
ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്റ് ആണ് വി. ബീഡിന്റെ ജന്മദേശം. വാര്‍മത്ത് ജാരോയില്‍ വിശുദ്ധരായ പീറ്ററിന്റെയും പോളിന്റെയും നാമത്തിലുള്ള ബനഡിക്‌ടൈന്‍ മൊണാസ്റ്ററിയില്‍ അതിന്റെ സ്ഥാപകനായ വി. ബനഡിക്ട് ബിഷപ്പിന്റെ കീഴിലായിരുന്നു ഏഴാമത്തെ വയസ്സുമുതല്‍ ബീഡിന്റെ വിദ്യാഭ്യാസം. പിന്നീട് 55 വര്‍ഷം സദാ എഴുത്തും വായനയും പ്രാര്‍ത്ഥനയും അദ്ധ്യാപനവുമായി അവിടെ കഴിഞ്ഞു. പ്രസിദ്ധമായ "Ecclesiastical History of the English People" എന്ന കൃതിയില്‍ അദ്ദേഹം സ്വന്തം ചരിത്രം മുഴുവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബീഡിന്റെ ഭക്തിയും പാണ്ഡിത്യവും വിനയവും ലോകത്തിലെ അനേകം പണ്ഡിതരെ അദ്ദേഹത്തിലേക്കാകര്‍ഷിച്ചു. നിരന്തരമായ പഠനവും അന്വേഷണവും നടത്തി കണ്ടെത്തിയ വിജ്ഞാനസമ്പത്തു മുഴുവന്‍ അദ്ദേഹം മറ്റുള്ളവരുമായി പങ്കുവച്ചു. ചരിത്രം, ഫിസിക്‌സ്, സംഗീതം, ഫിലോസഫി, പോയട്രി, മെഡിസിന്‍-എന്നിങ്ങനെ എല്ലാ വിജ്ഞാന ശാഖകളിലുമായി അദ്ദേഹം കണ്ടെത്തിയ കാര്യങ്ങള്‍ 40 ബൃഹത്തായ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടു. തന്റെ കാലഘട്ടത്തിലെ ഏറ്റവും പണ്ഡിതനായ വ്യക്തി തീര്‍ച്ചയായും ബീഡ് തന്നെയായിരുന്നു. അദ്ദേഹം രചിച്ച ലോകചരിത്രവും ""Ecclesiastical History of the English People" എന്ന കൃതിയും അദ്ദേഹത്തിന് Father of English History എന്ന സ്ഥാനം നേടിക്കൊടുത്തു.
ഭക്തിസാന്ദ്രമായ നിമിഷങ്ങളില്‍ ബീഡ് ഭക്തിയില്‍ ലയിച്ച് കണ്ണീര്‍വാര്‍ക്കുന്നതു പതിവായിരുന്നു. പഠനമോ അധ്യാപനമോ നടത്താത്ത അവസരങ്ങളില്‍ അദ്ദേഹം ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ മുഴുകും. അങ്ങനെ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹം വിശുദ്ധനെന്ന ഖ്യാതി നേടിയിരുന്നു.
അവസാനനാളുകളില്‍ നിത്യരോഗിയായി മാറി. എങ്കിലും അവസാന ശ്വാസംവരെ പ്രാര്‍ത്ഥനയും ജോലിയും തുടര്‍ന്നിരുന്നു.
പോപ്പ് ലിയോ XIII 1899-ല്‍ ബീഡിനെ സഭയുടെ വിശുദ്ധനും വേദപാരംഗതനുമായി പ്രഖ്യാപിച്ചു. വി. ബീഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ദുര്‍ഹം കത്തീഡ്രലിലെ ഗലീലി ചാപ്പലില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.