National

ഒരു രൂപത മുഴുവന്‍ വിതുമ്പുന്നു, ഒരു വിശ്വാസപരിശീലകന്‍ കടന്നുപോകുമ്പോള്‍

Sathyadeepam

തമിഴ് നാട്ടിലെ മധുര അതിരൂപതയും, ശിവഗംഗ രൂപതയും അതിലെ അനേകം വിശ്വാസികളും ഇരുന്നൂറോളം വരുന്ന വൈദികരും ജൂലൈ 5 ന് 78 വയസ്സില്‍ മരണപ്പെട്ട ഒരു സാധാരണ വിശ്വാസ പരിശീലകനെയോര്‍ത്ത് സങ്കടപ്പെടുകയാണ്. ബ്രദര്‍ സന്തിയാഗോ എന്നു സ്നേഹത്തോടെ അവരൊക്കെ വിളിച്ചിരുന്ന മേലകാവണ്ണൂര്‍ സ്വദേശി 51 വര്‍ഷക്കാലമാണ് ഒരു വിശ്വാസ പരിശീലകന്‍ എന്ന നിലയില്‍ സഭയെ സേവിച്ചത്. ഇതിനോടകം ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് അദ്ദേഹം ജീവിതം കൊണ്ടും അദ്ധ്യാപനം കൊണ്ടും വിശ്വാസം പകര്‍ന്നു കൊടുത്തത്. വര്‍ഷംതോറും പുതിയ കുഞ്ഞുങ്ങളെ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ക്കും പാപസങ്കീര്‍ത്തനങ്ങള്‍ക്കും ഒരുക്കിക്കൊണ്ടിരുന്നു. മധുര അതിരൂപതയില്‍ ആരംഭിച്ച വിശ്വാസ പരിശീലനയാത്ര പിന്നീട് 1987 -ല്‍ ശിവഗംഗ രൂപത രൂപം കൊണ്ടപ്പോള്‍ അവിടേക്കും അതിലെ ഓരോ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. അദ്ദേഹത്തിന്‍റെ പാദമുദ്ര പതിയാത്ത, സേവനം ലഭിക്കാത്ത ഒരു ഇടവകപോലും രൂപതയില്‍ ഇല്ലെന്ന് രൂപതയിലെ വൈദികര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ എത്രമാത്രം തീക്ഷ്ണത വിളങ്ങിയ ജീവിതമായിരുന്നു അതെന്ന് വ്യക്തം.

ലോക് ഡൗണ്‍ കാലമായതിനാല്‍ അദ്ദേഹത്തിന്‍റെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടവും ജനങ്ങള്‍ പങ്കുവച്ചു. 62 ഓളം ഇടവകകളും 734-ല്‍ അധികം മിഷന്‍ സ്റ്റേഷനുകളുമുള്ള രൂപതയിലുടനീളം തോളിലൊരു കുഞ്ഞുബാഗുമായി, ബസില്‍ യാത്രചെയ്ത് ലളിതവസ്ത്രധാരിയായി നടന്നുപോയിരുന്ന ബ്രദര്‍ സന്തിയാഗോ അനേകം വൈദികര്‍ക്ക് ദൈവവിളിക്കുള്ള പ്രചോദനമായിട്ടുണ്ടെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാറ്റക്കിസം ക്ലാസുകള്‍ക്കു പുറമേ യുവജനങ്ങള്‍ക്കുള്ള വിശ്വാസക്കളരികള്‍, വിവാഹ ഒരുക്ക ക്ലാസുകള്‍ എന്നിവ നടത്തിയിരുന്ന സന്തിയാഗോ തിരുപ്പട്ട ശുശ്രൂഷകളിലെ നിത്യസഹായിയും സാനിദ്ധ്യവുമായിരുന്നു. ലളിതജീവിതം കൊണ്ടും വിശ്വാസ സാക്ഷ്യം കൊണ്ടും ഒരു രൂപതക്കു തന്നെ വെളിച്ചം നല്കിയ സന്തിയാഗോയുടെ കുടുംബം ഭാര്യയും മൂന്നു മക്കളും നാല് കൊച്ചുമക്കളുമടങ്ങുന്നതാണ്.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും