വിശുദ്ധ ബത്തില്‍ഡിസ് (680) : ജനുവരി 30

വിശുദ്ധ ബത്തില്‍ഡിസ് (680) : ജനുവരി 30
ഇംഗ്ലണ്ടില്‍ ജനിച്ച ബത്തില്‍ഡിസ് ക്രിസ്തുമതവിശ്വാസിയായിരുന്നു. ബര്‍ഗണ്ടിയുടെ രാജാവായിരുന്ന ക്ലോവിസ് രണ്ടാമന് വില്ക്കപ്പെട്ട അടിമയായിരുന്നു അവള്‍. എന്നാല്‍, അവളുടെ സൗന്ദര്യവും സല്‍സ്വഭാവവും രാജാവിനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ 649-ല്‍ അവളെ സ്വതന്ത്രയാക്കുകയും രാജാവ് അവളെ വിവാഹം കഴിക്കുകയും ചെയ്തു. ക്ലോത്തെയര്‍, ഷില്‍ഡെറിക്, തിയേറി എന്നീ രാജകുമാരന്മാരുടെ അമ്മയുമായി.

ഏഴുവര്‍ഷത്തിനുശേഷം ക്ലോവിസ് രാജാവ് ചരമമടഞ്ഞു. അഞ്ചുവയസ്സുള്ള കിരീടാവകാശിയായ മകനുവേണ്ടി രാജ്ഞി ബത്തില്‍ഡിസ് രാജഭരണം ഏറ്റെടുത്തു. വിശുദ്ധരായ ചില ബിഷപ്പുമാരുടെ സഹായത്താല്‍ അവര്‍ രാജ്യത്ത് ചില സുപ്രധാന ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ക്രിസ്ത്യന്‍ അടിമകളുടെ ക്രയവിക്രയം നിരോധിച്ചു; വൈദികരുടെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി; അന്യായമായ നികുതികള്‍ നിരോധിച്ചു.
ഇവയ്ക്കുപുറമെ, അനേകം ആശുപത്രികളും സന്യാസാശ്രമങ്ങളും പടുത്തുയര്‍ത്താന്‍ ഉദാരമായി സാമ്പത്തിക സഹായം ചെയ്തു.

ജീവിതത്തിന്റെ അവസാനത്തെ 15 വര്‍ഷം വിനീതയായ ഒരു കന്യാസ്ത്രീയെപ്പോലെ, സാധുക്കളെ സേവിച്ചു കഴിഞ്ഞുകൂടി. 680 ജനുവരി 30-ന് മരിക്കുമ്പോള്‍ അവര്‍ വളരെ വേദനാജനകമായ ഒരു രോഗത്തിന് അടിമയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org