National

കാര്‍ഷികദുരന്ത അതിജീവനത്തിനായി കര്‍ഷകര്‍ കൈകോര്‍ക്കണം: ഇന്‍ഫാം

Sathyadeepam

ഉരുള്‍പൊട്ടലും പ്രളയവും വരുത്തിവച്ച കാര്‍ഷികദുരന്തത്തിന്‍റെ അതിജീവനത്തിനായി കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും സംഘടിച്ച് കൈകോര്‍ക്കണമെന്ന് കര്‍ഷകരുടെ ദേശീയ സമിതിയായ ഇന്‍ഫാം ആഹ്വാനം ചെയ്തു.

നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് കര്‍ഷകസമൂഹം സഹകരിക്കും. പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ ദുരന്തങ്ങളുടെ പിന്നില്‍ കര്‍ഷകരാണെന്നുള്ള പരിസ്ഥിതി മൗലികവാദികളുടെ നിരന്തരമുള്ള ആരോപണങ്ങള്‍ നീചവും മനുഷ്യത്വരഹിതവുമാണ്. കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കനത്തമഴയായി രൂപപ്പെട്ടതും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുമായി പുലബന്ധം പോലുമില്ല. ഉരുള്‍പൊട്ടലുകള്‍ക്ക് ഉത്തരവാദി മലയോരജനതയാണെന്ന് ആക്രോശിക്കുന്നവര്‍ വനാന്തര്‍ഭാഗത്തെ ഉരുള്‍പൊട്ടല്‍ എങ്ങനെ രൂപപ്പെട്ടുവെന്നും അന്വേഷിച്ചറിയണമെന്ന് പ്രസ്താവനയില്‍ ഇന്‍ഫാം ദേശീയ സെക്രട്ടറി ഷെവലിയാര്‍ വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കാര്‍ഷികകടങ്ങള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ദുരന്തപ്രതിസന്ധിയില്‍ ഒരു നേട്ടവുമുണ്ടാകില്ല. മറിച്ച് കര്‍ഷക കടങ്ങളൊന്നാകെ പരിപൂര്‍ണ്ണമായി എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പ്രളയദുരിതാശ്വാസ ഫണ്ട് നവകേരള നിര്‍മ്മിതി ഫണ്ടായി പ്രത്യേക അക്കൗണ്ടില്‍ കണക്കാക്കപ്പെടണം. ഓഖി ഫണ്ടിന്‍റെ വിനിയോഗത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച രണ്ടുതരം കണക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മഴയെക്കുറിച്ചുള്ള കാലാവസ്ഥാവകുപ്പിന്‍റെ വീഴ്ച അതിഗൗരവമായി കാണണം. മുന്നറിയിപ്പുകളില്ലാതെ അശാസ്ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ നിര്‍ദ്ദേശം നിസ്സാരമായി കാണാതെ സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്ത് നടപടികളുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്