Kerala

ചെല്ലാനം തീരപ്രദേശത്തേക്ക് പാലാ രൂപത സഹായം അയച്ചു

Sathyadeepam
ഫോട്ടോ ക്യാപ്ഷന്‍: കടല്‍ കയറി ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുള്ള, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പാലാ രൂപതയുടെ സഹായവുമായി പുറപ്പെടുന്ന വാഹനങ്ങള്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, പ്രസിഡന്റ് ശ്രീ ബിബിന്‍ ചാമക്കാലയില്‍, ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ് എം എസ്, ശ്രീ ബാബു അലങ്കാര്‍, ശ്രീ മാത്യു ചെറുവള്ളില്‍, യുവജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമീപം.

പാലാ : പാലാ രൂപതയുടെ യുവജന പ്രസ്ഥാനമായ എസ് എം വൈ എം – കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ആഴ്ചകളോളം കടല്‍ കയറിക്കിടക്കുന്ന ചെല്ലാനം പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള സഹായം കൊണ്ടുപോകുന്ന സംഘത്തിന്റെ യാത്ര പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും സന്യാസ ഭവനങ്ങളില്‍ നിന്നും സമാഹരിച്ചതും സംഭാവനകള്‍ കൊണ്ടു വാങ്ങിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും സാനിറ്ററി ഐറ്റംസും കടലാക്രമണം തടയാന്‍ ഉള്ള മണ്ണ് നിറയ്ക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകളും ആണ് സഹായ സംഘം കൊണ്ടുചെന്നെത്തിച്ചത്. സഹായം അര്‍ഹിക്കുന്ന വരെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ മനസ്സ് കാണിച്ച യുവാക്കളെ അഭിനന്ദിച്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുവാക്കളുടെ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും ഉള്ള ഇടപെടലുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. തിന്മ നിറഞ്ഞ ലോകത്തില്‍ തിന്മയുടെ ഭാഗമാകാതെ നന്മയുടെ തിരി വെളിച്ചമാകുവാന്‍ ഇതുപോലുള്ള നന്മ പ്രവര്‍ത്തികളിലൂടെ യുവാക്കള്‍ക്ക് സാധിക്കട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു. തീരപ്രദേശങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ താന്‍ താമസിക്കുന്ന ബിഷപ്പ്‌സ് ഹൗസ് ഉള്‍പ്പെടെ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടു നല്‍കുമെന്ന് ബിഷപ്പ് അറിയിച്ചു. വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, എസ് എം വൈ എം ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത, രൂപത പ്രസിഡന്റ് ശ്രീ ബിബിന്‍ ചാമക്കാലയില്‍, മുന്‍ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ തോട്ടത്തില്‍, എക്‌സിക്യൂട്ടീവ് അംഗം ശ്രീ കെവിന്‍ മുങ്ങാമാക്കല്‍, റീജന്റ് ബ്രദര്‍ അലോഷി ഞാറ്റുതൊട്ടിയില്‍, കൗണ്‍സിലര്‍ ശ്രീ ഡയസ്, മുട്ടുചിറ പ്രസിഡന്റ് ശ്രീ സിജോ എന്നിവര്‍ സഹായ ശേഖരണത്തിന് നേതൃത്വം നല്‍കി.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു