കോട്ടയം അതിരൂപത സഹായമെത്രാനായി ബിഷപ് തോമസ് ആനിമൂട്ടില്‍ അഭിഷിക്തനാകും

Bishop Thomas Animoottil to be consecrated as Auxiliary Bishop of Kottayam Archdiocese
Published on

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. 2026 ഓഗസ്റ്റ് 17 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച മെത്രാന്‍സിനഡാണ് പരിശുദ്ധ പിതാവ് ലൈയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

കോട്ടയം അതിരൂപതയിലെ പയ്യാവൂര്‍ സെന്റ് ആന്‍സ് ക്‌നാനായ ഇടവകയില്‍ പരേതരായ ജോസഫ് ഏലി ദമ്പതികളുടെ മകനായി 1962 ജനുവരി 13 നു ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. മംഗലാപുരം സെന്റ് ജോസഫ് സെമി നാരിയില്‍ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1989 ഏപ്രില്‍ 13-ാം തീയതി ആര്‍ച്ചുബിഷപ് കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ഹോളി ക്രോസ്സ് സര്‍വകലാശാലയില്‍നിന്നു കാനന്‍നിയമത്തില്‍ ബിരുദവും അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍നിന്നു ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷനില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഉഴവൂര്‍, കടുത്തുരുത്തി എന്നീ ഇടവകകളില്‍ വികാരിയായി. മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറി, കോട്ടയം രൂപത പ്രൊക്യുറേറ്റര്‍, രൂപതാ ചാന്‍സലര്‍, കണ്ണൂര്‍ ബാര്‍മറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, രൂപതാ ട്രിബ്യൂണല്‍ നോട്ടറി, കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര്‍, രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അതിരൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസായി ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് പുതിയ നിയോഗം അദ്ദേഹത്തിനു ലഭിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. നിയുക്ത മെത്രാന്റെ സ്ഥാനാരോഹണ തീയതി പിന്നീട് അറിയിക്കുന്നതാണ്.

logo
Sathyadeepam Online
www.sathyadeepam.org