മണിപൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കുന്നതിനെതിരെ വിവിധ ക്രൈസ്തവസഭകള്‍ രംഗത്തെത്തി. കഴിഞ്ഞ മാസം സര്‍ക്കാര്‍ മണിപൂരില്‍ 3 ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചിരുന്നു. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് സഭയുടെയും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയുടെയും കത്തോലിക്കാസഭയുടെയും ഓരോ പള്ളികളാണ് പൊളിച്ചത്. ഇംഫാല്‍ ട്രൈബല്‍ കോളനിയിലെ ഹോളി സ്പിരിറ്റ് ദേവാലയമാണ് ഇവയില്‍ കത്തോലിക്കാ സഭയുടേത്.
സര്‍ക്കാര്‍ ഭൂമിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ചത് എന്ന സങ്കല്‍പത്തിലാണ് അധികാരികള്‍ ഈ പള്ളികളെല്ലാം പൊളിച്ചു നീക്കിയത്. ഇതിനെ ഓള്‍ മണിപൂര്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ശക്തമായി അപലപിച്ചു. 41 ശതമാനം ക്രൈസ്തവരുള്ള സംസ്ഥാനമാണ് മണിപൂര്‍. രാത്രി ഭീകരാവസ്ഥ സൃഷ്ടിച്ച് വലിയ പൊലീസ് സന്നാഹങ്ങളോടെ, ദേവാലയങ്ങളാണെന്ന യാതൊരു പവിത്രതയും പരിഗണിക്കാതെ നടത്തിയ പള്ളിതകര്‍ക്കല്‍ ജനങ്ങളിലാകെ വലിയ ഭയപ്പാടു സൃഷ്ടിച്ചുവെന്നു അസോസിയേഷന്‍ കുറ്റപ്പെടുത്തി. നിയമവിരുദ്ധമായി നിര്‍മ്മിച്ച മതപരമായ കെട്ടിടങ്ങളെല്ലാം പൊളിക്കണമെന്നു സുപ്രീം കോടതി വിധിച്ചിരുന്നുവെങ്കിലും ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമാണ് പൊളിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ സുപ്രീം കോടതിയുടെ വിധി പ്രകാരം നിയമവിരുദ്ധകെട്ടിടങ്ങളെന്നു കണ്ടെത്തിയിരുന്ന ആരാധനാലയങ്ങളടക്കമുള്ള 188 കെട്ടിടങ്ങളെ 2011-ല്‍ സംസ്ഥാന മന്ത്രിസഭ നിയമവിധേയമായി പ്രഖ്യാപിച്ചാണ് പ്രശ്‌നം പരിഹരിച്ചതെന്നു പ്രസ്താവന ഓര്‍മ്മിപ്പിച്ചു. പക്ഷേ ഈ 188 കെട്ടിടങ്ങളില്‍ ഒരു പള്ളി പോലും ഉണ്ടായിരുന്നില്ലെന്നും ഇതു കടുത്ത വിവേചനമായിരുന്നുവെന്നും ക്രിസ്ത്യന്‍ അസോസിയേഷന്‍ വിശദീകരിച്ചു. തല്‍സ്ഥിതി നില നിറുത്താന്‍ 2020 ഹൈക്കോടതി നല്‍കിയിരുന്ന ഉത്തരവ് നീക്കിയതിനു പിറ്റേന്നു തന്നെ സര്‍ക്കാര്‍ ഈ പള്ളികള്‍ തകര്‍ക്കുകയായിരുന്നു.
മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും ഉറപ്പുതരുന്ന ഭരണ ഘടനാമൂല്യങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തിലും ചൈതന്യത്തിലും പാലിക്കണമെന്ന് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയോട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തകര്‍ത്തതില്‍ ഒരു പള്ളി 1974-ല്‍ സ്ഥാപിച്ചിരുന്നതാണ്.