വിശുദ്ധ ഗ്രിഗറി (540-604) : സെപ്തംബര്‍ 3

വിശുദ്ധ ഗ്രിഗറി (540-604) : സെപ്തംബര്‍ 3
Published on
മഹാനായ വിശുദ്ധ ഗ്രിഗറി റോമിലെ ഒരു സമ്പന്ന കുടുംബത്തിലാണു ജനിച്ചത്. അച്ഛന്‍ റോമന്‍ സെനറ്ററായിരുന്ന ഗോര്‍ഡിയാനസും, അമ്മ വി. സില്‍വിയായും. ബുദ്ധിശാലിയും ഊര്‍ജ്ജസ്വലനുമായിരുന്ന ഗ്രിഗറി മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ റോമിന്റെ മേയറായി. പക്ഷേ, അധികം വൈകാതെ, തന്റെ വസ്തുവകകളെല്ലാം വിറ്റ് ആശ്രമങ്ങള്‍ക്കു ദാനം ചെയ്തു. സ്വന്തം വീട് ആശ്രമമാക്കി മാറ്റിയതാണ് റോമില്‍ വി. ആന്‍ഡ്രുവിന്റെ പേരിലുള്ള ആശ്രമം.

ഏതായാലും 575-ല്‍ ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്ന് ഗ്രിഗറി സന്ന്യാസവസ്ത്രം സ്വീകരിച്ചു. 579 മുതല്‍ 586 വരെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി കഴിഞ്ഞു.

റോമില്‍ തിരിച്ചെത്തിയ ഗ്രിഗറി ആശ്രമത്തിന്റെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ റോമില്‍ പകര്‍ച്ചവ്യാധി സംഹാരതാണ്ഡവമാടി. മാര്‍പാപ്പ പോലും മരണമടഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ മാര്‍പാപ്പയുടെ ഉപദേശകനായിരുന്ന ഗ്രിഗറി പുതിയ മാര്‍പാപ്പ യായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് 590-ലാണ്. മാര്‍പാപ്പയായി തെരഞ്ഞെടു ക്കപ്പെട്ട ആദ്യത്തെ സന്ന്യാസിയാണ് അദ്ദേഹം. താന്‍ പാപ്പാ സ്ഥാനത്തിനു യോഗ്യനല്ലെന്നു തോന്നിയ അദ്ദേഹം വനവാസത്തിനു പോയി. പക്ഷേ, ജനങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് ഔദ്യോഗികസ്ഥാനത്ത് പ്രതിഷ്ഠിച്ചു.

ആത്മാവിന്റെ സംരക്ഷണം ഒരു വലിയ കലയാണ്, ആത്മാക്കളെ രക്ഷിക്കാനുള്ള തീവ്രമായ പരിശ്രമത്തെക്കാള്‍ ദൈവത്തിനു പ്രിയങ്കരമായി മറ്റൊരു ബലിയുമില്ല.
വിശുദ്ധ ഗ്രിഗറി

പാപ്പാ ആയതിനുശേഷവും സന്ന്യാസോചിതമായ വിനീത ജീവിത മാണ് അദ്ദേഹം നയിച്ചത്. പ്ലേഗ് നശിപ്പിച്ച റോമിനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടങ്ങി. പ്രാര്‍ത്ഥനാസമ്മേളനങ്ങളും പ്രദക്ഷിണങ്ങളും സംഘടിപ്പിച്ച് ദൈവത്തോട് പാപമോചനവും പ്ലേഗില്‍നിന്നുള്ള മോചനവും യാചിച്ചു.

പതിന്നാലുവര്‍ഷം ഗ്രിഗറി സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലമാണ് സഭയുടെ ആയിരം വര്‍ഷത്തെ ഏറ്റവും നല്ല കാലഘട്ടമായി കണക്കാക്കുന്നത്. നിര്‍ണ്ണായകമായ പല കാര്യങ്ങളും ഗ്രിഗറി സഭയില്‍ നടപ്പാക്കി. രൂപതയുടെ ഭരണകര്‍ത്താവായ മെത്രാന്റെ കടമകള്‍ വ്യക്തമാക്കുന്ന ഒരു ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു-Liber Pastoralis Curae. നൂറ്റാണ്ടുകളോളം അതിന്റെ സ്വാധീനം നിലനിന്നു.

ഔദ്യോഗിക സന്ദര്‍ഭങ്ങളിലൊഴികെ എല്ലായ്‌പ്പോഴും സന്ന്യാസവേഷംതന്നെ ധരിച്ച മാര്‍പ്പാപ്പ എളിമയുടെയും അനാര്‍ഭാടതയുടെയും പര്യായമായി മാറി. തെറ്റായ ചിന്താധാരകളെ പാണ്ഡിത്യംകൊണ്ട് ഒരു പരിധിവരെ അദ്ദേഹം പ്രതിരോധിച്ചു. അനീതിക്കും അനാചാരങ്ങള്‍ക്കുമെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ കുരിശുയുദ്ധം. ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യം തന്നെയായിരുന്നു. ആരാധന ക്രമ ങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കി. "ഗ്രിഗോറിയന്‍ ഗാനങ്ങ"ളും മറ്റും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ആഘോഷമായ ദിവ്യബലി, ബലിമദ്ധ്യേ ആകര്‍ഷകമായ ബൈബിള്‍ പ്രഭാഷണം, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം-എല്ലാം ഗ്രിഗറിയുടെ ബുദ്ധിയില്‍ ഉദിച്ച കാര്യങ്ങളായിരുന്നു.

വിവിധ രാജ്യങ്ങളില്‍ അന്നു സഭയ്ക്കുണ്ടായിരുന്ന വന്‍ സമ്പത്തിനെപ്പറ്റിയും അദ്ദേഹത്തിനു സ്വന്തം കാഴ്ചപ്പാടുണ്ടായിരുന്നു. മാര്‍പാപ്പായും പ്രതിനിധികളും ഈ സ്വത്തിന്റെ ട്രസ്റ്റികള്‍ മാത്രമാണ്, ക്രിസ്തുവിന്റെ നാമത്തില്‍ പാവങ്ങളുടെ സംരക്ഷണത്തിനായി അവ കാത്തുസൂക്ഷിക്കുന്ന ട്രസ്റ്റികള്‍. ദരിദ്രരോടുള്ള അതിരുകവിഞ്ഞ അനുകമ്പ നിമിത്തമാണ് പ്ലേഗിന്റെ ആക്രമണത്താല്‍ തകര്‍ന്നടിഞ്ഞ റോമിലേക്ക് അനിയന്ത്രിതമായ അഭയാര്‍ത്ഥിപ്രവാഹമുണ്ടായത്.

ജോലിത്തിരക്കിനിടയിലും അദ്ദേഹം ഈടുറ്റ അനേകം കൃതികള്‍ രചിച്ചു. വികലമായ ദര്‍ശനങ്ങളില്‍നിന്നു ജനങ്ങളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെല്ലാം പ്രചരിച്ചുകൊണ്ടിരുന്ന പാഷണ്ഡതകളെ ചെറുക്കാന്‍ അദ്ദേഹം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

വി. അഗസ്റ്റിനെ ഉള്‍പ്പെടെ 40 സന്ന്യാസിമാരെയാണ് 596-ല്‍ ഇംഗ്ലണ്ടിലേക്കു പറഞ്ഞുവിട്ടത്. അടിമകളാക്കപ്പെട്ടിരുന്ന ഇംഗ്ലീഷ് ബാലന്മാരെ സ്വതന്ത്രരാക്കാനും വിദ്യാഭ്യാസം നല്‍കി നാട്ടിലേക്കു മിഷണറിമാരായി തിരിച്ചു വിടാനും അദ്ദേഹം പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പതിന്നാലുവര്‍ഷത്തിനിടയില്‍ എണ്ണൂറോളം ഔദ്യോഗിക ലേഖനങ്ങളാണ് അദ്ദേഹം രചിച്ചത്.

കഠിനാദ്ധ്വാനവും തപസ്സും കൊണ്ട് ഗ്രിഗറിയുടെ ആരോഗ്യം ക്ഷയിച്ചു. 604 മാര്‍ച്ച് 12 ന് 64-ാമത്തെ വയസ്സില്‍ അദ്ദേഹം ഇഹലോകജീവിതം വെടിഞ്ഞു. ഗായകരുടെയും പണ്ഡിതരുടെയും അദ്ധ്യാപകരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ ഗ്രിഗറി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org