National

ട്രാന്‍സ് സ്ത്രീകള്‍ക്കിടയില്‍ സേവനവുമായി ബംഗളുരുവില്‍ സന്യാസിനിമാര്‍

Sathyadeepam

വീട്ടില്‍വന്ന് അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാമോ എന്ന ചോദ്യവുമായി ബംഗളുരുവില്‍ ഒരു ട്രാന്‍സ് വനിത സിസ്റ്റര്‍ സാലിയെയും സിസ്റ്റര്‍ റോസിലിനെയും സമീപിച്ചപ്പോള്‍ അവര്‍ ആദ്യം മടിച്ചു. പിന്നീട് നിര്‍ബന്ധത്തിനു വഴങ്ങി ചെന്നു. ഫാത്തിമാ സിസ്റ്റേഴ്‌സിന്റെ പുതിയൊരു സേവനരംഗത്തേക്കുള്ള പ്രവേശനമായി മാറി അത്. ഇന്ന് ഈ സിസ്റ്റര്‍മാരുടെ തൊഴില്‍ പരിശീലന പരിപാടികളില്‍ 200-ലേറെ ട്രാന്‍സ് വനിതകള്‍ പങ്കെടുക്കുന്നു. സിസ്റ്റര്‍മാരുടെ പ്രേരണയും പരിശീലനവും മൂലം നിരവധി പേര്‍ ലൈംഗിക തൊഴിലും യാചകവൃത്തിയും ഉപേക്ഷിച്ച് വിവിധ തൊഴിലുകളെടുത്തു ജീവിക്കുന്നു.

സമൂഹത്തിന്റെ വെറുപ്പും നിരാകരണവും നേരിട്ട് അരികുകളില്‍ ജീവിക്കുകയായിരുന്ന അനേകം ട്രാന്‍സ് മനുഷ്യരിലേക്ക് ദൈവത്തിന്റെ സ്‌നേഹവും കരുതലും എത്തിക്കാന്‍ കഴിയുന്നതില്‍ കൃതാര്‍ത്ഥരാണ് ഇന്ന് ഈ സിസ്റ്റര്‍മാര്‍. ഇപ്പോള്‍ സലേഷ്യന്‍ സംഘടനയായ ഡ്രീം ഇന്ത്യ നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഇവര്‍. ട്രാന്‍സ് സമൂഹത്തിന്റെ വിശ്വാസം പിടിച്ചു പറ്റുക എളുപ്പമല്ല. സിസ്റ്റര്‍മാര്‍ക്ക് അതു വേഗത്തില്‍ സാധിച്ചതായി ഡ്രീം ഇന്ത്യ നെറ്റ്‌വര്‍ക് സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് തോമസ് പറഞ്ഞു.

2021-ലെ പെസഹാ വ്യാഴാഴ്ച ബംഗളുരുവിലെ ഒരു ഇടവകയില്‍ കാലുകഴുകല്‍ ശുശ്രൂഷയില്‍ ഒരു ട്രാന്‍സ് വനിതയെ ഉള്‍പ്പെടുത്തി. ഫാത്തിമാ സിസ്റ്റേഴ്‌സിന്റെ ഇടപെടലിന്റെ ഫലമായിരുന്നു ഇത്. ആദ്യമായി ലഭിച്ച സാമൂഹികവും സഭാപരവുമായ ഈ അംഗീകാരം കത്തോലിക്കാ വിശ്വാസിയായി ജനിച്ചു വളര്‍ന്ന ആ വ്യക്തിയെ വികാരഭരിതയാക്കി. സഭ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ വേണ്ടവിധത്തില്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു സിസ്റ്റര്‍ സാലി ജോസഫ് പറഞ്ഞു.

ബംഗളുരുവിലെ പ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകനായ ഫാ. ജോര്‍ജ് കണ്ണന്താനം സി എം എഫിനെ പോലുള്ളവര്‍ ഈ ദൗത്യത്തിന്റെ പേരില്‍ ഫാത്തിമാ സിസ്റ്റേഴ്‌സിനെ അകമഴിഞ്ഞു ശ്ലാഘിക്കുന്നവരാണ്. കൂടുതല്‍ സന്യാസിനീസമൂഹങ്ങള്‍ ഈ രംഗത്തേക്കു കടന്നുവരേണ്ട തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥