National

ലത്തീന്‍ കത്തോലിക്കാ സമുദായ സംഗമം

Sathyadeepam

ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചെന്നു പറയുന്ന തുകയുടെ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തീരദേശവികസനവും നവകേരള നിര്‍മിതിയും എന്ന മുദ്രാവാക്യമുയര്‍ത്തി കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍ സിസി) ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്കാസഭാ സമുദായദിനവും സമുദായ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തീരപ്രദേശത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ തീരപ്രദേശത്തിനായി സമഗ്ര പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ തയ്യാറാകണം. തീരദേശ പൊലീസ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. പ്രഖ്യാപിച്ചിട്ടുള്ള ഭവനനിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി ആരംഭിക്കണമെന്നും ആര്‍ച്ചുബിഷപ് സൂസപാക്യം ആവശ്യപ്പെട്ടു.

പ്രളയകാലത്ത് അവിശ്വസനീയമായ കരുത്തു കാണിച്ച് മാനവികതയുടെ അടയാളമായി തിളങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. 590 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്കായി നിയമസഭയില്‍ ശബ്ദം മുഴക്കുന്നതിന് ഭരണപ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുന്നില്ലെന്നു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് കുറ്റപ്പെടുത്തി. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രഫ. കെ.വി. തോമസ് എംപി, എം. വിന്‍സന്‍റ് എംഎല്‍എ, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, കെആര്‍എല്‍സിസി സെക്രട്ടറി ആന്‍റണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്