National

ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Sathyadeepam

വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എഫ് എല്‍-6 ലൈസന്‍സ് വേണ്ടെന്ന ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. വീട്ടില്‍ മദ്യം നല്‍കുന്നത് ആതിഥ്യമര്യാദയുടെ ഭാഗമാണെന്ന ജൂഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള വിലയിരുത്തല്‍ മനുഷ്യജീവന് വിലകല്പിക്കുന്നവര്‍ക്ക് ഞെട്ടലുളവാ ക്കുന്നതാണ്.

വീട്ടുടമസ്ഥന്‍ തീരുമാനിച്ചാല്‍ 365 ദിവസവും സ്വന്തം വീട്ടില്‍ ചടങ്ങുകള്‍ സൃഷ്ടിക്കാം. ചടങ്ങുകളിലെല്ലാം തന്നെ നൂറുകണക്കിന് ആതിഥേയര്‍ ഉണ്ടാകും. അനുവദനീയമായ മദ്യത്തിന്‍റെ അളവിന് ഇവിടെ പ്രസക്തിയില്ലാതായി. വീടുകള്‍ മദ്യശാലകളായി മാറും. എഫ്.എല്‍-6 ലൈസന്‍സ് ആവശ്യമായിരുന്ന ഘട്ടത്തില്‍ പോലും ചടങ്ങുകളില്‍ മദ്യത്തിന്‍റെ കുത്തൊഴുക്കുതന്നെയാണ് ഉണ്ടായിരുന്നത്. കുടുംബങ്ങളില്‍ പ്രായപരിധി നോക്കാതെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ മദ്യപാനശീലത്തിലെത്തും. പാശ്ചാത്യ നാടുകളിലെ സംസ്കാരത്തോട് കേരളം ഒരിക്കലും യോജിച്ച് പോകില്ല.

സ്വന്തം പുരയിടത്തില്‍ കുടിവെള്ളം ലഭിക്കാന്‍ കിണര്‍ ഉണ്ടാക്കണമെങ്കില്‍ പ്രാദേശിക സര്‍ക്കാരിന്‍റെ അനുമതി വേണം. 'ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പോടെ അപകടകാരിയായ മദ്യത്തെ ആതിഥേയമര്യാദയ്ക്ക് നല്‍കാന്‍ അനുമതി വേണ്ടെന്ന് പറയാന്‍ മില്‍മ പാലോ, ലൈം ജ്യൂസോ അല്ല മദ്യം. പൊതുജനം ഈ വിധിയില്‍ തെറ്റിദ്ധാരണയില്‍ എത്തിയിട്ടുണ്ട്. നിശ്ചയമായും ഇത് ജനം ദുരുപയോഗം ചെയ്യും. വീടുകളിലെ ചടങ്ങുകളില്‍ പൊലീസിനോ എക്സൈസിനോ കാവല്‍നില്‍ക്കാനോ റെയ്ഡിനോ സാധിക്കില്ല. മദ്യാസക്തി രോഗമായതുകൊണ്ട് മദ്യപരും വില്പനക്കാരും സംവാഹകരും സ്വാഭാവികമായിട്ടും ഈ വിധിയെ സ്വാഗതം ചെയ്യുമായിരിക്കാം.

ജനത്തോട് കൂറ് പുലര്‍ത്തുന്നെങ്കില്‍ സര്‍ക്കാര്‍ നിശ്ചയമായും അപ്പീല്‍ പോകണം. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം ഉചിതമായ മേല്‍നടപടികളിലേക്ക് സമിതി നീങ്ങും. മദ്യപിച്ച് നിലത്തിഴയുന്ന മദ്യാസക്തി രോഗികള്‍ ഉള്ള നമ്മുടെ നാട്ടില്‍ എഫ്.എല്‍-6 എക്സൈസ് ലൈസന്‍സ് വേണ്ടെന്ന വിധി കുടുംബങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്നും സമിതി നേതൃത്വം വിലയിരുത്തി.

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമീജിയൂസ് ഇഞ്ചനാനിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍., ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്‍റണി, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേല്‍, ഫാ. പോള്‍ കാരാച്ചിറ, ദേവസ്യ കെ. വര്‍ഗീസ്, ബന ഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഷിബു കാച്ചപ്പള്ളി, ആന്‍റണി ജേ ക്കബ്, വൈ. രാജു എന്നിവര്‍ പ്രസംഗിച്ചു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം