വചനമനസ്‌കാരം: No.204

വചനമനസ്‌കാരം: No.204
Published on

അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?

മത്തായി 16:15

യേശു ഒരു കറുത്ത വര്‍ഗക്കാരനാണ് എന്നതിന് മൂന്നു നല്ല വാദങ്ങളുണ്ട്.

ഒന്ന്: അവന്‍ എല്ലാവരേയും സഹോദരാ എന്നു വിളിച്ചു.

രണ്ട്: അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു.

മൂന്ന്: അവന് നല്ല ഒരു വിചാരണ ലഭിച്ചില്ല.

പക്ഷേ, യേശു ഒരു ജൂതനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന്: അവന്‍ അപ്പന്റെ തൊഴിലില്‍ ഏര്‍പ്പെട്ടു.

രണ്ട്: അവന്‍ 33 വയസ്സുവരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.

മൂന്ന്: അമ്മ കന്യകയാണെന്ന് അവനും അവന്‍ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു.

പക്ഷേ, യേശു ഒരു ഇറ്റലിക്കാരനാണ് എന്നതിന് മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന്: അവന്‍ ആംഗ്യങ്ങള്‍ കൊണ്ട് സംസാരിച്ചു.

രണ്ട്: ഓരോ ഭക്ഷണത്തോടൊപ്പവും അവന്‍ വീഞ്ഞു കുടിച്ചു.

മൂന്ന്: അവന്‍ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു.

പക്ഷേ, യേശു കലിഫോര്‍ണിയക്കാരനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന്: അവന്‍ ഒരിക്കലും മുടി മുറിച്ചില്ല.

രണ്ട്: എല്ലാ സമയവും അവന്‍ നഗ്നപാദനായി ചുറ്റി നടന്നു.

മൂന്ന്: അവന്‍ ഒരു പുതിയ മതം തുടങ്ങി വച്ചു.

പക്ഷേ, യേശു അയര്‍ലണ്ടുകാരനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന്: അവന്‍ വിവാഹമേ കഴിച്ചില്ല,

രണ്ട്: അവന്‍ എപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.

മൂന്ന്: അവന്‍ പുല്‍മൈതാനങ്ങളെ സ്‌നേഹിച്ചു.

എന്നാല്‍, യേശു ഒരു സ്ത്രീ ആയിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്.

ഒന്ന്: തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത് ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന് ഊട്ടേണ്ടി വന്നു.

രണ്ട്: ഒരിക്കലും ഒന്നും മനസ്സിലാവാത്ത പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

മൂന്ന്: പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ട് മരിച്ചിടത്തു നിന്നുപോലും അവന് എണീറ്റുവരേണ്ടി വന്നു.

അടുത്തയിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഈ ആംഗലേയ കവിത 'യേശു എന്നാല്‍' എന്ന പേരിലാണ് മലയാളത്തില്‍ പ്രചരിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയയിലും കാലങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന modern anonymous folk humor എന്നാണ് ചാറ്റ് ജിപിടി ഈ കവിതയെ വിശേഷിപ്പിക്കുന്നത്. എഴുതിയത് ആരായാലും, ഈ കവിതയ്ക്ക് ആംഗലേയത്തില്‍ വന്ന കമന്റുകള്‍ രസകരമാണ്. യേശു നോര്‍വേജിയന്‍ ആകാത്തതിനും മെക്‌സിക്കന്‍ ആയതിനുമെല്ലാം ആളുകള്‍ കാരണങ്ങള്‍ കുറിച്ചിട്ടുണ്ട്. അതേ മാതൃകയില്‍ യേശു ഇന്ത്യാക്കാരന്‍ ആകാനും ആകാതിരിക്കാനും കാരണങ്ങള്‍ കണ്ടെത്താനാകും.

കവിത ഉള്ളിലുണര്‍ത്തുന്ന ചില ചിന്തകളുണ്ട്. കരുണ, സ്‌നേഹം, സത്യം, നീതി എന്നിവയാല്‍ എല്ലാ അതിരുകളും മായ്ച്ചവനെ ഭൂമിയിലെ അതിരുകള്‍ക്കുള്ളില്‍ അടയാളപ്പെടുത്തുന്നത് മൗഢ്യമാണ്. എന്നിട്ടും മനുഷ്യര്‍ അവന്റെ നിറം, ഗോത്രം, ദേശം, ഭാഷ, വസ്ത്രം, പാരമ്പര്യം എന്നിവ ചര്‍ച്ച ചെയ്യുന്നു. ജാതിയോ മതമോ വംശമോ ദേശമോ ഗോത്രമോ ഇല്ലാത്ത നിത്യനായ ദൈവവും നിത്യനായ മനുഷ്യനുമാണ് യേശു. ആല്‍ഫയും ഒമേഗയുമായ പരംപൊരുള്‍! ആദിയും അന്തവുമില്ലാത്ത പ്രകാശം! സര്‍വമനുഷ്യരിലും തുടിക്കുന്ന ജീവചൈതന്യം! സകലതിനെയും പവിത്രീകരിക്കുന്ന ആത്മപ്രവാഹം! ചോദ്യം അന്നുമിന്നും ഒന്നുതന്നെ: 'ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?' പത്രോസിന് അവന്‍ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. തോമസിന് കര്‍ത്താവും ദൈവവുമാണ്. കാല്‍വരിയിലെ ശതാധിപന് സത്യമായും ദൈവപുത്രനാണ്. യേശു നമുക്ക് ആരാണ്? അതിനുള്ള ഉത്തരമാകട്ടെ ജീവിതം. 'ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്' എന്ന അപ്പസ്‌തോലന്റെ വാക്കുകള്‍ (കൊളോസോസ് 3:11) എപ്പോഴും ഓര്‍മ്മയിലുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org