National

ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ 79 സഭകളുടെ സംയുക്ത പ്രതിഷേധം

Sathyadeepam

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 79 സഭാവിഭാഗങ്ങള്‍ സംയുക്തമായി ദല്‍ഹിയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്ന് സഭാനേതാക്കള്‍ ചൂണ്ടിക്കാട്ടി.

2022 ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ മതവിദ്വേഷത്തിലധിഷ്ഠിതമായ 598 അക്രമങ്ങള്‍ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക്. ഛത്തീസ്ഡഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. നാരായണ്‍പുര്‍, കൊണ്ടഗാവ് ജില്ലകളില്‍ നൂറു കണക്കിനു ക്രൈസ്തവര്‍ക്കാണ് വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നത്. നാരായണ്‍പുരില്‍ സീറോ മലബാര്‍ സഭയുടെ ദേവാലയം തകര്‍ക്കപ്പെട്ടു. ഭരണകക്ഷിയായ ബി ജെ പി യുടെ പിന്തുണയുള്ള സംഘങ്ങളാണ് അക്രമങ്ങള്‍ക്കു പിന്നിലെന്നു പ്രതിഷേധസമ്മേളനത്തിലെ പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. സംയുക്ത ക്രൈസ്തവ പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനവും നല്‍കി.

ഫരീദാബാദ് ആര്‍ച്ചുബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ദല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോ തുടങ്ങിയവര്‍ കത്തോലിക്കാസഭയില്‍ നിന്ന് ഈ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു.

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍