വിശുദ്ധ ഹെരിബര്‍ട്ട് (970-1021) : മാര്‍ച്ച് 16

വിശുദ്ധ ഹെരിബര്‍ട്ട് (970-1021) : മാര്‍ച്ച് 16
ഒരിക്കല്‍ കഠിനമായ വരള്‍ച്ചയുണ്ടായി. അന്ന് ആര്‍ച്ചുബിഷപ്പ് ഹെരിബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരു പ്രദക്ഷിണം നടത്തപ്പെട്ടു. അതിനുശേഷം വി. സെവെരിനസിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രവേശിച്ച ഹെരിബര്‍ട്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. പ്രാര്‍ത്ഥന കഴിഞ്ഞ് മുട്ടിന്മേല്‍ നിന്ന് എഴുന്നേറ്റപ്പോഴേ ശക്തമായ മഴ പെയ്യുകയും അങ്ങനെ ആ വര്‍ഷത്തെ കൃഷി മുഴുവന്‍ രക്ഷപെടുകയും ചെയ്തു.

ജര്‍മ്മനിയിലെ കൊളോണ്‍ രൂപത ഭരിച്ചവരില്‍ അദ്വിതീയനായിരുന്നു വി. ഹെരിബര്‍ട്ട്. വേംസിലെ ഹ്യൂഗോ പ്രഭുവിന്റെ മകനായി ജനിച്ച ഹെരിബര്‍ട്ട് അതിസമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. വേംസിലെ കത്ത്രീഡ്രല്‍ സ്‌കൂളിലും ലൊറൈനിലെ ആശ്രമത്തിലുമായിരുന്നു വിദ്യാഭ്യാസം. ബനഡിക്‌ടൈന്‍ സന്ന്യാസിമാരുടെ ജീവിതത്തോട് ആകര്‍ഷണം തോന്നിയ ഹെരിബര്‍ട്ട് അവരുടെ കൂടെ ചേര്‍ന്നേനെ. പക്ഷേ, അദ്ദേഹത്തിന്റെ പിതാവ് വേംസിലേക്ക് ഹെരിബര്‍ട്ടിനെ തിരിച്ചു വിളിച്ച് വൈദികനായി അഭിഷേകം ചെയ്തു.
ഓട്ടോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ വിശ്വാസം നേടിയെടുത്ത ഹെരിബര്‍ട്ട് അദ്ദേഹത്തിന്റെ ചാന്‍സലര്‍ മാത്രമല്ല; സുഹൃത്തും ഉപദേശകനും സഹപ്രവര്‍ത്തകനും എല്ലാമായിത്തീര്‍ന്നു. 998 ല്‍ ക്രിസ്മസ്സിന്റെ തലേന്ന് കൊളോണിന്റെ ആര്‍ച്ചു ബിഷപ്പായി സെന്റ് പീറ്റേഴ്‌സ് കത്ത്രീഡ്രലില്‍ വച്ച് അഭിഷിക്തനായി. അന്നു മുതല്‍ തന്റെ ആദ്ധ്യാത്മികമായ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം കൃത്യമായി നിറവേറ്റി. രാജ്യകാര്യങ്ങള്‍ തന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ അദേഹം ഒരിക്കലും അനുവദിച്ചില്ല.
റൈന്‍നദിയുടെ മറുകരയില്‍, ഡെയ്റ്റ്‌സില്‍ ചക്രവര്‍ത്തി ഓട്ടോയുടെ സഹകരണത്താല്‍ ഹെരിബര്‍ട്ട് ഒരു മൊണാസ്റ്ററിയും ദൈവാലയവും പണികഴിപ്പിച്ചു. തന്റെ കൈയില്‍ ശേഷിച്ച പണമെല്ലാം ഹെരിബര്‍ട്ട് പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി വിതരണം ചെയ്തു. കൂടാതെ അവരെ നിത്യവും സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഒരിക്കല്‍ കഠിനമായ വരള്‍ച്ചയുണ്ടായി. അന്ന് ആര്‍ച്ചുബിഷപ്പ് ഹെരിബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരു പ്രദക്ഷിണം നടത്തപ്പെട്ടു. അതിനുശേഷം വി. സെവെരിനസിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രവേശിച്ച ഹെരിബര്‍ട്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. പ്രാര്‍ത്ഥന കഴിഞ്ഞ് മുട്ടിന്മേല്‍ നിന്ന് എഴുന്നേറ്റപ്പോഴേ ശക്തമായ മഴ പെയ്യുകയും അങ്ങനെ ആ വര്‍ഷത്തെ കൃഷി മുഴുവന്‍ രക്ഷപെടുകയും ചെയ്തു.
ഒരിക്കല്‍ ഇറ്റലിയില്‍ സന്ദര്‍ശനത്തിന് പോയ ചക്രവര്‍ത്തിയെ ഹെരിബര്‍ട്ടും അനുഗമിച്ചു. അവിടെ വച്ച് ഓട്ടോ അവിചാരിതമായി മരണമടഞ്ഞു. അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നപ്രകാരം ആച്ചെനില്‍തന്നെ അദ്ദേഹത്തെ കബറടക്കി.
ഓട്ടോ രണ്ടാമനു പകരം ഭരണഭാരം ഏറ്റെടുത്ത ഹെന്‍ട്രി, ഹെരിബര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു. പക്ഷേ ക്ഷമാപൂര്‍വ്വം എല്ലാം സഹിച്ച ഹെരിബര്‍ട്ട് തന്റെ ധാര്‍മ്മികശക്തി കൊണ്ടു തന്നെ അദ്ദേഹത്തെ കീഴടക്കി സുഹൃത്തുകളായി തുടര്‍ന്നു.
നെവുസ്സിലേക്കുള്ള യാത്രയില്‍ പനി ബാധിച്ച ഹെരിബര്‍ട്ട് 1021 മാര്‍ച്ച് 16 ന് ചരമമടഞ്ഞു. മഴയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനാണ് അദ്ദേഹം. പോപ്പ് വി. ഗ്രിഗരി ഏഴാമന്‍ ഹെരിബര്‍ട്ടിനെ 1074 ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org