന്നു പറയുകയില്ലായിരുന്നു.''
ഡോക്ടര്‍ നമ്പ്യാര്‍ തുടര്‍ന്നു പറഞ്ഞു.
''സാധാരണ മനസ്സിലെ കാര്യങ്ങള്‍ തുറന്നു പറയാതെ ചില രോഗികള്‍ ഡോക്ടര്‍മാര്‍ക്കുണ്ടാക്കിത്തീര്‍ക്കുന്ന പ്രയാസങ്ങള്‍ അനവധിയാണ്. വെറും നിഗമനങ്ങളെ ഡോക്ടര്‍മാര്‍ ചികിത്സിച്ചെന്നു വരും. അത്തരം ചികിത്സിച്ചു ചികിത്സിച്ചു മിക്കവാറും വലിയ കുഴപ്പങ്ങള്‍ വരുത്തികൂട്ടാറുണ്ട്. പക്ഷെ, ഈ കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. റോസിക്കുട്ടിക്കു ശാരീരികമായി അസുഖമൊന്നും കാണുന്നില്ല. മാനസികമായി വല്ലാത്ത വ്യഥയനുഭവിക്കുന്നതുപോലെ തോന്നുന്നു. തുറന്നു പറയാവുന്നതാണെങ്കില്‍ എത്രയും വേഗം പരിഹാരം കണ്ടുപിടിക്കാം എന്നു ഞാന്‍ പറഞ്ഞു. അല്പസമയം നിശബ്ദമായിരുന്നതിനു ശേഷം ആ കുട്ടി നിറഞ്ഞമിഴികളോടെ എന്നെ നോക്കി. എന്നിട്ട് അതിന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. ഹാ എത്രയെളുപ്പം ജോസ്‌മോന്‍ സമ്മതിക്കുമെന്നുപോലും ഞാന്‍ പറഞ്ഞുപോയി. മിസ്റ്റര്‍ ജോസ്‌മോന്‍ നോക്കൂ, ഇക്കാര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു തീരുമാനം കൈക്കൊള്ളണമെന്നില്ല. നല്ലപോലെ ആലോചിച്ച് പറഞ്ഞാല്‍ മതി. പക്ഷെ, ഒരു കാര്യം, നിങ്ങളുടെ സമീപനം പ്രതികൂലമാണെങ്കില്‍, ആ കുട്ടിയെ പിന്നീട് ചികിത്സിക്കുവാനാവില്ല.
നമ്പ്യാര്‍ പറഞ്ഞു തീരുന്നതിനു മുമ്പ് കതകില്‍ ആരോ മുട്ടുന്നതു കേട്ടു.
''കമിന്‍'' അദ്ദേഹം പറഞ്ഞു.
കതകു തുറന്നു ചാക്കോച്ചന്‍ അകത്തേക്കു വന്നു.
''ഇരിക്കൂ മി. ചാക്കോച്ചന്‍.'' നമ്പ്യാര്‍ ഇരിപ്പിടം ചൂണ്ടി.
ജോസ്‌മോന്‍ ആദരവോടെ എഴുന്നേറ്റു.
''ഞാന്‍ വന്നതുകൊണ്ടു നിങ്ങളുടെ സംസാരത്തിനു എന്തെങ്കിലും അലോഹ്യമായോ?''
വല്ലാത്ത വിനയം ചാക്കോച്ചന്റെ ശബ്ദത്തിലുണ്ടായിരുന്നു.
''ഹോയ് ഒന്നുമില്ല.'' നമ്പ്യാര്‍ പറഞ്ഞു.
''ഞാനുടനെ വരാം.'' ജോസ്‌മോന്‍ ഇരുവരേയും ഒന്നു നോക്കി. പുറത്തേക്കിറങ്ങി.
ഡോ. നമ്പ്യാരും ചാക്കോച്ചനുമായി റോസിക്കുട്ടിയുടെ രോഗത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.
ജോസ്‌മോന്‍ നേരെ റോസിക്കുട്ടിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. അവളെ ഒന്നു കണ്ടാല്‍ കൊള്ളാമെന്ന ഒരു ചിന്ത ജോസ്‌മോനുണ്ടായി.
എന്താണത് ഇതുവരെ തോന്നാത്ത ഒരു പ്രത്യേകത ഡോ. നമ്പ്യാരുടെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ചിന്തകള്‍ സൃഷ്ടിച്ചു. ഈ നിമിഷംവരെ തോന്നാത്തതായ പ്രത്യേകമായ ഒരു വിചാരം റോസിക്കുട്ടിയെക്കുറിച്ചുണ്ടായിരിക്കുന്നു.
ഡോ. നമ്പ്യാരുടെ മുറിയിലേക്ക് പോകുന്നതിനു മുമ്പ് താനും അമ്മച്ചിയുമായി റോസിക്കുട്ടിയെ കണ്ടതാണ്. ഒരു രോഗിയെന്ന നിലയില്‍ മാത്രം അവളെ വീക്ഷിക്കുകയും എന്താണസുഖമെന്നറിയുവാനുള്ള ഒരു സാധാരണ നിലയിലുള്ള അന്വേഷണത്തിനായി മാത്രമാണ് താന്‍ ഡോക്ടര്‍ നമ്പ്യാരുടെ മുറിയിലേക്ക് കടന്നുചെന്നത് പക്ഷേ, നമ്പ്യാര്‍ തന്നിലേക്കു മറ്റൊരു വെളിച്ചം കടത്തിവിട്ടിരിക്കുന്നു.
റോസിക്കുട്ടിയെ പ്രത്യേകമായി താന്‍ ശ്രദ്ധിച്ചിട്ടില്ല. എങ്കിലും ഒറ്റനോട്ടത്തില്‍ അവള്‍ സുന്ദരി തന്നെയാണ്. തര്‍ക്കമില്ല. അടുത്തു ഇടപഴകുവാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ല. അവശയായി കിടക്കുമ്പോള്‍ മാത്രമാണ് അവളെ കണ്ടിട്ടുള്ളത്.
ജീവിതത്തില്‍ വിവാഹം വേണ്ട എന്ന നിഗമനമൊന്നും തനിക്കില്ല. താന്‍ സന്യാസത്തിനു തുനിയുന്നുമില്ല. പിന്നെന്താ വിവാഹം കഴിക്കുന്നതു റോസിക്കുട്ടിയെയാണെങ്കില്‍, പ്രത്യേകിച്ച് തന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി ജീവിതപങ്കാളിയായി തീര്‍ന്നാല്‍ അത്രയും നല്ലതല്ലെ. മറ്റൊരു പ്രലോഭനങ്ങളുമില്ലാതെയല്ലെ ആ കുട്ടി തന്നെ അഗാധമായി സ്‌നേഹിക്കുന്നത്. അപ്പോള്‍ നിര്‍വ്യാജമായ സ്‌നേഹത്തെ അവഗണിക്കുന്നത് ഒരിക്കലും നീതിയായിരിക്കുകയില്ല.
ചിന്തകളുടെ കയത്തില്‍ തേങ്ങിത്തേങ്ങി ജോസ്‌മോന്‍ റോസിക്കുട്ടിയുടെ മുറിയുടെ മുമ്പിലെത്തി. വാതില്‍ തുറന്നുകിടക്കുന്നു. ജോസ്‌മോന്‍ അകത്തേക്കു ശ്രദ്ധിച്ചു നിന്നു.
തന്റെ അമ്മയുടെ മാറില്‍ചാരി നിറഞ്ഞ മിഴികളോടെ അകലത്തില്‍ ശ്രദ്ധിച്ച് റോസിക്കുട്ടിയിരിക്കുന്നു. ആ മുറിയില്‍ നിശബ്ദത നിറഞ്ഞു നില്‍ക്കുന്നു.
ഒരു ഗ്രീക്ക് ശില്പംപോലെ സുന്ദരിയാണ് റോസിക്കുട്ടിയെന്നു ജോസ്‌മോനു തോന്നി. അവനവളെ തന്നെ നോക്കിനിന്നു.
''വരൂ, ജോസ്‌മോന്‍ എന്താ വാതില്‍ക്കല്‍തന്നെ നിന്നത്.''
റോസിക്കുട്ടിയുടെ അമ്മയുടെ ശബ്ദം ജോസ്‌മോന്‍ ഒന്നു ഞെട്ടി. എങ്കിലും ഒന്നും സംഭവിക്കാത്തപോലെ അകത്തേക്കു കയറി.
(തുടരും)