Kerala

മലബാറിന്റെ മഹാ മിഷണറി സുക്കോളച്ചന്‍ ഇനി ദൈവദാസന്‍

Sathyadeepam

ഇറ്റലിയില്‍ നിന്നെത്തി ഇന്ത്യക്കു വേണ്ടി ജീവിച്ചു മരിച്ച ഫാ. എല്‍ എം സുക്കോള്‍ എസ് ജെ യുടെ വിശുദ്ധ പദ പ്രഖ്യാപനത്തിനുള്ള പ്രാരംഭ ഘട്ടം ആരംഭിച്ചു. ഇതോടെ മലബാറിന്റെ ഈ മഹാ മിഷണറി ഇനി ദൈവദാസന്‍ എന്നറിയപ്പെടും. 1948 ലാണ് ഫാ. സുക്കോള്‍ കേരളത്തിലെത്തിയത്. 1980 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. 2014 ല്‍ നിര്യാതനായി. ഇത്രയും പതിറ്റാണ്ടുകള്‍ക്കിടയില്‍ അത്യപൂര്‍വമായി മാത്രമാണ് ജന്മനാട് സന്ദര്‍ശിച്ചിട്ടുളളത്. കണ്ണൂര്‍, പരിയാരം മരിയാപുരത്തെ നിത്യസഹായ മാതാ ദേവാലയത്തിലാണ് സുക്കോളച്ചന്റെ കബറിടം. ധാരാളം തീര്‍ത്ഥാടകര്‍ ഇന്ന് ഈ കബറിടത്തിലെത്തുന്നു.

മലബാറിലെ പാവപ്പെട്ട മനുഷ്യര്‍ക്കായി മാറ്റിവച്ചതായിരുന്നു ദൈവദാസന്‍ സുക്കോളച്ചന്റെ ജീവിതം. പതിനായിരത്തോളം പേര്‍ക്കാണ് അച്ചന്‍ പാര്‍പ്പിടങ്ങള്‍ നല്‍കിയത്. 2500 കിണറുകള്‍ നിര്‍മ്മിച്ചു. 5000 ലേറെ തയ്യല്‍ മെഷീനുകള്‍ നല്‍കി. ആയിര കണക്കിനാളുകള്‍ക്ക് ഉപജീവനത്തിനായി ആടുമാടുകള്‍ മുതല്‍ ഓട്ടോറിക്ഷകള്‍ വരെ ലഭ്യമാക്കി. മുപ്പതോളം ഇടവകകള്‍ സ്ഥാപിക്കുകയും പള്ളികള്‍ പണിയുകയും ചെയ്തു. കണ്ണൂര്‍ പട്ടുവം കേന്ദ്രമാക്കി ദീനസേവനസഭ ആരംഭിക്കാന്‍ മദര്‍ പേത്രക്കു പിന്‍ബലമേകിയതും സുക്കോളച്ചനാണ്.

വടക്കന്‍ ഇറ്റലിയില്‍ 1916 ല്‍ ജനിച്ച്, 12 വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്ന ലീനസ് മരിയ സുക്കോള്‍ 1943 ല്‍ വൈദികനായി. ഈശോസഭയുടെ നേതൃത്വത്തിലുണ്ടായിരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1948 ല്‍ കേരളത്തിലെത്തിയ അദ്ദേഹം അതിനു മുമ്പ് ജപ്പാനിലും ആഫ്രിക്കയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട്ടിലും മാടായി, പട്ടുവം, പഴയങ്ങാടി എന്നിവിടങ്ങളില്‍ സേവനം ചെയ്ത ശേഷം 1972 മുതല്‍ പരിയാരം, മരിയാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളോളം ഇവിടെ ഇടവക വികാരിയായി. 98 വയസ്സിലും ഇടവകയുടെ ചുമതലകള്‍ നിറവേറ്റിയിരുന്നു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി