National

ഓഖി: സമഗ്രപാക്കേജ് നടപ്പിലാക്കണമെന്ന് കേരള ലേബര്‍ മൂവ്മെന്‍റ്

Sathyadeepam

ഓഖി ആക്രമണത്തില്‍ ഇരകളായിത്തീരുന്നവര്‍ക്ക് സമ്പൂര്‍ണ്ണ നഷ്ടപരിഹാരത്തിനും ഉപജീവനസന്ധാരണത്തിന് സമാശ്വാസവും സഹായവും അടിയന്തരമായി ഉറപ്പാക്കുന്ന സമഗ്രപാക്കേജ് നടപ്പിലാക്കണമെന്ന് കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിലുള്ള കേരള മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം യഥാസമയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കണം. നിയമപരവും നിര്‍വ്വഹണപരവുമായ തടസ്സങ്ങളുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കണം. കടലപകടങ്ങളില്‍ യാനങ്ങള്‍ക്കും മത്സ്യബന്ധനോപാധികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരപദ്ധതി തയ്യാറാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രസര്‍ക്കാരിന്‍റെ കൃഷി മന്ത്രാലയം, പ്രതിരോധം പോലുള്ള ഇതര മന്ത്രാലയങ്ങളും വകുപ്പുകളും, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയില്‍ ഫലപ്രദമായ മെച്ചപ്പെട്ട ഏകോപനം സാധ്യമാവാന്‍ കേന്ദ്രത്തില്‍ സ്വതന്ത്രമായ ഒരു ഫിഷറീസ് മന്ത്രാലയം രൂപപ്പെടുത്തുന്നതിനായി തീരസംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യോജിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാവശ്യമായ നടപടികള്‍ കേരള സര്‍ക്കാര്‍ കൈകൊള്ളണം.

2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പദ്ധതിയില്‍ നാലു ഘട്ടങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ആവര്‍ത്തന ചക്രമാണ് പരിഗണിച്ചിട്ടുള്ളത്. അതീവ പ്രാധാന്യമേറിയ തയ്യാറെടുപ്പിന്‍റെ ആദ്യഘട്ടം പ്രായോഗത്തില്‍ പൂര്‍ണ പരാജയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ ദുരന്തം. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്പദ്ധതി അടിയന്തരമായി പരിശോധിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കു സഹായകരമായ കാലാവസ്ഥാ പ്രവചനങ്ങള്‍, അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ തുടങ്ങിയവ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്നവിധം വിവര സാങ്കേതികവിദ്യയും ഉപഗ്രഹസാങ്കേതികവിദ്യയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിന് പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അവഗണിച്ചതിനു ന്യായീകരണമില്ലെന്നും കൊല്ലത്തു ചേര്‍ന്ന കേരള മത്സ്യത്തൊഴിലാളി ഫോറം വിലയിരുത്തി. വര്‍ക്കേഴ്സ് ഇന്‍ഡ്യ ദേശീയ പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, കെഎല്‍എം ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, യേശുദാസന്‍, തങ്കച്ചന്‍ ഈരശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്