ഒഡിഷയിലെ മാല്‍കന്‍ഗിരിയില്‍ ഹിന്ദുത്വ തീവ്രവാദികളുടെ അക്രമത്തിനിരകളായ ആദിവാസി ക്രൈസ്തവരെ പൊലീസെത്തി ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരാണ് ചികിത്സയിലായത്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്. ജീവാപായ ഭീഷണി ഇല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും ആശുപത്രി വിടാനാകുമെന്നും പൊലീസ് അറിയിച്ചു.
പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം വീടുകളിലേക്കു മടങ്ങുക യായിരുന്ന ക്രൈസ്തവരെയാണ് വര്‍ഗീയവാദികള്‍ തടഞ്ഞു നിറുത്തി ആക്രമിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ വിളവെടുപ്പിനു ശേഷം വര്‍ഷങ്ങളായി പതിവുള്ളതുപോലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കും കാഴ്ചസമര്‍പ്പണത്തിനുമായി പോയതായിരുന്നു തങ്ങളെന്ന് കോയ ഗോത്രവിഭാഗത്തിലെ ക്രൈസ്തവരുടെ നേതാക്കള്‍ പറഞ്ഞു.
അക്രൈസ്തവരായ ആദിവാസികള്‍ തന്നെയാണ് ആക്രമണം നടത്തിയത്. ഗ്രാമീണര്‍ ക്രൈസ്തവ സഭയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന വാദമാണ് ഇവരുന്നയിക്കുന്നത്. 70 വീടുകളുള്ള ഗ്രാമത്തിലെ 11 വീടുകളാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചിരിക്കുന്നത്. ഒരു ഇവാഞ്ചലിക്കല്‍ സഭയിലാണ് ഇവര്‍ അംഗങ്ങളായിട്ടുള്ളത്. ആദിവാസി തന്നെയായ ബിഷപ് പല്ലബ് ലിമായാണ് സഭയുടെ അധ്യക്ഷന്‍.
ഒഡിഷയിലെ ഇതര പ്രദേശങ്ങളിലും സമാനമായ അക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ഹിന്ദുമതത്തിലേക്ക് ക്രൈസ്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമങ്ങളെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. ആദിവാസി ഗ്രാമങ്ങളിലെ ക്രൈസ്തവര്‍ സാമൂഹ്യവും സാമ്പത്തികവുമായ ബഹിഷ്‌കരണവും നേരിടുന്നു.
ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ ആണ് ഇതിനു നേതൃത്വം നല്‍കുന്നതെന്ന് ആരോപിക്കപ്പെടുന്നു. വയലുകളില്‍ തൊഴില്‍ നിഷേധിക്കുക, പലചരക്കുകടകളില്‍ സാധനങ്ങള്‍ നല്‍കാതിരി ക്കുക, പരിപാടികളിലേക്കു ക്ഷണിക്കാതിരിക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ നിയമം കൈയിലെടുക്കാന്‍ വര്‍ഗീയ വാദികളെ അനുവദിക്കരുതെന്നും ഇഷ്ടമുള്ള മതം തിരഞ്ഞെടു ക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും ഒഡിഷയിലെ ബുദ്ധമതനേതാവായ ബിശ്വനാഥ് ജെന പറഞ്ഞു.
ഈ അക്രമം ഒറ്റപ്പെട്ടതല്ലെന്നു കട്ടക്ക്-ഭുവനേശ്വര്‍ കത്തോലിക്ക അതിരൂപത വൈദികനായ ഫാ. അജയ്കുമാര്‍ സിംഗ് വ്യക്തമാക്കി. ബി ജെ പി അധികാരത്തിലെത്തിയതിനുശേഷം ഒഡിഷയില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ജനവിധിയാണു തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നതെന്നു കരുതി പ്രവര്‍ത്തിക്കുകയാണ് ഹിന്ദുത്വ സംഘടനകളെന്നു ക്രൈസ്തവനേതാക്കള്‍ പറഞ്ഞു.
ജൂണ്‍ ഒമ്പതിന് ഒഡിഷയിലെ 30 ജില്ലാ ആസ്ഥാനങ്ങളില്‍ 25 ഇടത്തും ക്രൈസ്തവരുടെ പ്രതിഷേധറാലികള്‍ നടന്നിരുന്നു. സംസ്ഥാനത്തെ 4.2 കോടി ജനങ്ങളില്‍ 2.77 ശതമാനമാണ് ക്രൈസ്തവര്‍.