കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാസികയായ വിജ്ഞാന കൈരളിയുടെ ആഗസ്റ്റ് ലക്കത്തില്‍ ക്രൈസ്തവസഭ പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ വികലമായും അപഹാസ്യമായും ചിത്രീകരിച്ചുകൊണ്ട്, മാസികയുടെ എഡിറ്റര്‍ "ലജ്ജിക്കണം" എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ദുഃഖവും പ്രതിഷേധവും അറിയിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ചുബിഷപ് സൂസപാക്യം എന്നിവര്‍ സംയുക്തമായി നല്കിയ പരാതിയില്‍ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങളിലും സ്ത്രീകള്‍ കുമ്പസാരം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനത്തിലും കത്തോലിക്കാസഭയ്ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായ പൗരോഹിത്യത്തെക്കുറിച്ചും, മതപരമായ അനുഷ്ഠാനമായ കുമ്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തില്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യ മര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ കാണിച്ചിട്ടില്ല. വിശദീകരണക്കുറിപ്പില്‍ മുഖപ്രസംഗത്തിലെ മോശം പരാമര്‍ശങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയിരിക്കുന്നത്. മതവും മതസങ്കല്പങ്ങളും കുമ്പസാരവുമൊക്കെ ലൈംഗികാസക്തി തീര്‍ക്കുന്നതിനുള്ള വെറും ഉപകരണമായിതീര്‍ന്നു എന്ന മുഖപ്രസംഗത്തിലെ ദുസ്സൂചനയും, ഇനിമുതല്‍ ഒരു സ്ത്രീയും ആരുടെ മുമ്പിലും കുമ്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കും തെളിവാണെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ചെയര്‍മാനും സാംസ്കാരിക മന്ത്രി വൈസ്ചെയര്‍മാനുമായുള്ള ഭരണസമിതി നിയന്ത്രിക്കുന്ന കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ക്രൈസ്തവ വിശ്വാസാനുഷ്ഠാനങ്ങള്‍ക്കെതിരായ വലിയ കടന്നാക്രമണം നടത്തിയിരിക്കുന്നത് എന്നത് ഏറെ വേദനാജനകമാണ്. മതനിന്ദ കുരുന്നുകളില്‍ കുത്തിവച്ച്, തെറ്റിദ്ധരിപ്പിച്ച,് മതപരമായ ആചാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യം ഇതിന്‍റെ പിന്നിലില്ലേ എന്നു സംശയിക്കുന്നു. ഒക്ടോബര്‍ ലക്കത്തിലും സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇത് വ്യക്തമായ ലക്ഷ്യത്തോടെ കുട്ടികളില്‍ മതനിരാസവും മതവിരുദ്ധ ചിന്തകളും വളര്‍ത്തുവാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണെന്ന സംശയം ശക്തമാവുകയാണ്. പാഠപുസ്തകങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധികരണങ്ങളിലും മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പോലെ അപകടകരമാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനംതന്നെ ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാകുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അവഹേളനാപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതിനും തുടര്‍ന്ന് ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.