ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ
Published on

എക്യൂമെനിക്കല്‍ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സാംസ്‌കാരിക നയതന്ത്രം വളര്‍ത്തുന്നതിനും, സമാധാനവും പ്രത്യാശയും പരത്തുന്നതിനും പൊന്തിഫിക്കല്‍ ക്രൈസ്തവ പുരാവസ്തുശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാകുമെന്ന് ലിയോ പതിനാലാമന്‍ പാപ്പ.

പൊന്തിഫിക്കല്‍ ക്രൈസ്തവ പുരാവസ്തു ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രത്യേകമായി തയ്യാറാക്കിയ ഒരു അപ്പസ്‌തോലിക ലേഖനം പുറത്തുവിട്ടതിനുശേഷം, ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിസംബര്‍ 11 വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഈയൊരു ശാസ്ത്രമേഖലയുടെ പ്രാധാന്യം മാര്‍പാപ്പ വിശദീകരിച്ചത്.

പുരാതന ക്രൈസ്തവസ്മാരകങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ എല്ലാ ദേശങ്ങളിലും നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതിന്റെ ആവശ്യം സഭ വ്യക്തമായി മനസ്സിലാക്കിയിരുന്നുവെന്ന് ലിയോ പതിനാലാമന്‍ പ്രസ്താവിച്ചു. വചനം മാംസമായ ക്രിസ്തുവില്‍നിന്ന് ജനിച്ച ക്രൈസ്തവികതയുടെയും സഭയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിലും, സുവിശേഷവല്‍ക്കരണ, എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും ഐക്യം കൊണ്ടുവരുന്നതിലും സമാധാനവും പ്രത്യാശയും പ്രോത്സാഹിപ്പിക്കുന്നതിലും ക്രൈസ്തവ പുരാവസ്തു ശാസ്ത്രത്തിനുള്ള പങ്ക് വ്യക്തമാക്കുകയാണ് അപ്പസ്‌തോലിക ലേഖനത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്ന് മാര്‍പാപ്പ പറഞ്ഞു.

ക്രൈസ്തവമതം എന്നത് വെറുമൊരു ആശയത്തില്‍നിന്നല്ല, ക്രിസ്തുവിന്റെ ശരീരത്തില്‍നിന്നാണ് ജന്മമെടുത്തതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, സഭയ്ക്ക് പൊതുവായുള്ള പുരാതനവേരുകള്‍ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും, സഭയുടെ എക്യുമെനിക്കല്‍ ഐക്യത്തിന് സഹായകരമാകുമെന്ന് പ്രസ്താവിച്ചു.

മെത്രാന്മാരും സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉത്തരവാദിത്വം വഹിക്കുന്നവരും യുവജനങ്ങളെയും വൈദികരെയും അല്‍മായരെയും പുരാവസ്തുശാസ്ത്രം പഠിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ തന്റെ അപ്പസ്‌തോലിക ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org