
ചെറിയ യാക്കോബിന്റെ സഹോദരനാണ് യൂദാ തദേവൂസ്. അതുകൊണ്ട് ഈശോയുടെ കസിനുമാണ്. ബൈബിളിലെ അവസാനത്തെ ലേഖനത്തിന്റെ കര്‍ത്താവും യൂദാസാണ്. ഈ കൃതിയെപ്പറ്റി ഒറിജന്‍ രേഖപ്പെടുത്തിയത്, "ഏറ്റവും കുറച്ചു വാചകങ്ങളില്‍ വളരെ പ്രധാനപ്പെട്ട തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു" എന്നാണ്.
ഒടുവിലത്തെ അത്താഴത്തില്‍ വച്ച് യൂദാ ഈശോയോടു ചോദിച്ചു:
"കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു; എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?"
യേശു പ്രതിവചിച്ചു:
"എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ, എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല, എന്നെ അയച്ച പിതാവിന്റേതാണ്" (യോഹ. 14:23-24).
യൂദാ മുഖ്യമായും പലസ്തീനായിലാണ് വചനം പ്രസംഗിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പേര്‍ഷ്യയിലേക്കും അര്‍മേനിയായിലേക്കും പോയി. അര്‍മേനിയായില്‍ വച്ച് രക്തസാക്ഷിയായി. ഡൊമീഷ്യന്‍ ചക്രവര്‍ത്തി ഒരിക്കല്‍ യൂദായുടെ കൊച്ചുമക്കളെ ഗലീലിയില്‍ നിന്ന് റോമിലെത്തിച്ചു. പക്ഷേ, അവര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ അല്ലെന്നു മനസ്സിലായപ്പോള്‍ തിരിച്ചയച്ചു.
യൂദാസ്‌കറിയോത്തായുടെ പേരിനോടുള്ള സാദൃശ്യംകൊണ്ട് പ്രാര്‍ത്ഥനകളിലെങ്ങും യൂദായുടെ നാമം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എല്ലാ ശ്ലീഹന്മാരുടെ പേരിലും പ്രാര്‍ത്ഥിച്ച് ഫലം കിട്ടാതെ വരുമ്പോള്‍ മാത്രമാണ്, അവസാനത്തെ ആശ്രയം എന്ന നിലയില്‍ യൂദാ തദേവൂസിനെ വിശ്വാസികള്‍ സമീപിച്ചിരുന്നത്. അങ്ങനെയാണ് "അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്.
ശ്ലീഹന്മാരുടെ ജീവചരിത്രത്തില്‍ ശെമയോന്റെയും യൂദായുടെയും ചരിത്രം അവ്യക്തമാണ്. എന്നാല്‍, രക്ഷാകരചരിത്രത്തില്‍ ഈശോയോട് ഏറ്റവും അടുത്തു നിന്നു സഹകരിച്ചവര്‍ അവരാണെന്ന കാര്യം നമുക്ക് സ്മരിക്കാം. വിശുദ്ധിയും സന്തോഷവും ഈശോയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കാണു ലഭിക്കുക എന്ന കാര്യം മറക്കാതിരിക്കാം.