National

സന്യാസത്തെയും പൗരോഹിത്യത്തെയും ആക്ഷേപിച്ചു സഭയെ തകര്‍ക്കാനാവില്ല -കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

Sathyadeepam

സന്യാസത്തെയും പൗരോഹിത്യത്തെയും അടച്ചാക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റിയെന്നു മലങ്കര സുറിയാനി കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സന്യാസത്തില്‍ നിന്നു ശക്തി പ്രാപിച്ച സഭയാണിതെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. കോട്ടയത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 89-ാമത് പുനരൈക്യ വാര്‍ഷിക സഭാസംഗമത്തിന്‍റെയും ബഥനി ആശ്രമ ശതാബ്ദി ആഘോഷ സമാപനത്തിന്‍റെയും പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിക്കുന്ന പ്രവണത ദൃശ്യമാണ്. ഇതു വളരെ വേദനയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആലുവ അദ്വൈതാശ്രമാംഗവും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡംഗവുമായ സ്വാമി ശിവസ്വരൂപാനന്ദ വിശിഷ്ടാതിഥിയായിരുന്നു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഐക്യത്തിന്‍റെ ചൈതന്യം ദൈവിക ചൈതന്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയര്‍ ജനറാള്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ. ഡോ. റെജി മനയ്ക്കലേട്ട്, ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍ എസ്ഐസി, മേരിമക്കള്‍ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ജയിന്‍സ് ഡിഎം, സിസ്റ്റര്‍ മേരി ശോശാമ്മ, അല്മായ പ്രതിനിധി ശോശാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തിനു മുന്നോടിയായി രാവിലെ കര്‍ദി. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്