
ആദ്ധ്യാത്മിക സത്യങ്ങള്‍ ഏറ്റവും ഫലപ്രദമായി ജനഹൃദയങ്ങളില്‍ പതിപ്പിക്കുകയെന്നതായിരുന്നു ഫിലിപ്പിന്റെ ലക്ഷ്യം. പള്ളിയോടു ചേര്‍ന്നുണ്ടായിരുന്ന ഒരു കൊച്ചുമുറിയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒത്തു കൂടുകയും ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയുമായിരുന്നു പരിപാടി. ചര്‍ച്ചകളുടെ വിഷയം ആദ്ധ്യാത്മിക ജീവിതമോ ബൈബിളോ സഭാചരിത്രമോ വിശുദ്ധരുടെ ജീവചരിത്രമോ എന്തുമാകാം. ചര്‍ച്ചകള്‍ക്കിടയില്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും കാണും.
ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ അഭിഭാഷകനായ ഫ്രാന്‍സിസ്‌കോയുടെയും ലുക്രേഷിയായുടെയും മകനായി 1515 ജൂലൈ 21-ന് ഫിലിപ്പ് നേരി ജനിച്ചു. ഇരുപത്താറാമത്തെ വയസ്സില്‍ സകല ഭൗതിക ഇടപാടുകളും അവസാനിപ്പിച്ച് തന്റെ തന്നെയും സുഹൃത്തുക്കളുടെയും ആത്മീയ വളര്‍ച്ച ലക്ഷ്യം വച്ച് റോമിലേക്കു പോയി.
അവിടെ അച്ചടക്കമുള്ള ഒരു വിദ്യാര്‍ത്ഥിയായി. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും പുറമെ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാന്‍ തുടങ്ങി. അതിനിടെ ഏഴു പള്ളികളുടെ സന്ദര്‍ശനവും ഉണ്ടായിരുന്നു. പന്ത്രണ്ടുമൈല്‍ കാല്‍നടയായി നടത്തിയിരുന്ന ഒരു തീര്‍ത്ഥാടനമായിരുന്നു അത്. ആ യാത്രയില്‍, രാത്രി മുഴുവന്‍ വി. സെബസ്ത്യാനോസിന്റെ കബറിടത്തിലാണ് ചെലവഴിച്ചത്.
മറ്റുള്ളവരെ സഹായിക്കുന്നതില്‍ തല്പരനായിരുന്ന ഫിലിപ്പ് രോഗികളെ തേടി ആശുപത്രികള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. മാന്യമായ പെരുമാറ്റവും നര്‍മ്മബോധവും ആകര്‍ഷകമായ വ്യക്തിത്വവുംകൊണ്ട് അദ്ദേഹം ഏവരുടെയും സൗഹൃദം നേടിയെടുത്തു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ താത്പര്യമില്ലാത്തവരെപ്പോലും തെരുവീഥികളിലും ജോലിസ്ഥലങ്ങളിലുംവച്ച് കണ്ടുമുട്ടി സൗഹൃദം സ്ഥാപിച്ചു. അവരോടു ഫിലിപ്പ് ചോദിക്കും: "ഇനി എന്നാണു നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്തു തുടങ്ങുക?" 1548-ല്‍ സാധുക്കളായ തീര്‍ത്ഥാടകരെ സഹായിക്കാനായി ഒരു കൂട്ടായ്മക്കു രൂപം കൊടുത്തു. അതോടൊപ്പം മാസത്തിലൊരിക്കല്‍ ദിവ്യകാരുണ്യാരാധനയും ആരംഭിച്ചു.
ഫിലിപ്പിന്റെ ഇത്തരം ശ്രദ്ധേയങ്ങളായ മിഷണറി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ച അദ്ദേഹത്തിന്റെ ആദ്ധ്യാത്മികഗുരു ഫാ. പെര്‍സിയാനോ റോസ പൗരോഹിത്യം സ്വീകരിച്ചു പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഫിലിപ്പിനെ നിര്‍ബന്ധിച്ചു. അങ്ങനെ 1551 മെയ് 23-ന് ഫിലിപ്പ് പൗരോഹിത്യം സ്വീകരിച്ചു.
ഫിലിപ്പ്‌നേരി വൈരുദ്ധ്യങ്ങളുടെ സമാഹാരമായിരുന്നു. പ്രസിദ്ധിയെ അഗാധമായ ഭക്തിയില്‍ ലയിപ്പിച്ച് അഴിമതി നിറഞ്ഞ റോമില്‍ നിസ്സംഗരായ വൈദികരുടെയിടയില്‍ തന്റെ പ്രവര്‍ത്തനമേഖല അദ്ദേഹം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. ഭക്തിയില്‍ ലയിച്ച്, സ്വയം മറന്ന് ദിവ്യബലി അര്‍പ്പിക്കുകയും, വൈകുന്നേരങ്ങളില്‍ യുവാക്കളും കുട്ടികളുമൊത്തു ചെലവഴിക്കുകയോ കളികളില്‍ ഏര്‍പ്പെടുകയോ ചെയ്യും. അല്ലെങ്കില്‍ ഏഴു പള്ളികളുടെ സന്ദര്‍ശനം നടത്തും. സന്തോഷവാന്മാരും ഭക്തരും വിനയ സമ്പന്നരുമായി എല്ലാവരെയും കാണാനായിരുന്നു ഫിലിപ്പിന്റെ മോഹം. ശരീരത്തിന്റെ അച്ചടക്കത്തേക്കാള്‍ ഇച്ഛയുടെ അച്ചടക്കമാണ് അദ്ദേഹം ലക്ഷ്യം വച്ചത്. അതിന് കൂടെക്കൂടെയുള്ള കുമ്പസാരത്തിന് മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്നു. ചാവദോഷം ചെയ്‌തോ ഇല്ലയോ എന്നതായിരുന്നില്ല, ആദ്ധ്യാത്മികമായ പരിശീലനമായിരുന്നു മുഖ്യം.
അതുകൊണ്ട് കര്‍ദ്ദിനാള്‍മാര്‍ മുതല്‍ വൈദികരും ഭിക്ഷക്കാരും വരെയുള്ള എല്ലാത്തരക്കാരും ഫിലിപ്പിന്റെ അടുത്ത് കുമ്പസാരത്തിനായെത്തി. ഇഗ്നേഷ്യസ് ലെയോളയെയും ചാള്‍സ് ബൊറോമിയേയും പോലുള്ള വിശുദ്ധാത്മാക്കളും ഫിലിപ്പിന്റെ ഉപദേശം തേടി എത്തിയിരുന്നു.
ആദ്ധ്യാത്മിക സത്യങ്ങള്‍ ഏറ്റവും ഫലപ്രദമായി ജനഹൃദയങ്ങളില്‍ പതിപ്പിക്കുകയെന്നതായിരുന്നു ഫിലിപ്പിന്റെ ലക്ഷ്യം. 1564-ല്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പലരും പൗരോഹിത്യം സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം സെ. ജിയോവാനി പള്ളിയില്‍ വാസം തുടങ്ങുകയും ചെയ്തു. അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ഭക്ഷിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും സുവിശേഷപ്രസംഗം നടത്തുകയും ചെയ്തു. അതായിരുന്നു പിന്നീട് സ്ഥാപിതമായ "ഓറട്ടറി"യുടെ തുടക്കം. പള്ളിയോടു ചേര്‍ന്നുണ്ടായിരുന്ന ഒരു കൊച്ചുമുറിയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒത്തു കൂടുകയും ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയുമായിരുന്നു പരിപാടി. ചര്‍ച്ചകളുടെ വിഷയം ആദ്ധ്യാത്മിക ജീവിതമോ ബൈബിളോ സഭാചരിത്രമോ വിശുദ്ധരുടെ ജീവചരിത്രമോ എന്തുമാകാം. ചര്‍ച്ചകള്‍ക്കിടയില്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും കാണും. ഈ സൊസൈറ്റിക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് 1575-ല്‍ പോപ്പ് ഗ്രിഗറി XIII ആണ്. ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ യാതൊരു വ്രതവാഗ്ദാനവും നടത്തുന്നില്ല.
"റോമിന്റെ ദ്വിതീയ അപ്പസ്‌തോലന്‍" ആയിത്തീര്‍ന്ന തന്റെ പ്രവര്‍ ത്തനങ്ങളുടെ അസാധാരണമായ വിജയം ഫിലിപ്പ് നേരിയെ കൂടുതല്‍ വിനയാന്വിതനാക്കിയേയുള്ളു. പോപ്പ് പോള്‍ നാലാമന്റെയും പീയൂസ് അഞ്ചാമന്റെയും ഭരണകാലത്തുണ്ടായ പീഡനങ്ങളെല്ലാം ക്ഷമയോടെ സഹിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് തന്റെ അഹങ്കരിക്കാത്ത മനസ്സാണ്. "കര്‍ത്താവേ, ഫിലിപ്പിനെ ഇന്നു സംരക്ഷിച്ചുകൊള്ളണേ. അല്ലെങ്കില്‍ തീര്‍ച്ചയായും ഫിലിപ്പ് ഇന്ന് അങ്ങയെ തള്ളിപ്പറയും" – അതായിരുന്നു ഫിലിപ്പ് നേരിയുടെ നിത്യേനയുള്ള പ്രാര്‍ത്ഥന.
നവോത്ഥാന കാലഘട്ടത്തിലുണ്ടായ മുഖ്യ മിസ്റ്റിക്കുകളില്‍ അഗ്രഗണ്യനായിരുന്ന ഫിലിപ്പ് നേരി 1595 മെയ് 26-ന് വി. കുര്‍ബാനയുടെ തിരുനാള്‍ ദിവസം ഇഹലോകവാസം വെടിഞ്ഞു. 1622 മെയ് 12-ന് പോപ്പ് ഗ്രിഗറി XV അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു.