കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജോയി പൂവപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിനും വയോജന സംവാദ പരിപാടിയ്ക്കും കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നേതൃത്വം നല്‍കി.
സംഗമത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകയിലെ പൂവപ്പള്ളില്‍ കുടുംബവുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പാലാക്കി വരുന്ന തബീത്താ മെമ്മോറിയല്‍ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് സ്‌നേഹ സമ്മാനങ്ങളും നല്‍കി. കൂടാതെ വയോജനങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് വയോജന സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.