National

കന്ദമാല്‍: ജയിലിലുള്ള നിരപരാധികളുടെ അപ്പീല്‍ പരിഗണിക്കാത്തതു നീതിന്യായ വ്യവസ്ഥയുടെ അപചയമെന്നു ജസ്റ്റീസ് സിറിയക് ജോസഫ്

Sathyadeepam

ഒഡീഷയിലെ കന്ദമാലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ജയിലിലടയ്ക്കപ്പെട്ട നിരപരാധികളുടെ അപ്പീല്‍ വര്‍ഷങ്ങളായിട്ടും ഹൈക്കോടതി പരിഗണിക്കാത്തതു നീതിന്യായ വ്യവസ്ഥയുടെ അപചയമാണെന്നു സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുകളില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്മണാനന്ദയുടെ മരണവും അനുബന്ധ ഗൂഢാലോചനകളും ജയിലിലടക്കയ്ക്കപ്പെട്ടവരുടെ ജീവിതാവസ്ഥകളും വിശദീകരിക്കുന്ന ആന്‍റോ അക്കരയുടെ 'നിരപരാധികള്‍ തടവറയില്‍' എന്ന ഗ്രന്ഥം കൊച്ചിയില്‍ പ്രകാശനം ചെയ്തു സംസാരി ക്കുകയായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്.

കോടതികളില്‍ കേസുകള്‍ വൈകുന്നതിനു വ്യത്യസ്തമായ കാരണങ്ങളുണ്ടാകാം. കന്ദമാല്‍ സംഭവത്തില്‍ അത്തരത്തില്‍ ന്യായീകരിക്കാവുന്ന ഒരു സാഹചര്യവുമില്ല. ബോധപൂര്‍വം കേസ് വൈകിക്കുന്നത് അപലപനീയമാണ്. സെഷന്‍സ് കോടതിയിലെപ്പോലെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ജഡ്ജി വരാന്‍ ഹൈക്കോടതി കാത്തിരിക്കുന്നുവെന്ന ആരോപണമുണ്ട്. മാനസിക വൈകല്യമുള്ളയാളെപ്പോലും കേസില്‍ തടവുശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. ഇദ്ദേഹം ഉള്‍പ്പടെ ജയിലിലുള്ള ഏഴു പേര്‍ ജയിലില്‍ നരകിക്കുന്നതു പൗരാവകാശ ലംഘനം കൂടിയാണ്. ഇതിനു മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും അപചയമാണ്. ജയിലില്‍ കിടക്കുന്നവര്‍ ഏതു മതസ്ഥരാണെന്നതല്ല, മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്നതാണു ഗൗരവമായ പ്രശ്നം.

രാജ്യത്തു പൗരാവകാശങ്ങളെ സ്നേഹിക്കുന്ന എല്ലാവരും അറിയേണ്ട വിഷയമാണ്, ഗൗരവമായ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള നിരപരാധികള്‍ തടവറയില്‍ എന്ന ഗ്രന്ഥമെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. ജസ്റ്റീസ് പി.കെ. ഷംസുദ്ദിന്‍ പുസ്തകം ഏറ്റുവാങ്ങി. സാമൂഹ്യപ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, ഗ്രന്ഥകാരന്‍ ആന്‍റോ അക്കര എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്