കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ യുഡിഎഫ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ അവരുടെ പ്രകടനപത്രികയിൽ മദ്യനയം വ്യക്തമാക്കണമെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ കടുത്ത ജനവഞ്ചനയാണ് മദ്യനയത്തിൽ നടത്തിയത്.
പുതുതായി ബാറുകൾ അനുവദിച്ചും മദ്യം വ്യാപകമാക്കിയും എൽഡിഎഫ് കേരളത്തെ മദ്യാലയമാക്കി.
ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുന്ന മുന്നണിക്കാണ് ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്യേണ്ടതെന്ന് കെ.സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി.
വ്യക്തികളെയും കുടുംബങ്ങളേയും തകർക്കുന്ന സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന മദ്യ വ്യാപന നയം സ്വീകരിക്കുന്നവരെ ജനനന്മ ആഗ്രഹിക്കുന്നവർ പരാജയപ്പെടുത്തും. മദ്യനയത്തിൽ വെള്ളം ചേർക്കുന്ന വരെ ഒരുമിച്ച് എതിർക്കാനുള്ള ആർജ്ജവം ജനങ്ങൾ കാണിക്കണം.
ബാറുകളല്ല സ്കൂളുകളാണ് തുറക്കാൻ പോകുന്നതെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ എൽ ഡി എഫ് ഭരണം ലഭിച്ചപ്പോൾ നാടെങ്ങും ബാറുകൾ അനുവദിച്ച് സമൂഹത്തെ തകർക്കുകയാണ് ചെയ്തത് .
കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക തിന്മയായ മദ്യവും മയക്ക്മരുന്നുകളും പൂർണ്ണമായി നിരോധിക്കാൻ സമൂഹത്തിലെ നാന തുറകളിൽപെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഒപ്പ് ശേഖരണം നടത്തി മുന്നണി നേതൃത്വങ്ങൾക്ക് അയ്ക്കുമെന്ന് സമിതി നേതൃയോഗം വ്യക്തമാക്കി.
സമ്പൂർണ്ണ മദ്യനിരോധനം പ്രകടനപത്രികയിൽ ഉറപ്പാക്കുന്ന മുന്നണികളെ പിന്തുണയ്ക്കാൻ യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. കലൂർ റിന്യൂവൽ സെൻ്ററിൽ ചേർന്ന നേതൃയോഗത്തിൽ സമിതി മേജർ അതിരൂപത പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോസ് പടയാട്ടി, കെ.വി ചാക്കോച്ചൻ, സുഭാഷ് ജോർജ്, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി, ശോശാമ്മ തോമസ്, വർഗീസ് കോളരിക്കൽ, ഗ്രേസി മാമ്പിള്ളി, എം.പി ജോസി, ജോസഫ് തെക്കിനേത്ത് , സിസ്റ്റർ ജോയ്സി, കെ.വി ഷാ , ഇ.പി തോമസ്, ആൻ്റണി മാടശേരി, കെ.യു ജോർജ് എന്നിവർ പ്രസംഗിച്ചു.