വൈപ്പിൻ: കെ. സി. ബി. സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെയും വൈപ്പിൻ ഫെറോനയുടെയും ആഭിമുഖ്യത്തിൽ 44-ാമത് വൈപ്പിൻ വിഷമദ്യ ദുരന്ത അനുസ്മരണം പെരുമാൾപടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ അങ്കണത്തിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് റാഫേൽ മുക്കത്ത് സ്വാഗതം ആശംസിച്ചു. അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. സെന്റ് സെബാസ്റ്റ്യൻ ദേവാലയം പെരുമാൾപടി വികാരി റവ. ഫാ. സ്മിജോ ജോർജ് കളത്തിപറമ്പിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ. സി. ബി. സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് മുഖ്യപ്രഭാഷണം നടത്തി. ജെസ്സി ഷാജി (സമിതി വൈസ് പ്രസിഡന്റ്), സിസ്റ്റർ ഒസ്ബർഗ സി.ടി.സി., ജോസഫ് ചുള്ളിക്കൽ, റസൽ കളത്തിപറമ്പിൽ, നിക്സൺ പെരേടത്ത് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ നന്ദി പറഞ്ഞു.
വർഷങ്ങൾ പിന്നിട്ടിട്ടും വൈപ്പിൻ വിഷമദ്യ ദുരന്തത്തിന്റെ ഓർമ്മകൾ സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ അമിത ഉപയോഗം കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും തുടർന്നും ശക്തിപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ കഴിഞ്ഞ ഓണ സീസണിൽ വെറും എട്ട് ദിവസം കൊണ്ട് 771.3 കോടി രൂപയുടെ മദ്യവിൽപ്പന നടന്നുവെന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാട്ടി, മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യമാക്കുന്ന സമീപനം സർക്കാർ പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്രയും വലിയ തോതിലുള്ള മദ്യവിൽപ്പന സമൂഹത്തിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കൂടി സർക്കാർ ഗൗരവമായി വിലയിരുത്തണം. ജനങ്ങളുടെ ആരോഗ്യത്തിനും കുടുംബങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകുന്ന മദ്യനയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനും കുടുംബങ്ങളുടെ സുരക്ഷയ്ക്കും സമൂഹത്തിന്റെ ക്ഷേമത്തിനും മുൻഗണന നൽകുന്ന മദ്യനയം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.