National

സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സും സംരക്ഷിക്കപ്പെടണം – കെ സി ബി സി

Sathyadeepam

കത്വവിലും ഉന്നാവോയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗക്കൊലപാതകങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സിനും നേരേ ഉയരുന്ന ഭീഷണികള്‍ അത്യന്തം ആപത്കരവും ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. നിയമം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍പോലും നിയമം കൈയിലെടുക്കുന്നതും ദുര്‍ബലരെയും ന്യൂനപക്ഷവിഭാഗങ്ങളെയും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും മനുഷ്യത്വരഹിതമായി അവരുടെ മാനവും ജീവനും കവര്‍ന്നെടുക്കാനും ശ്രമിക്കുന്നതും രാജ്യത്ത് അരാജകത്വം വളര്‍ത്തും.

അക്രമികളുടെ രാഷ്ട്രീയമോ മതമോ നോക്കാതെ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കേരളത്തില്‍പോലും നിയമപാലകര്‍ നിയമലംഘകരാകുന്ന കാഴ്ച ആശങ്കാജനകമാണ്. കുരുന്നു ബാല്യങ്ങളോടുപോലും ക്രൂരത കാട്ടുന്നത് ഭാരതത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും തീരാക്കളങ്കം ചാര്‍ത്തുന്നു. കത്വയില്‍ പൊലിഞ്ഞ കുരുന്നുബാല്യം ഇന്ത്യയുടെ മനസ്സാക്ഷി ഉണര്‍ത്തണം. ഉന്നാവോയിലെ പതിനേഴുകാരിയുടെ നീതിക്കുവേണ്ടിയുള്ള വിലാപം ഭരണാധികാരികളുടെയും സമൂഹത്തിന്‍റെയും കണ്ണും കാതും തുറപ്പിക്കണം. അതിക്രമത്തെ ന്യായീകരിക്കാനും കൂടുതല്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കാനുമുള്ള ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്‍റെ കാര്യക്ഷമതയെയും ആത്മാര്‍ത്ഥതയെയും സംശയത്തിലാഴ്ത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികളും സമൂഹവും ജാഗ്രത പുലര്‍ത്തണം — പത്രക്കുറിപ്പില്‍ കെസിബിസി അനുസ്മരിപ്പിച്ചു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം